Wednesday, December 25, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (24) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (24) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ചക്രപാണിയും രഥാംഗപാണിയും സമാനാർത്ഥകമാണൊ?

ഇരു പദങ്ങളും ഒരേ ദേവനെ സൂചിപ്പിക്കുന്നതാണൊ?

ഇങ്ങനെ ഒരു ചോദ്യം.
ഉത്തരം അതേ എന്നു തന്നെ.

കൈയിൽ ചക്രം ഏന്തിയിരിക്കുന്ന ആരെയും ചക്രപാണി എന്നു പറയാം.വിശേഷപ്രശസ്തി കൊണ്ട് മഹാവിഷ്ണു എന്ന അർത്ഥം ലഭിക്കുന്നു.

രഥാംഗപാണിയും വിഷ്ണു തന്നെ.

രഥത്തിൻെറ അംഗം അഥവാ അവയവമാണല്ലൊ ചക്രം.
രഥത്തിൻെറ അംഗമായ ചക്രം പാണിയിലുള്ളവൻ
രഥാംഗപാണി.

‘പാണി’ – കൈ,വിരൽ എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കാറുണ്ട്.

“പല്ലവകോമളപാണിതലംകൊണ്ടെൻ
മേനി തൊട്ടു ചാരത്തുരുമ്മി നിന്നു…”

എന്ന ശൃംഗാരാവിഷ്കാരത്തിൽ മേനി തൊട്ടത് വിരലു കൊണ്ടൊ കൈ കൊണ്ടൊ എന്നൊക്കെ ചിന്തിച്ചു തുടങ്ങിയാൽ ആ പ്രസിദ്ധ ഗാനത്തിന്റെ ആസ്വാദനത്തിനു വിഘ്നം നേരിട്ടേക്കാം…

നമ്മുടെ ദേശീയ പാനീയം ഏത്?

(പാനം ചെയ്യുക = കുടിക്കുക.)

കേരളത്തിന് അത്തരമൊരു പാനീയമുണ്ടോ?

ഇളനീർ ?

സംഭാരം?

ചായ ?

കാപ്പി?

ജാപ്പി ?

കള്ള്?

നീര ?

നാരങ്ങാവെള്ളം ?

I love you rasna ! എന്ന പരസ്യത്തിലൂടെ പ്രസിദ്ധമായ കുട്ടികളുടെ രസന ?

എന്തായിരുന്നു ?ഒരു രസത്തിനു ചിന്തിച്ചു നോക്കൂ…

ഇതിൽ പെടാത്ത മറ്റൊരു ദ്രാവകം പാർട്ടികളിൽ ഉപയോഗിക്കാറുണ്ട്.

നമുക്ക് ചേര ചോള പാണ്ഡ്യ ആധിപത്യകാലത്തേയ്ക്ക്

” സങ്കല്പ വായുവിമാനത്തിൽ”
സഞ്ചരിക്കാം…..

പനനീർ (പനങ്കരിക്ക്) ഇളനീർ , കരിമ്പിൻ നീർ എന്നിവ ചേർത്ത് അക്കാലത്ത് ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.

മൂന്നു നീർ
ചേർത്ത് ഉപയോഗിച്ചിരുന്ന മൂന്നീർ ആയിരുന്നു അക്കാലത്തെ പാനീയം .

അത് നാടിൻെറ മുദ്രയായിരുന്നു.
മേല്പറഞ്ഞ മുന്നീർച്ചേരുവകൾക്ക് പ്രകൃതിയിലെ സുലഭത, പ്രകൃത്യനുകൂല ജീവിതത്തിന്റെയും ആചാരത്തിന്റെയും മുദ്രയായി മുന്നീർ എന്ന പാനീയത്തെ മാറ്റി.

അക്കാലത്തെ അതിഥി സത്കാരത്തിന് മുന്നീർ അനുപേക്ഷണീയമായിരുന്നു.

മുന്നീർ കേരളനാരിമാർക്ക് പ്രിയതരമായ പാനീയമായിരുന്നത്രെ !!

കാലം പോകെ ശീലങ്ങളിൽ മാറ്റം വന്നു.

വടക്കൻ പാട്ടിൽ ഇളനീരായിരുന്നു ഇഷ്ട പാനീയം.

പ്രയാണം

പ്രഹർഷേണയുള്ള യാനം പ്രയാണം.

യാനം യാത്രയാണല്ലൊ. മുന്നോട്ടു പോക്ക് എന്ന അർത്ഥമെടുക്കാം.പ്രയാണം പലരും ഇരട്ടിപ്പാർന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.

‘ മുന്നോട്ടുള്ള പ്രയാണത്തിൽ ‘ എന്നു പ്രയോഗിച്ചു കളയും!
ഇതേ ഗതികേടുള്ള പല പദങ്ങളുമുണ്ട്.ഒരു ഉദാഹരണം നൽകാം, ‘

‘ചകിതം ‘ ഭയപ്പെട്ട എന്ന അർത്ഥം പ്രദാനം ചെയ്യുന്നു.

പലരും ഭയചകിതൻ/ഭയ ചകിത എന്നു പ്രയോഗിക്കാറുണ്ട്.പൗനരുക്ത്യം എന്ന ദോഷം വന്നു ഭവിക്കുന്നു എന്നാണ് ഇതിനു പൂർവ്വസൂരികളായ ചിന്തകർ പറഞ്ഞിട്ടുള്ളത്.

പുന: ഉക്തം (വീണ്ടും പറയപ്പെട്ടത്) പൗനരുക്ത്യം.

* ജാപ്പി

മദ്യം ഉപയോഗിക്കരുത്.എല്ലാ ലഹരിക്കും വിട പറയണം.
ചായയും കാപ്പിയും ലഹരി തന്നെ.കൊളോണിയൽ കാലം സമ്മാനിച്ച ചായകുടി
ശീലം വർജ്ജിച്ച് പ്രകൃതിജീവനത്തിന് ഇണങ്ങുന്ന ‘ജാപ്പി’ ഉപയോഗിക്കണമെന്നു പറഞ്ഞ് പ്രശസ്ത പ്രകൃതി ചികിത്സകനായ ശ്രീ ജേക്കബ് വടക്കഞ്ചേരി ഒരു ചൂർണ്ണം പ്രചരിപ്പിച്ചിരുന്നു.അതാണ് ജാപ്പി.

സരസൻ എടവനക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments