ന്യൂഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് മാത്രം നൽകും. ക്രമസമാധാന നിലനിർത്താൻ ജമ്മു കശ്മീർ പോലീസ് ശക്തരെന്നും അമിത് ഷാ പറഞ്ഞു.
ജെ.ജെ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണിക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ജനങ്ങളിൽ നിന്നും ചില സംഘടനകളിൽ നിന്നും ഈ നിയമം പിൻവലിക്കണമെന്നാവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് ഈ വിഷയം കേന്ദ്ര സർക്കാർ പരിഗണിക്കാൻ തീരുമാനിച്ചത്.
സുരക്ഷയുടെ കാര്യത്തിൽ നേരത്തെ ജമ്മു കശ്മീർ പൊലീസിനെ സർക്കാറിന് വിശ്വാസമില്ലായിരുന്നു. ഇപ്പോൾ അവർ ശക്തരാണ്. അതുകൊണ്ട് അവിടുത്തെ ക്രമസമാധാന ചുമതല പൂർണമായും ജമ്മുകശ്മീർ പൊലീസിനെ ഏൽപ്പിക്കാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തിട്ടുണ്ട്.
സെപ്റ്റംബറിന് മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് കേന്ദ്ര സർക്കാറിന്റെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.