Saturday, May 4, 2024
Homeസ്പെഷ്യൽഇന്ന് ലോകപുസ്തകദിനം (ഏപ്രിൽ 23) 'വിപ്ലവം വായനയിലൂടെ' എന്ന മുദ്രാവാക്യത്തിൻ്റെ പൊരുളറിയിക്കുന്ന ദിനം.

ഇന്ന് ലോകപുസ്തകദിനം (ഏപ്രിൽ 23) ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിൻ്റെ പൊരുളറിയിക്കുന്ന ദിനം.

ഒ.കെ. ശൈലജ ടീച്ചർ

പുസ്തകങ്ങളുടേയും വായനയുടേയും ലോകത്തെ ആഘോഷിക്കുന്ന വാർഷിക ലോകപ്രസ്ഥാനമാണ് ലോകപുസ്തകദിനം.

എല്ലാ പുസ്തകപ്രേമികൾക്കും ഒത്തുചേരാനും, വായനയുടെ സന്തോഷവും ശക്തിയും ആഘോഷിക്കാനും നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ എഴുത്തുകാരുടേയും അവരുടെ കൃതികളുടേയും സുപ്രധാന പങ്കിനെക്കുറിച്ച് ചിന്തിക്കാനുമുള്ള ഒരു ദിനം കൂടിയാണ് ഇന്ന്.

പുസ്തകങ്ങളുടെ പ്രാധാന്യം വിളിച്ചോതി 1995ൽ യുനെസ്കോയുടെ പൊതുസമ്മേളനത്തിൽ കേട്ടത് വായന പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം പുസ്തകവിതരണ മാണ്. അതിനായി പുസ്തകദിനം ആചരിക്കണം എന്നായിരുന്നു. തുടർന്ന് ഏപ്രിൽ 23 ലോകപുസ്തക ദിനമായി ആചരിക്കാൻ യുനെസ്കോ ആഹ്വാനം ചെയ്തു.

വിശ്വസാഹിത്യത്തിലെ അതികായന്മാരായ വില്യംഷേക്സ്പിയർ, മിഖ്വേൽ ഡി സെർവൻ്റീസ്, ഇൻകഗാർഡിലാസോഡിലാവേഗ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഇവരോടുള്ള ആദരസൂചകമായാണ് ഈ ദിനം തെരഞ്ഞെടുത്തത്.

വില്യം ഷേക്സ്പിയറുടെ ജന്മദിനവും ഏപ്രിൽ 23നാണെന്ന് കരുതപ്പെടുന്നു.

സ്പെയിനുമായും ബന്ധപ്പെട്ടു കിടക്കുന്നു പുസ്തകദിനത്തിൻ്റെ ചരിത്രം.

ഏപ്രിൽ 23 സ്പെയിൻ കാർക്ക് റോസാപ്പൂവ് ദിനമായിരുന്നു. 1616 ഏപ്രിൽ 23 ന് പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻമിഖ്വേൽ ഡിസെർവൻ്റീസ് മരണമടഞ്ഞു.

ഈ ദിനത്തിൽ റോസാപ്പൂവിനു പകരം പുസ്തകങ്ങൾ കൈമാറാൻ സ്പെയിൻകാർ തീരുമാനിച്ചു.
ഈ ദിനം തന്നെ യുനെസ്കോ പുസ്തകദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.

വായനയുടെ ലോകം മൊബൈൽ ഫോണിലേക്കും,ടാബിലേക്കും മാറുമ്പോൾ വായന മരിക്കുമോ, പുസ്തകങ്ങളില്ലാത്ത ലോകമുണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകൾ സ്വാഭാവികമായി ഉയർന്നുവരുന്നുണ്ട്.
എന്നാൽ വായന മരിക്കുന്നു എന്ന വിമർശനത്തിന് മറുപടിയായി പുസ്തകപ്രേമികൾക്ക് ചൂണ്ടിക്കാണിക്കാനുള്ളത് , ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുവെന്നതാണ്.

പുസ്തകങ്ങളുടെ ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ടിയുള്ള സാഹചര്യമൊരുക്കൽ, ലൈബ്രറികൾ, പുസ്തകക്കടകൾ എന്നിവയുടെ പ്രാധാന്യം കൂടി ഓർമ്മിക്കുന്ന ദിനമാണിന്ന്.

നൂറിലധികം രാജ്യങ്ങളിൽ ഇന്ന് ഈ ദിനം ആഘോഷിക്കപ്പെടുന്നു.

പുസ്തകങ്ങൾക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്.

അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്ക്കാരത്തെ വ്യാപനം ചെയ്യുന്നത് അവയിലൂടെയാണ്.

മനുഷ്യരുടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാൻ പാകത്തിൽ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്.

ഗ്രന്ഥങ്ങൾക്കുള്ള ഈ കഴിവ് പുസ്തകദിനത്തിൽ അംഗീകരിക്കപ്പെടുന്നു.

ഓരോ പുസ്തകവും വായനക്കാരന് നല്കുന്നത് വ്യത്യസ്ത അനുഭവമാണ്. നമ്മുടെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്താൻ പുസ്തകവായനയ്ക്കു കഴിയുന്നു.

ഏറ്റവും നല്ല ചങ്ങാതിയാണ് നല്ല പുസ്തകം. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനതിന് ശക്തിയുണ്ട്.
നാം നിർബന്ധമായും ശീലിക്കേണ്ട ഒരു കാര്യമാണ് വായന.

ലോകപുസ്തകദിനത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വായനയുടെ പ്രചാരകനായ ശ്രീ പി.എൻ പണിക്കരെ ഏറെ കൃതജ്ഞതയോടെ സ്മരിക്കാം.

നമ്മുടെ നാടിനെജ്ഞാനപ്രകാശത്തിലേക്ക്’ നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്ന് സുകുമാർ അഴീക്കോട് പി.എൻ പണിക്കരെ വിശേഷിപ്പിച്ചിരുന്നു.

‘വായിച്ച് വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന് മരണം വരെ ഉരുവിട്ടുകൊണ്ട് കേരളത്തിലുടനീളം നടന്നു, പുസ്തകങ്ങൾ ശേഖരിച്ചും, വായനയുടെ മഹത്വത്തെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്ത മഹദ് വ്യക്തി തൻ്റെ 17ാം വയസ്സിൽ തുടങ്ങിയതായിരുന്നു ഗ്രന്ഥശാലാപ്രസ്ഥാനം.

ലോകമെത്ര പുരോഗമിച്ചാലും, ടെക്നോളജി എത്ര കണ്ട് വളർന്നാലും പുസ്തകങ്ങൾക്കുള്ള പ്രാധാന്യത്തിന് യാതൊരുവിധ കോട്ടവും തട്ടില്ലെന്നുള്ളത് ഉറപ്പാണ്.

‘ വായിക്കുക, വളരുക, പ്രചരിപ്പിക്കുക’ എന്ന വിഷയം വായനയുടെ അപാരമായ ശക്തി തിരിച്ചറിയുന്നതിനുള്ള പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമാണ്.
എല്ലാ പുസ്തക പ്രേമികൾക്കും പുസ്തകദിനാശംസകൾ നേരുന്നതിനോടൊപ്പം വ്യക്തിപരമായി അല്പം കാര്യങ്ങൾ കൂടി പറഞ്ഞുകൊള്ളട്ടെ.

മഞ്ജരി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച എൻ്റെ പുസ്തകമായ’ കയ്യൊപ്പ്’ എന്ന കഥാസമാഹാരം, 2023 ഏപ്രിൽ 23ന്(ലോക പുസ്തകദിനത്തിൽ) അങ്കമാലിയിലുള്ള സുബോധനഹാളിൽ വെച്ച് പ്രകാശിതമായി.

പ്രസ്തുത പുസ്തകത്തിന് സുവർണ്ണതൂലികാപുരസ്ക്കാരം ജൂറി അവാർഡ്, സാഹിത്യപ്രതിഭാ പുരസ്ക്കാരം, ലളിതാംബിക സ്മാരക പുരസ്ക്കാരം, എന്നിവ ലഭിക്കുകയുണ്ടായി.

ജന്മനാട്ടിൽ നിന്നും, എൻ്റെ ഭർത്താവിൻ്റെ നാട്ടിൽ നിന്നും ആദരവുകൾ ലഭിക്കുകയുണ്ടായി.

ഈ ആദരവുകൾ എന്നിലുണ്ടാക്കുന്ന സന്തോഷവും, അഭിമാനവും ആത്മ സംതൃപ്തിയും അളവറ്റതാണ്.

പുസ്തകങ്ങൾ( അക്ഷരങ്ങൾ)നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നത് അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരു എളിയ എഴുത്തുകാരിയായ എനിക്ക് എൻ്റെ ആത്മമിത്രം പുസ്തകമാണ്.

ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള ഊർജ്ജം ലഭിക്കുന്നത് വായനയിലൂടെയും, എഴുത്തിലൂടെയുമാണ്.

എൻ്റെ എളിയ രചനകൾ ചേർത്തുവെച്ചു കൊണ്ട് ഏഴ് പുസ്തകങ്ങൾ എൻ്റെ തൂലികയിൽ നിന്നും പിറവി കൊണ്ടു.

അവ എൻ്റെ ബന്ധുമിത്രാദികൾ വായിച്ച് അഭിപ്രായം പറയുമ്പോൾ കിട്ടുന്നത് വിലമതിക്കാനാവാത്ത പ്രോത്സാഹനമാണ്. അതിലൂടെ ലഭിക്കുന്ന ആനന്ദം അപാരമാണ്..

ഈ ലോക പുസതക ദിനത്തിൽ എനിക്ക് എല്ലാവരോടുമായി പറയാനുള്ളത് ഇതാണ്.

പുസ്തകങ്ങളെ ചങ്ങാതികളാക്കൂ. നല്ല വായനയിലൂടെ അറിവും വിവേകവും നേടുക.

ആഴത്തിലൂടെയുള്ള വായന എഴുത്തിലേക്ക് നയിക്കട്ടെ. നിങ്ങളിൽ നിന്നുമുണ്ടാകട്ടെ അറിവിൻ്റെ ഭണ്ഡാരമായ പുസ്തകങ്ങൾ. അക്ഷരങ്ങളാൽ അടയാളപ്പെടുത്തട്ടെ നിങ്ങളും ചരിത്രത്തിൻ്റെ ഏടുകളിൽ.

ഒ.കെ. ശൈലജ ടീച്ചർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments