Wednesday, May 22, 2024
HomeUncategorizedശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

പത്തനംതിട്ട –പുതുവർഷ പുലരിയിൽ നാല് ഭക്തരുടെ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം

ശബരിമലയിൽ പുതുവത്സര പുലരിയിൽ നാലുഭക്തർ ചേർന്ന് വഴിപാടായി അയ്യപ്പ സ്വാമിയ്ക്ക് 18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്.

ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. രാവിലെ 3.30 മുതൽ ഏഴുവരേയും രാവിലെ എട്ടു മുതൽ 11.30 വരേയുമാണ് നെയ്യഭിഷേകം. രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു

20000 നെയ്തേങ്ങയാണ് വിഷ്ണു ശരൺ ഭട്ടും സുഹൃത്തുക്കളും അഭിഷേകത്തിനായി ഒരുക്കിയത്. 2021 ജനുവരി ഒന്നിനും ഇവർ 18018 നെയ്തേങ്ങ നെയ്യഭിഷേകം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുതൽക്കൂട്ടായി തുക നൽകി. പമ്പഗണപതി കോവിലിൽ വച്ച് നെയതേങ്ങ നിറച്ച് ട്രാക്ടറിൽ സന്നിധാനത്ത് എത്തിക്കുകയായിരുന്നു. സന്നിധാനത്ത് വെച്ച് നെയ്ത്തേങ്ങ പൊട്ടിച്ച് പ്രത്യേകം പാത്രങ്ങളിലാക്കിയാണ് അഭിഷേകം ചെയ്തത്. ഇതിനു പുറമേ പുതുവത്സരത്തിൽ ഭക്തർക്ക് അന്നദാനമായി സദ്യയൊരുക്കി. ദേവസ്വം ബോർഡിന് മുതൽ കൂട്ട് നൽകിയാണിതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സന്നിധാനത്ത് രാവിലെ 51 പേരുടെ മേളവും നടത്തിയിരുന്നു.

ശബരിമലയിലെ 18 മലകളെ പ്രാർത്ഥിച്ചാണ് ഒരു മലയ്ക്ക് 1001 നെയ് ത്തേങ്ങ വീതം അഭിഷേകം ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് ഗുരുവായൂർ ജയപ്രകാശ്, ഇളമ്പള്ളി വാദ്യകലാസമിതി ബിജു, ബൈജു എന്നിവർ നയിച 51 പേരുടെ ചെണ്ടമേളം അരങ്ങേറി. ബാംഗ്ലൂരിൽ നിന്നുള്ള വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു എന്നിവരുടെ അർച്ചനയായാണ് മേളം നടത്തിയത്.

പുതുവർഷ പുലരിയിൽ ശബരിമലയിൽ വൻഭക്തജനതിരക്ക്അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി 11 ന് നട അടക്കുമ്പോൾ ദർശനം ലഭിക്കാത്ത ഭക്തർ അതിരാവിലെ മുതൽ സന്നിധാനത്ത് കാത്ത് നിന്ന് പുതുവർഷ പുലരിയിൽ ദർശനം നേടി.അയ്യപ്പ ഭക്തരുടെ തിരക്ക്പരിഗണിച്ച് ക്രമീകരണങ്ങൾ ഡി ഐ ജി തോംസൺ ജോസ് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് എന്നിവർ സന്നിധാനവും പരിസരവും പരിശോധിച്ച് വിലയിരുത്തി.എക്സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂർ എന്നിവർ രാവിലെ ദർശനം നടത്തി.

അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞു മാളികപ്പുറങ്ങൾ

ശബരിമല: പതിനാല് കുഞ്ഞു മാളികപ്പുറങ്ങൾ ഉടുത്തൊരുങ്ങി അടയാഭരണങ്ങളും പൂക്കളും ചൂടി തിരുവാതിര ചൂടുവെക്കാൻ ശബരീശന് മുന്നിലെത്തി . വെഞ്ഞാറമൂട് ജീവകല കലാ -സാംസ്കാരിക മണ്ഡലത്തിലെ നർത്തകിമാരാണ് അർച്ചനയായി ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ചത്. 2017 മുതൽ ഇവർ ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ചു വരികയാണ്. പുതുവർഷ പുലരിയിൽ മകരവിളക്കുത്സവത്തിന്റെ നിറവിൽ സന്നിധാനത്ത് മറ്റൊരു ഉത്സവ പ്രതീതിയായിരുന്നു നർത്തകി മാർ ഒരുക്കിയത്. ഗണപതി സ്തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങൾ ചൊല്ലി ശ്രീകൃഷ്ണ ഭക്തിഗാനത്തിന് കോൽക്കളി കളിച്ചും കുട്ടികൾ മനം കവർന്നു .

അഞ്ച് തിരുവാതിരയാണ് അവതരിപ്പിച്ചത് സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തർക്ക് കുഞ്ഞു മാളികപ്പുറങ്ങളുടെ തിരുവാതിര നയനാനന്ദകരമായിരുന്നു . നടപ്പന്തലിൽ കൂടി നിന്ന ഭക്തർ തിരുവാതിര ആസ്വദിച്ചു . പ്രസിദ്ധ എസ് ആർ , ആദിലക്ഷ്മി എസ് എൻ, നിലസനിൽ , ആദിത്യ എൻ ബി , പാർവണ ജെ, എ എസ് അനന്തശ്രീ.സി ദക്ഷാരാജ് ആർ, ശിവനന്ദ എൽ ആർ . അനന്യ മനു അലംകൃത അഭിലാഷ് ,ഹൃദ്യ സുമേഷ് . ദിയ പി എസ് നായർ ആരാധ്യ ആർ.പി എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത് ജീവനകല നൃത്താധ്യാപിക നമിതാസുധീഷ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.

ശബരിമല തന്ത്രി കണ്ഠര് മോഹനര് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി എന്നിവർ ഭദ്രദീപം തെളിയിച്ചാണ് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന തിരുവാതിര ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂർ , ഉണ്ണികൃഷ്ണൻ ബാഗ്ലൂർ എന്നിവരും ദീപം തെളിയിച്ചു ജീവകല.സെക്രട്ടറി വി എസ് ബിജുകുമാർ ,ജോയിന്റ്സെക്രട്ടറി പി മധു .: ട്രഷറർ കെ ബിനുകുമാർ ,സന്തോഷ് വെഞ്ഞാറമൂട് :സാജു മാധവ് എന്നിവർ നേതൃത്വം നൽകി.

മകരവിളക്ക് മഹോത്സവം വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ച് കേരള വനം വകുപ്പ്.

റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പമ്പ മുതൽ സന്നിധാനം വരെ നാല് ഇടങ്ങളിലായി സ്നേക്ക് റെസ്ക്യൂ ടീമുകൾ, എലിഫന്റ് സ്ക്വാഡ്, ഫോറസ്റ്റ് വാച്ചർസ്, പ്രൊട്ടക്ഷൻ വാച്ചർസ്, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നൽകാൻ സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ എന്നിവരെ പുൽമേട് മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുണ്ട്. ഈയിടങ്ങളിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുവാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്, 250-ൽ പരം ആരോഗ്യ അസ്വാസ്ഥ്യം നേരിട്ട ഭക്തരെ വിവിധ ഭാഗങ്ങളിൽ പമ്പയിൽ എത്തിച്ചു. ആവശ്യമെങ്കിൽ എൻ ഡി ആർ എഫ് സേനയുടെ സഹായം തേടും, ഭക്തർക്ക് മിതമായ നിരക്കിൽ ലഘു ഭക്ഷണ ശാലകൾ വനം വകുപ്പ് ഫോറസ്റ്റ് എക്കോ ഷോപ്പ് എന്ന പേരിൽ ലഭ്യമാണ്. ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് പമ്പ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജീവ് രഘുനാഥ് അറിയിച്ചു.

തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ

1, മകരജ്യോതി ദർശിക്കാനായി ഭക്തർ വനത്തിനുള്ളിൽ ടെന്റുകൾ സ്ഥാപിച്ച് ദിവസങ്ങളോളം താമസിച്ചു വരുന്നത് പല വർഷങ്ങളായി കണ്ടുവരുന്നതാണ്. ഒരു കാരണവശാലും അത്തരം സമീപനം ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. തുടർ ദിവസങ്ങളിൽ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടാകുന്നതാണ്. വനത്തിനുള്ളിൽ അനധികൃതമായി നിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.

2, മകരജ്യോതി ദർശിക്കാനായി മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

3, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ ഒരിക്കലും കാനന പാതകൾ സ്വീകരിക്കാൻ പാടില്ല

4, ശബരിമല ഒരു കാനന തീർഥാടന കേന്ദ്രമാണ് അതിനാൽ ഭക്തർ സ്വയം ജാഗ്രത പാലിച്ച് തീർത്ഥാടനം നടത്തുക.

5, വഴിയിൽ കാണുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുകയോ, അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്.

6, ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക.

7, കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക.

8, ഭക്തർ വനത്തിന് ഉള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാതിരിക്കുക.

9, ഹോട്ടലുകളിൽ നിന്നുമുള്ള വേസ്റ്റ് വനത്തിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല.

10, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ചില്ലു കുപ്പികളും വനത്തിൽ ഉപേക്ഷിക്കുന്നത് മൂലം വന്യജീവികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള സാധനങ്ങൾ വനത്തിലേക്ക് വലിച്ചെറിയാതിരിക്കുക.

തിരക്ക് നിയന്ത്രിക്കാൻ 100 ആപ്തമിത്ര വളണ്ടിയർമാരെ നിയോഗിച്ചു. എക്സിക്യൂട്ടിവ് ഓഫീസർ

മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ക്രമാതീതമായി അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആപ്തമിത്ര പദ്ധതിയിലുടെ 100 വോളണ്ടിയർമാരെ നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ പറഞ്ഞു.ഇതിന് പുറമേ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 36 ഇടങ്ങളിൽ ക്രമീകരണങ്ങൾ പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നിയോഗിച്ചു.. ആപ്തമിത്ര വളണ്ടിയർമാരുടെ സേവനം:ഡിസംബർ 31 മുതൽ തുടങ്ങി കഴിഞ്ഞു. ജനുവരി 30 വരെ ഇവരുടെ സേവനം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

24 മണിക്കൂറും ജല വിതരണം ഉറപ്പാക്കി ജലവിഭവവകുപ്പ്

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും നിലയ്ക്കാത്ത ജല വിതരണവുമായി കേരള ജല വിഭവ വകുപ്പ്. ത്രിവേണിയിൽ നിന്നും ശരംകുത്തി വരെ ആവശ്യമായ ജലവിതരണം കേരള ജല അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്. ശരംകുത്തിയിൽ നിന്നും സന്നിധാനത്തിലെ ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് 50 ലക്ഷം ലിറ്റർ വെള്ളം കൃത്യമായ ഇടവേളകളിൽ നിറച്ചു കൊണ്ടിരിക്കും. മണിക്കൂറിൽ 35000 ലിറ്റർ കുടിവെള്ളം പമ്പ മുതൽ സന്നിധാനം വരെ 106 കിയോസ്‌ക്കുകളിലൂടെ ഭക്തർക്ക് എത്തിക്കും. നിലക്കലിലേക്ക് പമ്പയിൽ നിന്നും ടാങ്കർ ലോറികൾ വഴി ദിവസവും 2000 കിലോ ലിറ്റർ വെള്ളം നിലക്കലിലെ ആവശ്യങ്ങൾക്കായി എത്തിക്കുമെന്നും പമ്പ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു

ശബരിമലയിലെചടങ്ങുകൾ (02.01.2024)
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments