Friday, February 23, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 23, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 23, 2024 ചൊവ്വ

കപിൽ ശങ്കർ

🔹നൃത്ത-സംഗീത-ഹാസ്യ കലാവിരുന്നുമായി കാഴ്ചയുടെ വിസ്മയങ്ങളൊരുക്കുവാൻ മലയാളത്തിന്റെ സ്വന്തം തെന്നിന്ത്യന്‍ താരസുന്ദരി ഹണിറോസിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്രവേദിയിലെ യുവനിരയില്‍ ശ്രദ്ധേയരായ താരങ്ങള്‍ അണിനിരക്കുന്ന ‘മോളീവുഡ് ഡ്രീംസ്’ എന്ന  സ്‌റ്റേജ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് പ്രശസ്ത സിനിമാതാരം സുവര്‍ണ്ണാ വര്‍ഗീസ് നടത്തുകയുണ്ടായി. ഏപ്രില്‍ 27 ശനിയാഴ്ച വൈകുന്നേരം 5.30-ന് ഫിലഡൽഫിയ ജോർജ് വാഷിഗ്ടൺ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സ്റ്റേജ് ഷോ അരങ്ങേറുന്നത്.

🔹സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) വിജയവാഡയിൽ അന്തരിച്ചു. വിജയവാഡ പ്രോവിൻസ് സജീവ പ്രേവർത്തകയായിരുന്നു . സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ നടക്കും.

🔹കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും, നേതാക്കന്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമേ കാണൂകയുള്ളൂവെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി പറഞ്ഞു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ഡാളസ് ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔹മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്‌റ്റേണ്‍ റീജിയന്‍ ദ്വിദിന കോണ്‍ഫറസ് 27,28-നും (ശനി, ഞായര്‍) ലോസ് ഏഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. റീജിയന്‍ പ്രസിഡന്റ് റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍ കോണ്‍ഫറന്‍സ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും സിയാറ്റില്‍ മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ.മനു വര്‍ഗീസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും

🔹വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2024 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി വർഗീസ് എം കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ, ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരെ തെരഞ്ഞുടുത്തു. .

🔹എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്കു ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികളില്‍നിന്നു പത്തു രൂപവീതം പിരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നാലു ലക്ഷം വിദ്യാര്‍ത്ഥികളില്‍നിന്ന് 40 ലക്ഷം രൂപ ഇങ്ങനെ സമാഹരിക്കും. എസ്സി – എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല. 2013 ലും ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

🔹ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വീട്ടുകാര്‍ പോലീസിനു കൈമാറിയ അമ്പതു പേജുള്ള ഡയറിക്കുറിപ്പിലാണ് ഈ വിവരങ്ങള്‍. മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനാണ് അനീഷ്യയെ ഭീഷണിപ്പെടുത്തിയത്. ‘ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം’ എന്നായിരുന്നു ഭീഷണി. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചെന്നു പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത്ത്കുമാറിന്റെ ഭാര്യയാണ് അനീഷ്യ.

🔹മുക്കം പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ടി.ടി. നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

🔹ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം വിവാദമാവുകയും ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍, ഇനി താനൊരു തീരുമാനവും എടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഉദ്യോഗസ്ഥര്‍ എല്ലാം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

🔹അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കൊല്ലം സ്വദേശിയുമായ വൈ. വില്‍സന്‍ (40) ആണ് മരിച്ചത്.

🔹ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരം എഴുന്നള്ളിപ്പില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഡി.ജെ., നാസിക് ഡോള്‍ തുടങ്ങിയവ പോലീസ് നിരോധിച്ചു. അടുത്തമാസം 24, 25 തിയതികളിലാണ് ചിനക്കത്തൂര്‍ പൂരം.

🔹സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. ആറു ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. സെക്രട്ടേറിയറ്റിലേയും സഹകരണ വകുപ്പിലേയും ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

🔹നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

🔹കോയമ്പത്തൂരില്‍ നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ മറ്റൊരാളെ ഏല്‍പിച്ച് ഇറങ്ങിപ്പോയത്. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞിനെ തേടിയെത്തിയ തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കുഞ്ഞിനെ ഏറ്റുവാങ്ങി.

🔹മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന് നോട്ടീസയച്ചു. ജീവപര്യന്തം തടവുശിക്ഷയും പിഴയുമാണു പ്രതികള്‍ക്കു വിധിച്ചത്. താന്‍ പതിനാല് വര്‍ഷവും ഒമ്പതു മാസവുമായി ജയിലിലാണെന്ന് ഒന്നാം പ്രതി രവി കപൂര്‍ കോടതിയില്‍ പറഞ്ഞു.

🔹വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകള്‍ മൂന്നിലൊന്നാക്കി വെട്ടിക്കുറയ്ക്കുമെന്നു കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രി പ്രഖ്യാപിച്ചു.

🔹പറന്നുയരാന്‍ തയ്യാറായ വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് കണ്ട വിമാനത്തിലെ യാത്രക്കാരന്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് റദ്ദാക്കി. ന്യുയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സിന്റെ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.

🔹കങ്കണ റണൗട് സംവിധായകയായും നായികയായും എത്തുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതി.

🔹കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്കു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments