മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ ദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് . സൂഫിയും പണ്ഡിതനുമായിരുന്നു മൗലാനാ ഖൈറുദ്ദീന്റെയും മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സഗീറിന്റെ മകള്‍ ആലിയയുടെയും മകനായി 1888 നവംബര്‍ 11 ന് മക്കയിലാണ് “ഫിറോസ് ദക്ത്” എന്ന മൗലാനാ അബുൽ കലാം ആസാദ് ജനിച്ചത്.
മുഹ്‌യിദ്ദീന്‍ അഹ്മദ് എന്നായിരുന്നു ഓമന പേര് . 11-ാം വയസ്സില്‍ മാതാവും .1906-ല്‍ ജ്യേഷ്ഠനും .1909-ല്‍ പിതാവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു .പിന്നീട് പതിനെട്ടു വയസ്സിൽ പിതാവിന്റെ അനുയായി ആഫ്താബുദ്ദീന്റെ മകള്‍ സുലൈഖയെ വിവാഹം കഴിച്ചു . ഏക മകന്‍ നാലു വയസ്സുള്ളപ്പോള്‍ അന്തരിച്ചു.ആകെക്കൂടി കുടുംബ ജീവിതം ഏറെ ദുഃഖകരമായിരുന്നു.
തത്വചിന്ത, ഗണിതശാസ്ത്രം, ശാസ്ത്രം, ലോകചരിത്രം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ഗുരുകുല വിദ്യാഭ്യാസ മാതൃകയിലും പിതാവിൽ നിന്നും പഠിച്ചു . പേര്‍ഷ്യന്‍, ഉറുദു, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി.എന്നാല്‍ ആഗോള ഭാഷ എന്ന നിലക്ക് ഇംഗ്ലീഷിന്റെ പ്രാധാന്യം പിന്നീട് തിരിച്ചറിയുകയും അദ്ദേഹം അത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു. പതിനാറാമത്തെ വയസ്സില്‍ നിസാമി കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ പരമ്പരാഗത വിദ്യാഭ്യാസം അവസാനിപ്പിച്ചു. പതിനൊന്നാം വയസ്സില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം തൂലികാ നാമമായി സ്വീകരിച്ച അബുല്‍കലാം ആസാദ് എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. കവിതകള്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു .അതിൽ പലതും മികച്ച ഗസലുകളാണ്. 14-ാം വയസ്സില്‍ “ലിസാനെ സ്വിദ്ഖ് “എന്ന ഉര്‍ദു വാരിക അദ്ദേഹം ആരംഭിച്ചു. ഏഴു ലക്കങ്ങള്‍ കൊണ്ട് അതവസാനിച്ചു .പിന്നീട് ലഖ്‌നോവിലെ നദ്‌വത്തുല്‍ ഉലമായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “അന്നദ്‌വ മാസിക”യുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു . അതിനു ശേഷം അമൃത്‌സറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന “വകീൽ “ന്റെ പത്രാധിപരായി. 1912-ല്‍ അദ്ദേഹം സ്വന്തമായി ഒരു പ്രസ് വാങ്ങി, ജൂണ്‍ ഒന്നിന് “അല്‍ ഹിലാല്‍” എന്ന ഉറുദു പത്രം ആരംഭിച്ചു. 1914 ല്‍ അല്‍ഹിലാല്‍ നിരോധിക്കപ്പെട്ടപ്പോള്‍ “അല്‍ ബലാഗ് “എന്ന പേരില്‍ മറ്റൊരു പത്രം തുടങ്ങി.1916 ൽ ബ്രിടീഷ് സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി.
ഖുർആൻ വിവർത്തനമായ “തർജുമാനുൽ ഖുർആൻ”
“ഗുബാർ ഇ-ഖാത്തിർ” (ഉർദു കത്തുകളുടെ സമാഹാരം)
“ഇന്ത്യ വിൻസ് ഫ്രീഡം” എന്ന ആത്മകഥയും അദ്ദേഹത്തിന്റെ അമൂല്യ സൃഷ്ടികളാണ് .
1920 ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് മഹാത്മ ഗാന്ധിയെ ആദ്യമായി കണ്ടു.ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ “തീ പന്തം “എന്നാണദ്ദേഹത്തെ അറിയ പെടുന്നത് .1935 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകുമ്പോൾ പ്രായം 35 വയസ് മാത്രം .തുടർച്ചയായി എറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായിരുന്നതും അദേഹം തന്നെ .തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹം ഇന്ത്യ വിഭജനത്തെ കുറിച്ചു പറഞ്ഞത് “ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്.അതിനെ വിജയിപ്പിക്കുക ” വർത്തമാന കാലത്തു പോലും പ്രസക്തമാണ് ആ വാക്കുകൾ .പിന്നീട് സ്വതന്ത്ര ഇന്ഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയി മരണം വരെ തുടർന്നു ,യു . ജി .സി യും ,ഐ. ഐ. ടി യും അദ്ദേഹം വിഭാവനം ചെയ്തതാണ്. “അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്.” -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്.
1958 ഫെബ്രുവരി 22-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം .1992 ൽ ഭാരത രത്നം നൽകി ആദരിച്ചു .വിദ്യഭ്യാസം ഇന്ന് വലിയ പ്രതിസന്ധികളിൽ കൂടി കടന്നു പൊകുമ്പോൾ സർക്കാർ എയ്ഡഡ് സംവിധാനത്തിൽ 15 വയസിൽ താഴയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സർവത്രികവും നിർബന്ധവും ആക്കിയിട്ടുണ്ട് നമ്മുടെ ഭരണഘടന. എന്നാൽ വിദേശ പണത്തിന്റെ കുത്തൊഴുക്കിൽ ബ്ലേഡ് സ്കൂളുകളും സ്വാശ്രയ കോളേജുകളും ഈ മേഖലയിൽ കൂണ് പൊലെ മുളച്ചപ്പോൾ വിദ്യഭ്യാസം നല്ലൊരു കച്ചവട ഉപാധിയായി എന്നതു ദുരന്തമായി നമുക്കു മുൻപിൽ നില്ക്കുന്നു .
പ്രവാസ ലോകത്തിൽ ഇന്ത്യൻ സ്കൂളെന്ന ഓമന പേരിലും ഈ കച്ചവടം പൊടിപൊടിക്കുന്നു .ഇത്രയും താറുമാറായ ഈ മേഖലയെ കരകയറ്റാൻ അബുൽ കലാം ആസാദ് മുന്നോട്ടു വച്ച വിദ്യഭ്യാസ നയം നടപ്പാക്കുക എന്നതു മാത്രമാണ് പോംവഴി .”വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം മോക്ഷമാണെന്ന ” ഉപനിഷത്തു വചനം അധികാര വർഗ്ഗവും വിദ്യഭ്യാസ പ്രവർത്തകരും ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.