Thursday, May 30, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 14 | ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 14 | ഞായർ

കപിൽ ശങ്കർ

🔹നന്‍മകള്‍ നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു. ഏവര്‍ക്കും മലയാളി മനസ്സിന്റെ വിഷു ആശംസകള്‍.

🔹മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പില്‍ പറഞ്ഞു.

🔹പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. ആനകളുടെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറാണ് വിവാദത്തിന് കാരണമായത്. കനത്ത ചൂടും ആനകള്‍ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ എന്നാണ് വിശദീകരണം. സര്‍ക്കുലറില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

🔹മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സിന്റെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായി. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമാണ് സിനിമപ്രദര്‍ശനം നിര്‍ത്തിവച്ചത്.

🔹പതിനൊന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

🔹അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മൂവരും മരണം തിരഞ്ഞെടുത്തത് വിചിത്ര മാനസികാവസ്ഥയിലെന്ന് പോലീസ്. ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായാണ് പോലീസ് നിഗമനം. മൂവരുടെയും ഇ-മെയില്‍ ഐഡികളിലെയും മൊബൈല്‍ ഫോണിലെയും ആശയവിനിമയങ്ങള്‍ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

🔹പാലാ പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി ആത്മജ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔹ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്ക്. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. റെഡ്ഡിയുടെ നെറ്റിയിലാണ് പരിക്കേറ്റത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ടിഡിപി ആണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

🔹ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ സൈന്യം. ദുബായിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. കപ്പലില്‍ പാലക്കാട്, കോഴിക്കോട് സ്വദേശികളുണ്ടെന്നാണ് വിവരം. കപ്പലില്‍ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. ജീവനക്കാരെയും കപ്പലിനെയും തിരികെ എത്തിക്കാന്‍ ഇടപെടല്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.

🔹​ഗോവ: അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപ്‌നേഷ് കുമാർ (22) എന്നിവരെയാണ് ​ഗോവയിലെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ ലക്ഷ്യമിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടിയെ ‌നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് വാസ്കോ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ജെഎംഎഫ്‌സി) മുമ്പാകെ ഹാജരാക്കി. പ്രതികളെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൗത്ത് പൊലീസ് സൂപ്രണ്ട് സുനിത സാവന്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത, സന്തോഷ് ദേശായി, കപിൽ നായക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

🔹കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ വ്യാപക വാട്ടർ മീറ്റർ മോഷണം. പാങ്ങലുകാട് ആമ്പാടി ജങ്ഷനിലെ ആറ് വീടുകളിലാണ് ഒരേ സമയം മോഷണമുണ്ടായത്. ജൽ ജീവൻ മിഷന്റെ കുടിവെളള പൈപ്പ് ലൈനുകളിൽ സ്ഥാപിച്ചിരുന്ന മീറ്ററുകളാണ് കൂട്ടത്തോടെ മോഷ്ടിച്ചത്. വാട്ടർ അതോറിറ്റിയിൽ നിന്ന് റീഡിംഗിനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അയൽപ്പക്ക വീടുകളിൽ നിന്ന് ഒരേ സമയം മീറ്റർ അറുത്തു മുറിച്ച് കടത്തിക്കൊണ്ടു പോയതാകാമെന്നാണ് നിഗമനം.
അഴകത്ത് വിള സ്വദേശികളായ സജീവ്, സജില മണി, പങ്കജാക്ഷി അമ്മ, ഹേമന്ദ് , ജയൻ, ജോഷി എന്നിവരുടെ വീടുകളിലെ വാട്ടർ മീറ്ററുകളാണ് കടത്തിയത്. വീട്ടുകാർ പൊലീസിലും വാട്ടർ അതോറിറ്റിയിലും പരാതി നൽകി. കോപ്പർ കൊണ്ട് നിർമ്മിച്ചിരിക്കുന്ന മീറ്ററുകൾ ആക്രിവിലക്ക് വിറ്റാൽ പണം കിട്ടും. സ്ഥലത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
മീറ്റർ അറുത്തുമാറ്റിയാലും കുടിവെള്ളം ഒഴുകുന്നതിന് തടസ്സമില്ലാത്തതിനാൽ മോഷണം നടന്ന വിവരം പുറത്ത് അറിയാൻ വൈകുകയായിരുന്നു. കഴിഞ്ഞ വർഷം നിരവധി വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിലായിരുന്നു. തെക്ക് പഞ്ചായത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുറക്കാട് പഞ്ചായത്തകളിലായി 26 വീടുകളിലെ വാട്ടർ കണക്ഷനുകളിലെ മീറ്റർ അറുത്തുമാറ്റിയ പ്രതികളെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്

🔹ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. വൈകീട്ട് 3.30 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് നടക്കുന്ന വാഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഏറ്റുമുട്ടും.

🔹ഇതിഹാസകാവ്യമായ രാമായണം നിര്‍മിക്കാന്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഏപ്രില്‍ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. യഷ് സിനിമയില്‍ ഏത് വേഷത്തിലാണെത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. രണ്‍ബീര്‍ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോള്‍ ഹനുമാനെയും അവതരിപ്പിക്കും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments