Wednesday, July 3, 2024
Homeഇന്ത്യഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചു.

2024ലെ ടി20 ലോകകപ്പ് കിരീടവിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളില്‍ 35 കാരന്‍ തുടരും. ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന് ശേഷം സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ജഡേജയുടെ പ്രഖ്യാപനം. ‘കൃതജ്ഞത നിനിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. ഏറെ അഭിമാനത്തോടെ എക്കാലവും മാതൃരാജ്യത്തിനായി ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലും അത് തുടരും-‘ ജഡേജ കുറിച്ചു. ‘ടി 20 ലോകകപ്പ് നേടുക എന്നത് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. എന്റെ ടി20 അന്താരാഷ്ട്ര കരിയറിലെ അത്യുന്നത നേട്ടം. ഓര്‍മകള്‍ക്കും സന്തോഷങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി. ജയ് ഹിന്ദ്.”-വികാരഭരിതമായ വിടവാങ്ങല്‍ അറിയിപ്പില്‍ അദ്ദേഹം കുറിച്ചു.

2009ല്‍ ശ്രീലങ്കയ്ക്കെതിരെ ടി20യില്‍ അരങ്ങേറ്റം കുറിച്ച ജഡേജ 74 മത്സരങ്ങള്‍ കളിച്ച് 41 ഇന്നിങ്‌സുകളില്‍ നിന്ന് 515 റണ്‍സും 54 വിക്കറ്റും നേടിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ ടി20 ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ ലോകകപ്പിലും ഓള്‍റൗണ്ട് പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ വിജയത്തില്‍ പങ്കാളിയായി. ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.

ലോവര്‍-മിഡില്‍ ഓര്‍ഡറില്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് വീശിയ ജഡേജ 41 ഇന്നിങ്സുകളില്‍ 17ലും പുറത്താകാതെ നിന്നു. ബൗളിങില്‍ ശക്തമായ ഇക്കോണമി നിരക്ക് (7.13) നിലനിര്‍ത്തി. ടി20 ഫോര്‍മാറ്റില്‍ 54 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായി ജഡേജ തുടരും. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി കളിക്കുന്ന ചുരുക്കം കളിക്കാരില്‍ ഒരാളണ്. പരിക്ക് കാരണം 2022 ലെ ടി20 ലോകകപ്പില്‍ കളിച്ചിരുന്നില്ല. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്താവുകായിരുന്നു.

ഒരു വര്‍ഷത്തിലേറെ വിട്ടുനിന്ന ശേഷം കഴിഞ്ഞ ഡിസംബറിലാണ് ടി20യില്‍ തിരിച്ചെത്തിയത്. വിരമിക്കല്‍ പ്രഖ്യാപനത്തോടെ പരിചയസമ്പന്നനായ ഓള്‍റൗണ്ടറെയാണ് ടി20യില്‍ ഇന്ത്യക്ക് നഷ്ടമാവുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ജഡേജ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments