തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്.
വരും മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു വെങ്കിലും ഈ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇന്നലെ രാത്രി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചു. മലയോര ജില്ലകളിലടക്കം മഴയ്ക്ക് സാധ്യത കൂടുതലാണ്.
ഇന്ന് തെക്കൻ ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കടൽ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.