ന്യൂഡൽഹി :- 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നവീൻ ചൗള (79) അന്തരിച്ചു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക ശസ്ത്രക്രിയക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ് വൈ ഖുറേഷിയാണ് നവീന്‍ ചൗളയുടെ മരണ വിവരം അറിയിച്ചത്. ഇന്ത്യയുടെ പതിനാറാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ചൗള.
അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, യൂണിയൻ ടെറിട്ടറി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2005 മെയ് 16-ന് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 2009 ഏപ്രിൽ 20 വരെ സേവനമനുഷ്ഠിച്ചു. 2010 ജൂലൈ 29 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി. മദര്‍ തെരേസയുടെ ജീവചരിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം.
1945 ജൂലൈ 30ന് ജനിച്ച ചൗള ഹിമാചൽ പ്രദേശിലെ ലോറൻസ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് യൂനിവേഴ്സിറ്റി ഓഫ് ലണ്ടനിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തി. 1969 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ചൗള ഗവൺമെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. സർവീസിലിരുന്ന സമയം ബിജെപിയുടെ കണ്ണിലെ കരടായിരുന്നു നവീൻ ചൗള. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍ ഗോപാലസ്വാമി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്‌തിരുന്നു. നവീൻ ചൗള പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്നായിരുന്നു അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപണം.