Wednesday, December 4, 2024
Homeകേരളംആലപ്പുഴ കളര്‍കോട് വാഹനപകടം: അപകട സമയം വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ കളര്‍കോട് വാഹനപകടം: അപകട സമയം വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന സംശയം കഴിഞ്ഞ ദിവസം എംവിഡി ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് ടാര്‍ റോഡില്‍ വെള്ളമുണ്ടായിരുന്നത് കാര്‍ തെന്നി നീങ്ങാന്‍ ഇടയാക്കി, ഇടിച്ച കാറിന് 14 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ വണ്ടിയുടെ ബോഡിക്ക് സ്ഥിരതയുണ്ടാകില്ല, പരമാവധി എട്ടുപേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ 11 പേരുണ്ടായിരുന്നു. വാഹനം ഓടിക്കുന്നതിലെ പരിചയക്കുറവ്, അപകടമുണ്ടായ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലായിരുന്നു എന്നതടക്കമുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെയും എഫ്ഐആറില്‍ പ്രതി ചേര്‍ത്തത്. കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഇതില്‍ മാറ്റം വന്നേക്കും.

തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments