Sunday, December 8, 2024
Homeകഥ/കവിതമേലാമുറിയിലെ മൂത്താനും മണ്ണൂരിലെ റാവുത്തരും (പാലക്കാട്)... (ഒരു ലേഖന കഥ)

മേലാമുറിയിലെ മൂത്താനും മണ്ണൂരിലെ റാവുത്തരും (പാലക്കാട്)… (ഒരു ലേഖന കഥ)

മുഹമ്മദ് റാഫി മണ്ണൂർ

ഓരോ അസ്തമയ സൂര്യന്റെ കൂടെയും നമ്മുടെ നാട്ടിന്റെ കുറേ നന്മകളും കടലിൽ മറഞ്ഞു പോകുന്നു. അടുത്ത ദിവസം കിഴക്കു കല്ലടിക്കോടൻ (വള്ളുവനാടിന്റെ കിഴക്കു ഭാഗം) മലയിൽ സൂര്യൻ ഉദിക്കുമ്പോൾ പിന്നീട് നമുക്ക് ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെയേറെ നന്മകൾ.

കുറച്ചു കാലം മുൻപ് നടന്ന കഥയാണ് എന്നാൽ ഒരു പാട് കാലം മുൻപ് അല്ല. ഏകദേശം പതിനഞ്ചു ഇരുപത് വർഷങ്ങൾക്കു മുൻപ്.
ഈ കഥയിൽ പാലക്കാട് മേലാമുറിയിലെ മൂത്താനും മണ്ണൂരിലെ റാവുത്തരും ഉണ്ട്.

ആദ്യം മൂത്താന്മാരെപറ്റി പാലക്കാട് മാർക്കറ്റിൽ കച്ചവടം എന്നതാണ് അവരുടെ തൊഴിൽ.ചില്ലറ വ്യാപാരവും മൊത്തകച്ചവടവും അതിൽപെടും.പഴം പച്ചക്കറി എന്ന് വേണ്ട തുണികൾ പാത്രങ്ങൾ എല്ലാം അവർ കച്ചവടം നടത്തുന്നു..
അതിൽ തുണിയുടെ മൊത്തകച്ചവടം നടത്തുന്ന ഒരു മൂത്താനാണ് രാജഗോപൽ എന്ന രാജുവേട്ടൻ വയസ്സ് അറുപത്തിയഞ്ച് എഴുപതിനടുത്ത്. പിന്നെ, ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ സാമ്പത്തിക അടിത്തറ ഇവിടത്തെ മൂത്താന്മാരാണെന്ന് ഒരു ചൊല്ലുണ്ട്.

ഇനി പാലക്കാട് നഗരത്തിൽ നിന്നും പത്തിരുപത് കിലോമീറ്റർ ദൂരെ യുള്ള മണ്ണൂർ എന്ന ഗ്രാമത്തിലെ റാവുത്തന്മാരെ പറ്റി: “കെട്ട്കച്ചവടം” എന്ന് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ മലയാളത്തിലേക്കുള്ള പുതിയ വാക്കായി അതിനെ ചേർത്തുകൊള്ളുക. മണ്ണൂരിന്റെ വക ഒരു സംഭാവന മലയാള ഭാക്ഷയ്ക്ക്.
തുണികൾ….പലതരം തുണികൾ സാരി, ബ്ലൗസ്തുണി, ഷർട്ട്തുണി, ചുരിദാർ മെറ്റീരിയൽ, എന്ന് വേണ്ട മാക്സി അടിപാവാട തുടങ്ങിയ സകലമാന തുണിത്തരങ്ങളും ഒരു വലിയപെട്ടി പോലെ മറ്റൊരു കട്ടിയുള്ള തുണി കൊണ്ട് കെട്ടി ഒരു വലിയ ചുമടായി തലയിൽ വെച്ച് (ഇപ്പോൾ എല്ലാവർക്കും ബൈക്ക്, ഓട്ടോറിക്ഷ ഒന്നും ഇല്ലെങ്കിൽ ചെറിയ മോപ്പഡ് എങ്കിലും ആയി)വീട് വീടാന്തരം പോയി കച്ചവടം ചെയ്യുക ഇതാണ് കെട്ട്കച്ചവടം. ഒരു തരം നടക്കും ടെക്സ്റ്റൈൽസ്.
കെട്ടുകച്ചവടം ചെയ്തു ജീവിക്കുന്ന ഏതാണ്ട് നൂറോളം റാവുത്തർ കുടുംബങ്ങൾ ഉണ്ട് മണ്ണൂരിൽ. അവരിൽ പലരും അത്യാവശ്യം നല്ല താഴ്ന്ന ഇടത്തരം വരുമാനക്കാരുടെ (lower middle class) നിലവാരത്തിൽ തന്നെയാണ് ജീവിക്കുന്നത്. തെറ്റില്ലാത്ത ഓട്,കോൺക്രീറ്റ് വീടുകളൊക്കെ അവർ ഈ കച്ചവടത്തിൽ നിന്നും ഉണ്ടാക്കിയിട്ടുണ്ട്.

ഇവർ തുണികൾ മൊത്തമായി വാങ്ങുന്നത് പാലക്കാട് മൂത്താന്മാരുടെ കടയിൽ നിന്നുമാണ്, അധികവും കടം തന്നെ പിന്നെ ഓരോ ആഴ്ചയിൽ പോകുമ്പോഴും കുറേശ്ശേ ആയി കൊടുക്കും എന്നാലും നല്ലൊരു തുക പറ്റ് ബാക്കി എപ്പോഴും കാണും മൂത്താന്മാർ ചെറുകിട ഒറ്റമുറി ടെക്സ്റ്റൈൽകാർക്ക് കൊടുക്കുന്നതിലും കൂടുതൽ തുകയ്ക്ക് കെട്ടുകച്ചവടക്കാർക്ക് കടം കൊടുക്കും. എങ്ങനെ നോക്കിയാലും ഒറ്റമുറി തുണികട വെച്ചിരിക്കുന്നതിനേക്കാൾ കച്ചവടവും ലാഭവും ഇവർക്കുണ്ട്.
ഇവർ ഓരോരുത്തരും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം മാത്രമേ കച്ചവടത്തിന് പോകൂ ഓരോരുത്തർക്കും ഓരോ ദിവസവും ഓരോ റൂട്ട് ഉണ്ട്. അവരുടെ ഭാക്ഷയിൽ പറഞ്ഞാൽ ലൈൻ. അത് പരസ്പരം ക്രോസ്സ് ചെയ്യാറില്ല.മണ്ണൂരിൽ നിന്നും ഏകദേശം ഇരുപത്തിഅഞ്ച് മുപ്പതുകിലോമീറ്റർ അകലെകിടക്കുന്ന ചെർപ്പുളശ്ശേരി വല്ലപ്പുഴവരെ എത്തും ഈ റേഞ്ച്.

അതിൽ രണ്ടു റാവുത്തന്മാർ, ഒരാൾ ഇസ്മായിൽ വയസ്സ് മുപ്പത്തിയഞ്ച്.അടുത്ത കാലത്ത് കെട്ടുകച്ചവടം തുടങ്ങിയ ആൾ,പിന്നെ ഒരാൾ മുസ്തഫ കുറച്ചു പ്രായം കാണും ഏകദേശം അൻപത്തിഅഞ്ച് അറുപത്പ്രായം, മുസ്തഫ കെട്ടുകച്ചവടത്തിലൂടെ മക്കളെ ഒക്കെ പഠിപ്പിച്ചു എല്ലാവരും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു, ഇപ്പോൾ കെട്ടുകച്ചവടം പേരിനുമാത്രം.

ഇവർ രണ്ടു പേരും മറ്റു ചിലകച്ചവടക്കാരും സ്ഥിരം ആയി തുണി എടുക്കുന്നത് രാജുവേട്ടന്റെ കടയിൽ നിന്നുമാണ്. ആഴ്ചയിൽ ഒരു ദിവസം ആണ് എല്ലാവരും ചരക്ക് (തുണിതരങ്ങൾ) മൊത്തക്കച്ചവടക്കാരുടെ അടുത്ത് നിന്നും എടുക്കുക. അത് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ എന്നു വേണമെങ്കിലും ആകാം. അങ്ങനെയിരിക്കെ ഒരു ദിവസം രാജുവേട്ടന്റെ കട തുറന്നില്ല.

റാവുത്തന്മാർ അന്വേഷിച്ചു അടുത്ത കടകളിൽ, അവിടെ നിന്നും മൂപ്പർക്ക് വലിയ സുഖം പോരാ എന്ന് മറുപടി കിട്ടി.അടുത്ത രണ്ടു ആഴ്ചകളിലും ആ കട തുറന്നില്ല. റാവുത്തന്മാർ പതുക്കെ കടമാറ്റി. മറ്റുള്ള കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ തുടങ്ങി.

ഏതാണ്ട് ഒരു മാസത്തിന് ശേഷം,ഒരു വെള്ളിയാഴ്ച ദിവസം. അന്ന് പൊതുവെ റാവുത്തന്മാർ ആരും കച്ചവടത്തിന് പോകാറില്ല. വൈകുന്നേരം ഇസ്മയിലിന്റെ വീട്ടുപടിക്കൽ ഒരാൾ പ്രത്യക്ഷപെട്ടു . ചോക്ലേറ്റ് കളർ ഷർട്ട് വീതിയുള്ള കറുപ്പ് കരയുള്ള വെള്ളമുണ്ട് ഏതാണ്ട് ആറടി ഉയരം, ഒത്ത ശരീരം നെറ്റിയിൽ ഐശ്വര്യമായി ഒരു ചന്ദനക്കുറി പിന്നെ അതിനു നടുവിൽ ഒരു ചാന്ത്കുറി കയ്യിൽ ഒരു കൊച്ചു ബാഗ്.

ആഗതൻ “ആരും ഇല്ലേ”എന്നു ചോദിച്ചപ്പോൾ അകത്തു വിശ്രമിക്കുകയായിരുന്ന ഇസ്മായിൽ തന്നെ എണീറ്റ് പുറത്തേക്ക് വന്നു.
“ഞാൻ തുണിക്കട രാജുവേട്ടന്റെ മകനാണ് പേര് പ്രസന്നൻ“ ഇസ്മായിൽ അയാളെ അകത്തേക്ക് ക്ഷണിച്ചു യഥാവിധി സ്വാഗതം ചെയ്തു ഇരുത്തി ഭാര്യയോട് ചായ ഉണ്ടാക്കാൻ പറഞ്ഞു.
ആഗതൻ പറഞ്ഞു “അച്ഛന് തീരെ സുഖമില്ല. വയ്യ ഇനി കട നടത്താൻ പറ്റില്ല. ഉള്ള സാധനങ്ങൾ ഒക്കെ കമ്പനി ഏജൻറ്മാർ വന്നു തിരികെ എടുത്ത് കൊണ്ട് പോയി. പിന്നെയും കുറച്ചധികം പണം കമ്പനിക്കാർക്ക് കൊടുക്കാനുണ്ട് വേറെ കടങ്ങളും ഒരുപാട് ഉണ്ട്. കമ്പനി ഏജന്റുമാർക്ക് ഇനിയും കുറച്ചു പണം കൊടുക്കാനുണ്ട് അവരുടെ ശല്യം സഹിക്കാൻ വയ്യാതെയായി. ഞാനാണ് മൂത്തമകൻ.”
ഇസ്മായിൽ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു ആഗതൻ തുടർന്നു.
“അച്ഛൻ പറഞ്ഞു നിങ്ങൾ മണ്ണൂരിലെ കെട്ടുകച്ചവടക്കാർ എല്ലാവരും കുറെ പണം തരാനുണ്ട്. അവർ തീർച്ചയായും തരും, പോയി വാങ്ങിച്ചോളാൻ. മൊത്തമായി അല്ല ആഴ്ചയ്ക്കു ആഴ്ചയ്ക്കു പോയാൽ കുറേശ്ശേ ആയി കിട്ടും എന്ന്, എനിക്ക് അങ്ങനെ മതി എന്തെങ്കിലും കുറേശ്ശേ ആയി തന്നാൽ നന്നായിരുന്നു കണക്കുകൾ എന്റെ കയ്യിൽ ഉണ്ട്”
“അതിനെന്താ മൂത്താനെ ഞാൻ താരല്ലോ, ഞങ്ങൾ എന്നായാലും കൊടുക്കേണ്ട തുക തന്നെ അല്ലെ”ഇസ്മായിൽ ആവേശത്തോടെ പറഞ്ഞു.
അപ്പോഴേക്കും ചായ വന്നു. കൂടെ ഇസ്മയിലിന്റെ അഞ്ചു വയസ്സായ മോൾ അസ്നയും. പ്രസന്നൻ മൂത്താൻ മോളോട് പേരെന്താ ഏത് ക്ലാസ്സിലാ പഠിക്കുന്നത് എന്നൊക്കെ കുശലം ചോദിച്ചു. ആ മിടുക്കി അതിനെല്ലാം മറുപടി പറഞ്ഞു കൊണ്ട് അയാളുടെ അടുത്ത് തന്നെ ചിണുങ്ങി നിന്നു.
ചായക്കിടയിൽ ഇസ്മായിൽ ഒരു ബുക്ക് എടുത്ത് നോക്കി പറഞ്ഞു ഞാൻ രാജുവേട്ടന് 25,300 കൊടുക്കാനുണ്ട് ശരിയല്ലേ? തിങ്കളാഴ്ചയാണ് ഞാൻ ചരക്ക് എടുക്കാൻ പോകാറ് എപ്പോഴും 3,000 എങ്കിലും മൂപ്പർക്ക് കൊടുക്കും അത് പോലെ ഏകദേശം അത്രതന്നെ ചരക്ക് എടുക്കും. അങ്ങനെ തന്നെ നിങ്ങൾക്കും തന്നു തീർക്കാം തിങ്കളാഴ്ച്ച അല്ല ഇന്ന് മുതൽ തന്നെ തരാം“
ഇത്രയും പറഞ്ഞ് പുസ്തകത്തിൽ നിന്നും മുഖം ഉയർത്തി പ്രസന്നന്റെ മുഖത്ത് നോക്കിയ ഇസ്മായിൽ ചായ കുടിക്കുന്ന പ്രസന്നൻ മൂത്താന്റെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിയുന്നത് കണ്ടു.
അയാൾ അമ്പരപ്പോടെ ചോദിച്ചു. “എന്ത് പറ്റി അച്ഛന് എന്താ? എന്തിനാ സങ്കടം?” “
പ്രസന്നൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു “മണ്ണൂരിൽ മൊത്തം ഇരുപത്തിരണ്ട് ആൾക്കാരുടെ കണക്ക് എന്റെ അച്ഛൻ തന്നിട്ടുണ്ട്. അതിൽ എല്ലാവരും നിങ്ങളെ പോലെ തരാം എന്നേറ്റു. പക്ഷെ ഒരാൾ മാത്രം എന്നോട്” മൂത്താന് സങ്കടം കൊണ്ട് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ആ ആറടി ഉയരമുള്ള മനുഷ്യന് ഒരിക്കലും ചേരുന്ന ഒന്നായിരുന്നില്ല ആ സങ്കടം. അസ്ന മോൾ അമ്പരപ്പോടെ മൂത്താന്റെ മുഖത്തേക്ക് നോക്കി, പിന്നെ അവൾ കണ്ട അതിശയം അവളുടെ ഉമ്മയോട് പറയാൻ വേണ്ടി അകത്തേക്ക് ഓടി.
“ആരാണ് അത്” ഇസ്മയിൽ ചോദിച്ചു.
“മുസ്തഫിക്ക ഇത് പോലെ ഞാൻ അവിടെ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ കെട്ടിൽ നിന്നും അകത്തു നിന്നും തുണികൾ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് ഇട്ടു ഇതാ നിങ്ങളുടെ അച്ഛന്റെ തുണി ഒന്നും വിറ്റിട്ടില്ല. വേണെങ്കിൽ എടുത്തു കൊണ്ട് പൊയ്ക്കോ; എന്ന് പറഞ്ഞു…. സഹിക്കിണില്ല റാവുത്തരെ മുസ്തഫ ഇക്കയുടെ മക്കൾ ഒക്കെ ഇപ്പോൾ ഗൾഫിൽ പോയി നല്ല നിലയിൽ ആണ് എന്നറിഞ്ഞു. പക്ഷെ ഇങ്ങനെ ചെയ്യും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു”. ഇസ്മായിൽ ഒന്നും പറയാൻ കഴിയാതെ കസേരയിൽ ചാരി ഇരുന്നു.
ഇപ്പോൾ നാട്ടിൽ വളർന്നു വരുന്ന ഒരു പണക്കാരനാണ് മുസ്തഫ ഇസ്മയിലിന്റെ കുറച്ചു വീട് അപ്പുറത്താണ് താമസം. മക്കൾ രണ്ടു പേർ ഗൾഫിൽ പണ്ട് മുതൽ തൊഴിൽ കെട്ടുകച്ചവടം തന്നെയായിരുന്നു. ഇപ്പോൾ പേരിനു നടത്തന്നുണ്ട്.
“പോട്ടെ പ്രസന്നാ…..ഇപ്പൊ എന്ത് ചെയ്യാനാ അങ്ങനെ കാണിക്കുന്നവർക്ക് ദൈവം കൊടുക്കും.” പ്രസന്നൻ പോകാൻ വേണ്ടി എഴുനേറ്റു ഇസ്മായിൽ ഒരു ആയിരം രൂപ കൊടുത്തു. അത് വരവ് വെക്കാൻ പറഞ്ഞു. അടുത്ത ആഴ്ച മുതൽ കുറച്ചു കൂടുതൽ തരാം എന്ന് അറിയിച്ചു.
സന്തോഷത്തോടെ അയാൾ അത് സ്വീകരിച്ചു ഇറങ്ങിപോയി
ഇസ്മായിൽ ഓർത്തു ആദ്യമായി രാജുവേട്ടന്റെ അടുത്ത് എത്തിയ ദിവസം. നാലു വർഷങ്ങൾക്ക് മുൻപ് ആസ്ന മോൾ ജനിച്ച സമയം നാട്ടിലെ ചില്ലറ ജോലികൾ കൊണ്ട് വിശപ്പടങ്ങിയിരുന്നില്ല എന്ന ആവലാതിയുമായി ഏതൊരു ചെറുപ്പകാരനെയും പോലെ വിസ സംഘടിപ്പിച്ചു ഗൾഫിൽ പോയി അവിടെ നിന്നും വെറും മൂന്ന് മാസങ്ങൾ കൊണ്ട് മടങ്ങേണ്ടി വന്നു. വിസ കാശു പോയത് മിച്ചം. അങ്ങനെ ജീവിതത്തിനു മുന്നിൽ പകച്ചു പണ്ടാറടങ്ങി നിൽക്കുമ്പോൾ ആണ് മറ്റൊരു കെട്ടുകച്ചവടക്കാരൻ ആയ സുലൈമാനിക്ക മുഖാന്തിരം രാജേട്ടന്റെ അടുത്ത് എത്തിപെടുന്നത്. കാര്യങ്ങൾ പറഞ്ഞപ്പോൾ മൂപ്പർക്ക് യാതൊരു പ്രശ്നവും ഇല്ല കുറെ തുണികൾ കടം തന്നു.
പിന്നെ ഈ നാലു വർഷം കൊണ്ട് എത്ര പ്രാവശ്യം അവിടെ പോയിരിക്കുന്നു.
ചില ആഴ്ചകളിൽ പണം കൊടുക്കാൻ കാണില്ല അപ്പോഴും മൂപ്പര് മുഷിപ്പ് ഒന്നും പറയില്ല. സന്തോഷത്തോടെ തുണികൾ തരും.അതൊക്കെ തന്നെ മനുഷ്യജന്മം കിട്ടിയത് കൊണ്ടുള്ള മഹാഭാഗ്യം..
ഇപ്പോൾ കടങ്ങൾ തീർന്നു… കച്ചവടം ചെയ്യാൻ ഒരു ടിവിഎസ് വണ്ടി വാങ്ങി. വീടിന്റെ തേപ്പു പണി കഴിഞ്ഞു. മോളുടെയും ഭാര്യയുടെയും കഴുത്തിലേക്ക് ചെറിയ മിന്നുകൾ ഉണ്ടാക്കി, വേറൊരു കടവും ഇല്ല. സുഖമായി ജീവിക്കുന്നു. ഞാൻ മാത്രം അല്ല മണ്ണൂരിലെ മിനിമം ഒരു ഇരുപത്തിയഞ്ചു കുടുംബങ്ങൾ എങ്കിലും രാജുവേട്ടൻ കാരണം രക്ഷപെട്ടു കാണും.
ഈ സംഭവങ്ങൾ മണ്ണൂർ എന്റെ കൊച്ചു ഗ്രാമത്തിൽ എനിക്ക് മുൻപിൽ നടന്ന കാര്യങ്ങൾ ആണ് ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരു ആന്റി ക്ലൈമാക്സ് കൂടി ഉണ്ട് ഈ കഥയ്ക്ക്, അത് കൊണ്ട് മാത്രമാണ് ഇത് ഒരു കഥാരൂപത്തിൽ എഴുതണം എന്നെനിക്ക് തോന്നിയത്. ഈ സത്യ സംഭവങ്ങൾ എഴുതുവാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന അറിവും.
രണ്ടു മൂന്ന് ആഴ്ചകൾ അങ്ങനെ കടന്നു പോയി, എല്ലാ ആഴ്ചയിലും പ്രസന്നൻ പൈസ പിരിക്കാൻ വന്നു. പിന്നെ ഒരാഴ്ച്ച അയാളെ കണ്ടില്ല. രാജുവേട്ടന്റെ സുഖക്കേട് അധികമായി കോയമ്പത്തൂർ അഡ്മിറ്റ് ആണ് എന്നുള്ള വർത്തമാനം മേലാമുറിയിൽ ചരക്കെടുക്കാൻ പോയപ്പോൾ ഇസ്മായിൽ കേട്ടു.
വീണ്ടും അടുത്ത വെള്ളിയാഴ്ച്ച ദിവസം പ്രസന്നൻ കളക്ഷന് വന്നു, അസ്ന മോളോട് അയാൾ കിന്നാരം പറയുന്നതിനിടയിൽ ഇസ്മായിൽ പൈസ എടുക്കാനായി അകത്തേക്ക് പോയി ഇസ്മായിൽ ബാക്കി കൊടുക്കാനുണ്ടായിരുന്ന പതിനയ്യായിരം രൂപ മൊത്തമായി പ്രസന്നന്റെ മുന്നിലോട്ടു നീട്ടിയിട്ട് പറഞ്ഞു.
“പള്ളിനറുക്ക് കിട്ടി പ്രതേകിച്ചു വേറെ ചെലവ് ഒന്നും ഇല്ല അപ്പോൾ മൊത്തം തുകയും തരാം എന്ന് കരുതി അച്ഛന് എങ്ങനെ ഉണ്ട്?”
ആ തുക കൈ നീട്ടി വാങ്ങാതെ പ്രസന്നൻ പറഞ്ഞു.
“അച്ഛനെ വീട്ടിലേക്കു കൊണ്ടു വന്നു അങ്ങനെയിരിക്കുന്നു വലിയ മാറ്റം ഒന്നും ഇല്ല … പണം മൊത്തമായി എനിക്ക് വേണ്ട, അത് നിങ്ങളുടെ കച്ചവടത്തിനുള്ള പണമാണ്… അങ്ങനെ മൊത്തമായി ഞാൻ വാങ്ങുന്നത് ശരിയല്ല. എനിക്ക് കുറേശ്ശേ ആയി തന്നു തീർത്താൽ മതി. ഇത് ഇങ്ങനെ വാങ്ങിയാൽ അച്ഛന് ഇഷ്ടമാകില്ല”
“അത് സാരമില്ല എപ്പോഴായാലും ഞാൻ തരേണ്ടത് തന്നെ അല്ലെ വാങ്ങിച്ചോളൂ” ..ഇസ്മായിൽ വീണ്ടും നിർബന്ധിച്ചു.ഇസ്മയിലിന്റെ നിർബന്ധനത്തിനു മുന്നിൽ വഴങ്ങാതെ ആ കാശു വാങ്ങാതെ പ്രസന്നൻ മൂത്താൻ പറഞ്ഞു
“വേണ്ട റാവുത്തരെ ഇങ്ങനെ മുഴുവൻ വേണ്ട പണത്തിനു ബുദ്ധിമുട്ടൊക്കെയുണ്ട് പക്ഷെ നിങ്ങൾക്ക് കച്ചവടം ചെയ്യാൻ വെച്ച കാശു മുഴുവൻ ഞങ്ങൾ വാങ്ങി പോകുന്നത് ശരിയല്ല. നിങ്ങൾ കുറേശ്ശേ ആയി തന്നെ തന്നാൽ മതി ഈ ഗ്രാമത്തിൽ മുസ്തഫ അണ്ണൻ ഒഴികെ എല്ലാവരും ഇപ്പോൾ നല്ല പോലെ സഹകരിക്കുന്നുണ്ട്. കുറേശ്ശേ ആയി തുണികമ്പനി ഏജന്റുമാരുടെ കടങ്ങൾ തീർക്കാൻ പറ്റുന്നുണ്ട്. പിന്നെ എനിക്കുള്ള ചെറിയ പലചരക്കു കട മതി ഞങ്ങൾക്ക് ജീവിക്കാൻ നിങ്ങൾ മുൻപ് തന്നത് പോലെ ആഴ്ചയ്ക്കു എന്താണെന്നു വെച്ചാൽ തന്നാൽ മതി എന്നാൽ തന്നെ രണ്ടു മൂന്ന് മാസം കൊണ്ട് തീരുന്നതേ ഉള്ളു”
ഇസ്മായിൽ പിന്നെ നിർബന്ധിച്ചില്ല ഒരു പക്ഷെ ആദ്യമായി അയാൾ മനസ്സിലാക്കിയിരിക്കും ലോകത്തിൽ ആകെ ജനങ്ങൾ രണ്ടു വിധമേ ഉള്ളു എന്നത്. ഒന്ന് അയാളെയും മൂത്താനെയും പോലെ നല്ലവരും പിന്നെ മുസ്തഫാനെ പോലെ പണം വരുമ്പോൾ അഹങ്കാരികൾ ആകുന്ന കുറച്ചു ചീത്ത മനുഷ്യരും.
പ്രസന്നൻ മൂത്താൻ പോകാൻ വേണ്ടി എഴുനേറ്റു പതിവ് പോലെ ആസ്ന മോൾ അയാളോട് ടാറ്റ പറഞ്ഞു. അയാൾ നടന്നു പോകുമ്പോൾ ഒരു മര്യാദയ്ക്ക് വേണ്ടി ഇസ്മായിൽ ഗേറ്റ് വരെ ചെന്നു പ്രസന്നൻ മൂത്താൻ ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ ഇസ്മായിൽ ഗേറ്റ് അടച്ചു മുകളിലെ അർദ്ധവൃത്ത ലോക്ക് ഇടുന്നതിനിടയിൽ മൂത്താൻ തിരിഞ്ഞു നിന്ന് ചോദിച്ചു…
“റാവുത്തരെ ഈ പള്ളി നറുക്ക് കുലുക്കി എടുക്കുന്ന നറുക്ക് അല്ലെ ? ഒരാഴ്ചയിൽ ഒരാൾക്കല്ലേ അടിക്കു?” ഇസ്മായിൽ അതെ എന്ന ഭാവത്തിൽ തല കുലുക്കി ..
മൂത്താൻ തുടർന്നു “ഇന്ന് നിങ്ങൾ അടക്കം നാലു വീട്ടുകാർ പള്ളിനറുക്ക് അടിച്ചു എന്ന് പറഞ്ഞു പൈസ മുഴുവനും തരാൻ നിന്നു… ഞാൻ ആരുടെ കയ്യിൽ നിന്നും വാങ്ങിയില്ല. എന്റെ അച്ഛന് സുഖക്കേട് അധികമായി എന്ന് നിങ്ങൾ അറിഞ്ഞപ്പോൾ നിങ്ങൾ കാണിക്കുന്ന ഈ ദയവ് ആണ് അച്ഛൻ ചെയ്ത ഏറ്റവും വലിയ പുണ്യം”
ഇസ്മായിൽ എന്ത് പറയണം എന്നറിയാതെ നിന്നു വിളറി.തന്റെ കൊച്ചു കള്ളത്തരം കണ്ടുപിടിച്ചു എന്ന് മനസ്സിലാക്കി, ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി അങ്ങനെ നിന്നു.
“നിങ്ങളുടെ ആസ്ന മോളുടെ കഴുത്തിലെ ഒന്നര പവന്റെ മാല ഞാൻ കഴിഞ്ഞ ആഴ്ച കൂടെ കണ്ടതാ ഈ ആഴ്ച അത് കണ്ടില്ല. എന്റെ മോളുടെ മാലയും അതെ ഡിസൈൻ ആയതു കൊണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നു… അത് ബാങ്കിൽ പണയം വെക്കേണ്ട അസ്നയുടെ കഴുത്തിൽ കിടക്കുന്നത് തന്നെ അതിനു ഭംഗി” പ്രസന്നൻ മൂത്താൻ ഉള്ളു തുറന്നു ചിരിച്ചു….
ഇപ്പോൾ ഇസ്മായിലും ആ ചിരിയിൽ പങ്കു കൊണ്ടു ഈ ലോകത്ത് ഇനിയും അറബിക്കടലിൽ മറയാത്ത നന്മകളുടെ ഒരു നല്ല കാഴ്ചയായി മാറി അത്. ഇപ്പോൾ അപൂർവ്വം ആയി മാറിയ നല്ലവരുടെ കൂട്ടച്ചിരി….

മുഹമ്മദ് റാഫി മണ്ണൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments