ന്യൂഡൽഹി: പാവങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനും രാജ്യത്തിന്റെ വികസനത്തിനും ഊന്നൽ നൽകി ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സങ്കൽപ് പത്രിക ( പ്രകടന പത്രിക). സ്ത്രീകൾ, പാവങ്ങൾ, യുവത, കർഷകർ എന്നിവരുടെ ഉന്നമനത്തിനും രാജ്യത്തിന്റെ സമസ്ത മേഖലയുടെ വികസനവും ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു സങ്കൽപ് പത്രിക പുറത്തിറക്കിയത്.
മോദിയുടെ ഗ്യാരണ്ടി എന്ന ശീർഷകത്തോടെയാണ് ബിജെപി സങ്കൽപ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നലിംഗക്കാർക്കും ആയുഷ്മാൻ ഭാരത് യോജനയുടെ ഗുണം ഉറപ്പാക്കുമെന്ന് പത്രികയിൽ പറയുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി നൽകുന്ന സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷം കൂടി തുടരും. പാവങ്ങൾക്കായി മൂന്ന് കോടി വീടുകൾ കൂടി നിർമ്മിച്ച് നൽകും. വീടുകൾ തോറും ഗ്യാസ് പൈപ്പ്‌ലെൻ സ്ഥാപിക്കും. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജി യോജന വഴി പാവങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകും.