കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ സ്‌ക്രീനിംഗിന്റെ ഭാഗമായി 2025 ജനുവരി 31 വെള്ളിയാഴ്ച വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മഖ്മല്‍ബഫിന്റെ ‘ദ സയലന്‍സ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
1998ല്‍ ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ചിത്രമാണിത്. ഇതുവരെ ഈ ചിത്രത്തിന് ഇറാനില്‍ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. സൂഫിസത്തിന്റെ ദൃശ്യസൂചകങ്ങളാല്‍ നിറഞ്ഞതാണ് ഈ സിനിമ. ജലാലുദ്ദീന്‍ റൂമിയുടെ കാവ്യബിംബങ്ങളും ബീഥോവന്റെ അഞ്ചാം സിംഫണിയും ഈ ചിത്രത്തിന്റെ ആഖ്യാനത്തില്‍ കടന്നുവരുന്നു.
താജിക്കിസ്ഥാനിലെ ഒരു പുഴയോരത്ത് ഉമ്മയ്‌ക്കൊപ്പം താമസിക്കുകയാണ് 10 വയസ്സുകാരനായ അന്ധബാലന്‍ ഖുര്‍ഷിദ്. വീട്ടുടമ ഇടയ്ക്കിടെ വന്ന് വാടക ചോദിക്കുന്നു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഉമ്മ ഗതികേടുകൊണ്ട് അവനെ കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. സംഗീതോപകരണങ്ങള്‍ക്ക് ഈണം പകരുന്നതില്‍ അസാമാന്യമായ വൈദഗ്ധ്യമുണ്ട് ഖുര്‍ഷിദിന്. അത്തരം ഉപകരണങ്ങളുണ്ടാക്കുന്ന ഒരു വര്‍ക്ക് ഷോപ്പിലാണ് അവന്റെ ജോലി. പക്ഷേ സംഗീതം എപ്പോഴും അവന്റെ ശ്രദ്ധ ജോലിയില്‍നിന്നും വ്യതിചലിപ്പിക്കുന്നു. 76 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.