Saturday, April 20, 2024
HomeUncategorized🌹ബലി തർപ്പണം🌹 (ചെറുകഥ) ✍ഷിജിത് പേരാമ്പ്ര

🌹ബലി തർപ്പണം🌹 (ചെറുകഥ) ✍ഷിജിത് പേരാമ്പ്ര

✍ഷിജിത് പേരാമ്പ്ര.

“കുട്ടി പോയി പുഴയിലൊന്ന് മുങ്ങി പെട്ടെന്ന് വരൂ,

രജിത വേഗം പോയി പുഴയിൽ മുങ്ങി വന്നു.

“വലതു കാൽമുട്ട് മണ്ണിലൂന്നി ഇരിയ്ക്കൂ.കർമ്മം ചെയ്യേണ്ടത് പരേതനോ പരേതയ്ക്കോ ” ?

“പരേത.

“പേര് ?

” അറിയില്ല.

” പരേതയുടെ നക്ഷത്രം ?

“അറിയില്ല.

“വയസ്സ്.

“അറിയില്ല..

” അപ്പോ പരേതയെ പറ്റി ഒന്നും അറിയില്ലേ ?

” ഇല്ല. വയസ്സ് ചിലപ്പോൾ ഒരു എഴുപത്തിയഞ്ചിനു മുകളിൽ ഉണ്ടാവും.

” മരിച്ച ദിവസത്തെ നക്ഷത്രം അറിയാമോ .?

” അറിയാം വിശാഖം.

“ഹാവൂ അത്രയെങ്കിലും അറിയാമല്ലോ?

“ഒരമ്മൂമ്മയാണ് . അതുമാത്രമെനിയ്ക്കറിയാം..

” ശരി. നാക്കിലയിൽ നിന്നും കറുകപ്പുല്ലെടുത്ത് വലതു കൈയ്യിലെ മോതിര വിരലിൽ മോതിരം പോലെ ചുറ്റിക്കോളു.

പിന്നീട് കർമ്മിയുടെ സ്വരം ഉയർന്നു കേട്ടു.

“എള്ളെടുത്ത് , പൂവെടുത്ത് , നീരു തൊട്ട് ,
അയാൾ പറയുന്നതിനനുസരിച്ച് അവൾ എല്ലാം ചെയ്തു കൊണ്ടിരുന്നു . അവസാനം ബലിച്ചോറുരുളയാക്കിയ നാക്കില തലയിലൂടെ പുഴയിലേക്ക് നിമഞ്ജനം ചെയ്ത് ,പുഴയിൽ മുങ്ങി നിവർന്ന് രജിത നേരെ അമ്പലത്തിലേക്ക് നടന്നു. ഈറനോടെ അമ്പലം ചുറ്റി തൊഴുത് , പ്രസാദം വാങ്ങി തിരിച്ച് അമ്പലത്തിനു പുറത്ത് സ്ത്രീകൾക്ക് വേഷം മാറാനുള്ള മുറിയിൽ നിന്നും വേഷം മാറി. അമ്പലത്തിന്റെ കൽപ്പടവുകൾ ഇറങ്ങി വരുമ്പോൾ ഏറ്റവും താഴെയുള്ള പടവിൽ ,കർമ്മി നിൽക്കുന്നതവൾ കണ്ടു.

അയാളെ നോക്കി ഒന്നു പുഞ്ചിരിച്ച് . അവൾ മുന്നോട്ട് നടന്നപ്പോഴേക്കും അയാൾ പുറകിൽ നിന്നു വിളിച്ചു..

“കുട്ടിയൊന്നു നിന്നേ .

അവൾ പുഞ്ചിരിച്ചു കൊണ്ടു തന്നെ നിന്നു .

കർമ്മി അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

” കുട്ടിയിന്ന് ബലിയിട്ടത് കുട്ടിയുടെ സ്വന്തക്കാർക്കോ , ബന്ധുക്കൾക്കോ ആണെന്നു തോന്നുന്നില്ല.കാരണം പരേതയെ പറ്റി.കുട്ടിക്ക് ഒന്നുമറിയില്ല. ബന്ധുക്കളായിരുന്നെങ്കിൽ പേരും , നാളും വയസുമൊക്കെ അറിയാതിരിക്കോ .ഇക്കാലത്ത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും പോലും പലരും ബലിയിടുന്നില്ല. അപ്പോ കുട്ടി ബലിയിട്ട അമ്മൂമ്മ, കുട്ടിയുടെ ആരാന്നറിയണമെന്നൊരു ജിജ്ഞാസ.

അവൾ പുഞ്ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു തുടങ്ങി..

“നിങ്ങൾക്ക് എന്നെ അറിയാമോ !

“ഇല്ല.,
“ഞാനീ വില്ലേജിൽ പുതുതായി വന്ന ക്ലർക്ക് ആണ്..

“അതെയോ , ഞാനീയടുത്തൊന്നും വില്ലേജിൽ വന്നിട്ടില്ല. അതോണ്ട് പരിചയം ഇല്ല.

“എനിക്ക് ആദ്യമായി കിട്ടിയ ഗവൺമെന്റ് ജോലിയാണിത്. ഫസ്റ്റ് പോസ്റ്റിംഗ് തന്നെ ഈ ഗ്രാമത്തിലാണ് ജോയിൻ ചെയ്ത് . വന്ന അന്നു തന്നെ ഞാൻ അന്വേഷിച്ചറിഞ്ഞത് കർക്കിടക വാവിന്റെ അന്ന് ബലിയിടാനുള്ള സൗകര്യമുള്ള അമ്പലം ഇവിടുണ്ടോ എന്നാണ്.ഓഫീസിൽ നിന്നാണീ അമ്പലത്തെ പറ്റി അറിഞ്ഞത്. കൊള്ളാം സൗകര്യമുള്ള ശാന്തസുന്ദരമായ സ്ഥലം.പുഴക്കരയിൽ മനോഹരമായ അമ്പലം .

“ഈ വർഷം മഴ കുറവായത് കൊണ്ടാണ്. അല്ലെങ്കിൽ നമ്മൾ നിൽക്കുന്ന ഇവിടം വരെ വെള്ളം കയറിയിട്ടുണ്ടാവും.
കുട്ടി ഞാൻ ചോദിച്ചതിനുത്തരം പറഞ്ഞില്ല.

“തിരുമേനി പറഞ്ഞത് ശരിയാണ് . ആ അമ്മൂമ്മ എനിക്കാരുമായിരുന്നില്ല.
എന്നിട്ടും അവർക്കു വേണ്ടി ബലിയിടാനൊരു നിയോഗമുണ്ടായി എനിക്ക്..ഞാൻ കോളേജിൽ പഠിക്കുന്ന
കാലം തൊട്ടേ ഞാനവരെ എന്നും രാവിലെ കാണാറുണ്ടായിരുന്നു. ഞാൻ രാവിലെ ബസ്സു കയറാൻ താഴങ്ങാടി എന്ന ബസ്റ്റോപ്പിലെത്തുമ്പോഴെല്ലാം,ആ അമ്മൂമ്മ ബസ്റ്റോപ്പിനു പുറകിലുള്ള കടവരാന്തയിൽ ചാക്ക് വിരിച്ച് അതിൽ ഇരിപ്പുണ്ടാവും. വഴിയേ പോകുന്നവരോടെല്ലാം കൈനീട്ടുന്നത് കാണാം. ചിലരെല്ലാം അവരിരിക്കുന്ന ചാക്കിൽ ചില്ലറ നാണയ തുട്ടുകൾ ഇടുന്നത് കാണാം. ഞാൻ നോക്കുമ്പോഴെല്ലാം അവരെന്നെ കറ പിടിച്ച അഞ്ചോ ആറോ പല്ലു കാട്ടി ചിരിക്കും. പക്ഷേ അവർ ഇരിക്കുന്ന സ്ഥലത്ത് മൂത്രത്തിന്റെ നാറ്റവും അവരുടെ മുഷിഞ്ഞ വേഷങ്ങളും അവരെ എന്നിൽ നിന്നുമെപ്പോഴും അകറ്റി നിർത്തിയിരുന്നു. എനിക്കവരെ കാണുമ്പോൾ അറപ്പ് തോന്നിയിരുന്നു. അവർ എന്നെ നോക്കി പലപ്പോഴും കൈനീട്ടുമായിരുന്നു.. ബസ് ചാർജ് മാത്രം കൈമുതലായുള്ള ഞാൻ , ഒരിക്കലും ഒരു ഭിക്ഷ നൽകാൻ മാത്രം സമ്പന്നയുമായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ദയനീയമായ നോട്ടം പലപ്പോഴും ഞാനവഗണിച്ചിട്ടേയുള്ളൂ.

“എന്നിട്ടും. പിന്നെങ്ങനെ അവർക്ക് വേണ്ടിയിന്ന് ബലിയിടേണ്ടി വന്നു. അതും ഒരു പിച്ചക്കാരിക്ക് വേണ്ടി..

“പറയാം. കോളേജ് പഠനത്തിന് ശേഷം എനിക്ക് നാട്ടിൽ നിന്നും നഗരത്തിലേക്ക് പോകേണ്ട ആവശ്യമില്ലാത്തത് കൊണ്ട് ഞാൻ പലപ്പോഴും താഴങ്ങാടി എന്ന സ്ഥലത്തേക്ക് വരാറില്ലായിരുന്നു.
വീട്ടിൽ ഞാനും അമ്മയും മാത്രം.എനിക്കൊരു ജോലി അത്യാവശ്യമായിരുന്നു. പിന്നീട് ഞാൻ നാട്ടിൽ തന്നെ പി .എസ് .സി കോച്ചിംഗിന് ചേർന്നു.കൂടെ പല കമ്പനികളിലേക്കും ജോലിക്ക് അപേക്ഷിച്ചു കൊണ്ടിരുന്നു. നഗരത്തിലെ ചില കമ്പനികളിൽ ഇന്റർവ്യൂവിന് പോകാനുളളപ്പോഴൊക്കെ ഞാൻ ബസ്റ്റോപ്പിലെത്തുമ്പോഴെല്ലാം അമ്മൂമ്മയെ കാണാറുണ്ട്..
ഒരിയ്ക്കൽ എനിക്ക് നഗരത്തിലുള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂന് ചെല്ലണമെന്ന് അറിയിപ്പു കിട്ടി. രാവിലെ പത്തുമണിയ്ക്കായിരുന്നു സമയം. അന്ന് ഉച്ച കഴിഞ്ഞ് പി എസ് സി പരീക്ഷയുമുണ്ടായിരുന്നു.
ഞാൻ രാവിലെ തന്നെ താഴങ്ങാടി എത്തി. ബസ്സ് വരാൻ സമയമായത് കൊണ്ട് ഞാനോടിയാണ് റോഡിലെത്തിയത്. .
റോഡ് ക്രോസ്സ് ചെയ്ത് അപ്പുറം കടക്കാൻ നോക്കുമ്പോൾ റോഡ് നിറയെ തെരുവുനായ്ക്കൾ . അവയുടെ മുരൾച്ചയും നോട്ടവും കുരയും എല്ലാം കൂടെ ആയപ്പോൾ എനിക്ക് റോഡ് ക്രോസ്സ് ചെയ്യാൻ പേടിയായി. ഞാൻ രണ്ടു മിനിറ്റോളം അവിടെ തന്നെ നിന്നു. ബസ്സ് വരാനും സമയമായി. ആ ബസ്സ് മിസ്സായാൽ പിന്നെ കുറേ കഴിഞ്ഞേ നഗരത്തിലേക്ക് ബസ്സുള്ളൂ. അടുത്ത ബസ്സിന് പോയാൽ എനിക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം ഉറപ്പാണ്.. എന്റെ നിൽപ്പ് കണ്ടിട്ട്. ആ അമ്മൂമ്മ വടിയും കുത്തിപ്പിടിച്ച് മെല്ലെ എഴുന്നേറ്റു വന്നു. അവർ നായ്ക്കളെ നോക്കി വടി വീശുന്നുണ്ടായിരുന്നു. അവർ നായ്ക്കളെ വടി വീശി അകറ്റുമ്പോഴേക്കും ബസ്സ് വന്നു. ഞാൻ അവരെ നന്ദിയോടെ ഒന്നു .നോക്കി ചിരിച്ചുകൊണ്ട് ബസ്സിൽ കയറി, ബസ്സിലിരുന്ന് പുറത്തേക്ക് ഞാൻ നോക്കുമ്പോൾ നായ്ക്കൾ കുരച്ചു കൊണ്ട് അവർക്കരുകിലേക്ക് വരുന്നുണ്ടായിരുന്നു.

ബസ്സ് ഓടിക്കൊണ്ടിരുന്നു. ബസ്സിന്റെ സൈഡ് സീറ്റിൽ ചാരിയിരുന്ന കൊണ്ട് ഞാനവരെ തന്നെ ഓർത്തു.. ആരെ കൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഉപകാരമുണ്ടാവുക എന്ന് നമുക്കൊരിക്കലും പറയാൻ കഴിയല്ല എന്ന വലിയ പാഠം ഞാൻ അന്നു പഠിച്ചു.

വേഷത്തിന്റെയോ .ജാതി മതത്തിന്റെയോ ഒന്നിന്റെയും തന്നെ വേർതിരിവുകൊണ്ട് നാമൊരാളെയും അകറ്റി നിർത്തരുതെന്നും ഞാൻ മനസ്സിലാക്കിയ ദിവസമായിരുന്നു അന്ന് . നാറ്റവും മുഷിഞ്ഞ വേഷവും ഉള്ള ആ അമ്മൂമ്മ തന്നെ വേണ്ടി വന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നേടിയെടുക്കാൻ . അവരില്ലായിരുന്നുവെങ്കിൽ എനിയ്ക്കാ ബസ്സ് മിസ്സാകുമായിരുന്നു..
നഗരത്തിലെത്തി ഇന്റർവ്യുവിന് നന്നായി തന്നെ പെർഫോം ചെയ്തു.. ആ കമ്പനിയിൽ ഞങ്ങളിൽ നാലുപേരെ ജോലിക്കെടുത്തു. ഉച്ച കഴിഞ്ഞ് ഞാൻ പി എസ് സി പരീക്ഷയ്ക്കും പങ്കെടുത്തു. പരീക്ഷ എഴുതുമ്പോഴെല്ലാം ഞാനാ അമ്മൂമ്മയെ പറ്റി ആലോചിച്ചു കൊണ്ടിരുന്നു. തിരിച്ചു വരുമ്പോ ഞാനവർക്ക് വേണ്ടി ഒരു ബിരിയാണി വാങ്ങി. ഇതവർക്ക് കൊടുക്കുമ്പോ അവരുടെ മുഖത്ത് കാണുന്ന ചിരി എനിക്ക് കാണണമായിരുന്നു. പറ്റുമെങ്കിൽ അവരോട് സംസാരിക്കണമെന്നു കരുതിയാണ് ഞാൻ താഴങ്ങാടി ബസ്റ്റോപ്പിലിറങ്ങിയത്.
അവരെ അവിടെങ്ങും കാണാനില്ലായിരുന്നു. അവരെ കാണാതായപ്പോൾ ഞാൻ മെല്ലെ കടമുറികൾക്ക് പിന്നിലേക്ക് നടന്നു.
ഹൈവേ വികസനത്തിനു വേണ്ടി പണ്ടേ ഒഴിച്ചിട്ട കടമുറികൾക്ക് പിന്നിൽ കാടുവളർന്നിരിയ്ക്കുന്നു.. റോഡ് വികസനത്തിന് വിട്ടു കൊടുത്ത സ്ഥലമായത് കൊണ്ട് അടുത്ത കടമുറികളിലൊന്നും തന്നെ ആരുമില്ല.

കുറ്റിക്കാട്ടിനുള്ളിൽ നിന്നും നായകളുടെ കടിപിടി സ്വരം കേട്ട് ഞാൻ മെല്ലെ അങ്ങോട്ട് നോക്കി. അവറ്റകൾ എന്തോ കടിച്ചു വലിക്കുന്നു. ഞാനൊരു കല്ലെടുത്ത് എറിഞ്ഞു. അവറ്റകൾ കുറച്ചപ്പുറം മാറി നിന്നുകൊണ്ട് എന്നെ നോക്കി മുരണ്ടു കൊണ്ടിരുന്നു. നിലത്തേക്ക് നോക്കിയപ്പോഴാണ് അമ്മൂമ്മയുടെ വടി അവിടെ വീണു കിടക്കുന്നത് കണ്ടത്. വടി വീശിക്കൊണ്ട് ഞാൻ കുറച്ച് മുന്നോട്ട് നടന്നു. പൊന്തക്കാടിനുള്ളിലേക്ക് ഞാനൊന്നേ നോക്കിയുള്ളൂ. അലറികൊണ്ട് ഞാൻ തിരിച്ചോടി. എന്റെ ഓട്ടം കണ്ട ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ വന്ന് നോക്കി . അമ്മൂമ്മയെ നായകൾ കടിച്ചു പറിച്ചു കൊന്നിട്ടിരിക്കുന്നു.. ഓട്ടോക്കാരൻ വിളിച്ചറിയിച്ചതിനുസരിച്ച് കൂടുതൽ ആളുകൾ വന്നു. നായകളെ എറിഞ്ഞോടിച്ചു. പിന്നീട് പോലീസും സ്ഥലത്തെത്തി. . അവർക്കു വേണ്ടി ഞാൻ വാങ്ങിയ ബിരിയാണി എന്റെ ഓട്ടത്തിനിടയിൽ എവിടെയോ വീണു പോയിരുന്നു.. ഞാൻ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് നടന്നു..

പിറ്റേന്നു മുതൽ എനിക്ക് ജോലിക്ക് പോകണമായിരുന്നു.
താഴങ്ങാടിയിലെത്തുമ്പോഴെല്ലാം അമ്മൂമ്മയിരുന്ന സ്ഥലം ഞാൻ നോക്കാറുണ്ട് .അപ്പോഴൊക്കെ എന്റെ കണ്ണു നിറയും. ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷം അന്നെഴുതിയ പി എസ് സി പരീക്ഷയിൽ എനിക്ക് വില്ലേജിൽ ജോലിയും കിട്ടി.. അമ്മൂമ്മ മരിച്ചതിനുശേഷമുള്ള എല്ലാ കർക്കിടക വാവു ദിനത്തിലും ആരോരുമില്ലാത്ത ആ അമ്മൂമ്മയ്ക്ക് വേണ്ടി ഞാൻ ബലിയിടാറുണ്ട്.

“അതേതായാലും നന്നായി കുട്ടീ ഇപ്പോൾ വാവുബലിയുടെ അന്ന് ടൂറ് പോകുന്ന പോലെയാണ് പലരും ഇവിടെ വരുന്നത്.. പലർക്കും ഇത് വെറുമൊരു ചടങ്ങ് മാത്രമാണ്.
ആരുമല്ലാത്തൊരാൾക്ക് വേണ്ടി ഹൃദയം കൊണ്ട് ബലിയർപ്പിച്ച കുട്ടിയുടെ ബലിതർപ്പണം ആ അമ്മൂമ്മയുടെ ആത്മാവിനെ മോക്ഷ പ്രാപ്തിയിലെത്തിച്ചിരിക്കാം.
മഴ വരുന്നുണ്ട്. കുട്ടി പോയ്ക്കൊളു.

പുഴയിലേക്ക് ചാറിക്കൊണ്ടിരിക്കുന്ന മഴത്തുള്ളികളെ നോക്കി രജിത മെല്ലെ അമ്പല പടവുകളിറങ്ങി നടന്നു..

✍ഷിജിത് പേരാമ്പ്ര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments