തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെ മൃഗശാലയിൽ ലൈംഗികാതിക്രമം നടത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും നെയ്യാറ്റിൻകര സ്വദേശിയുമായ ഷിബു അറസ്റ്റിൽ. പിന്നാലെ സസ്പെൻഷൻ. യുവതിയുടെ ബന്ധുക്കളും സന്ദർശകരും ചേർന്നാണ് ഷിബുവിനെ പിടികൂടി പൊലീസിന് കൈമാറിയത്.
ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഉച്ചവരെ തുമ്പ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷിബു അനുവാദം വാങ്ങിയാണ് മൃഗശാലയിൽ എത്തിയത്. ആ സമയം കുടുംബത്തോടൊപ്പം മൃഗശാലയിൽ എത്തിയ യുവതി കൂടിന് സമീപം നിൽക്കുമ്പോൾ ഷിബു പിന്നിലൂടെ എത്തി ഭീഷണിപ്പെടുത്തി അതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ബന്ധുക്കളും മറ്റു സന്ദർശകരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടുവെന്നും മ്യൂസിയം പൊലീസ് പറഞ്ഞു.