Saturday, December 7, 2024
Homeമതംപുണ്യ ദേവാലയങ്ങളിലൂടെ- (54) കാഞ്ഞൂർ പള്ളി (കാഞ്ഞൂർ സെന്റ് മേരിസ് പള്ളി)

പുണ്യ ദേവാലയങ്ങളിലൂടെ- (54) കാഞ്ഞൂർ പള്ളി (കാഞ്ഞൂർ സെന്റ് മേരിസ് പള്ളി)

ലൗലി ബാബു തെക്കെത്തല

🌻കാഞ്ഞൂർ

എറണാകുളം ജില്ലയിൽ കാലടിക്ക് തെക്കുപടിഞ്ഞാറായി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞൂർ. കാലടിയിൽ നിന്നും ആലുവക്കുള്ള വഴിയിൽ മൂന്നു കിലോമീറ്റർ ദൂരെയായാണ് കാഞ്ഞൂരിന്റെ സ്ഥാനം.
. കൊച്ചി രാജവംശത്തിന്റെ കോവിലകം കാഞ്ഞൂരിനടുത്താണ്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് ഈ പ്രദേശം ആക്രമിക്കപ്പെട്ടിട്ടുണ്ട്.

കാഞ്ഞൂരിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനാലാണ് കാഞ്ഞൂർ പള്ളി പ്രശസ്തമായിട്ടുള്ളത് . പുരാതനമായ പല കാഴ്ചകൾ കൊണ്ടും ഇവിടം സമ്പന്നമാണ്.

🌻ചരിത്രം

ചരിത്ര രേഖകൾ പ്രകാരം ഏ.ഡി 1001 – ൽ സ്ഥാപിതമായതാണ് ഈ ദേവാലയം തുടർന്ന് പല കാലഘട്ടങ്ങളിലും പള്ളി പുതുക്കി പണിതിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലാണ് കാഞ്ഞൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഫൊറോന പള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും, വിശുദ്ധ സെബസ്ത്യാനോസിനെ ചുറ്റിപറ്റിയുള്ള അത്ഭുതങ്ങളാണ് ഈ തീർത്ഥാടന കേന്ദ്രത്തെ ഇത്രകണ്ട് പ്രസിദ്ധമാക്കിയത്. ഇന്ത്യയിൽ വേറെയെങ്ങും കാണാൻ സാധിക്കാത്ത ഉദയസൂര്യനെപ്പോലെ തേജസ്സുറ്റ ആ ദിവ്യരൂപം ഇറ്റലിയിലെ മിലാനിൽ നിർമ്മിച്ച് എ.ഡി. 1600 ൽ പോർച്ചുഗീസ് മിഷണറിമാർ കാഞ്ഞൂർ പള്ളിയിൽ കൊണ്ടുവന്ന് സ്ഥാപിച്ചതാണ്. വലിയ അത്ഭുത ശക്തിയുള്ള ഈ രൂപം രൂപകൂട്ടിൽ നിന്നും പുറത്തിറക്കാറില്ല.രൂപം പുറത്തിറക്കിയ സന്ദർഭങ്ങളിൽ വിയർത്തെന്നും, അങ്ങാടിയിൽ തീപിടുത്തവും, നാട്ടിൽ പഞ്ഞം, പട, വസൂരി തുടങ്ങിയ അനർത്ഥങ്ങൾ ഉണ്ടായെന്നുമാണ് പറയപ്പെടുന്നത്.

പോർച്ചുഗീസിൽ നിന്നും കപ്പലിൽ മൂന്ന് രൂപങ്ങളാണ് കൊണ്ടുവന്നത്. ഒന്ന് കാഞ്ഞൂരിലേക്കും, രണ്ടാമത്തേത് അർത്തുങ്കൽ പള്ളിയിലേക്കും പിന്നെ അതിരമ്പുഴ പള്ളിയിലേക്കും.ഏതു സ്വരൂപമാണ് കാഞ്ഞൂർ പള്ളിയിലേക്കെന്ന ചിന്താ കുഴപ്പത്തിൽ കപ്പലിൽ വെച്ചു തന്നെ ഒരു രൂപം കാഞ്ഞൂരിനെ ലക്ഷ്യമാക്കി വടക്കു കിഴക്കായി സ്വയം തിരിഞ്ഞെന്നും അപ്പോൾ മുതൽ വിശുദ്ധൻ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി എന്നും പറയപ്പെടുന്നു.ടിപ്പു സുൽത്താനും ശക്തൻ തമ്പുരാനുമെല്ലാം ഇതിനു അനുഭവ സാക്ഷികളാണെന്നും ഭക്തജനങ്ങൾ ഏകസ്വരത്തിൽ ഏറ്റുപറയുന്നു.

🌻അത്ഭുത പ്രവർത്തകനായ കാഞ്ഞൂർ പുണ്യാളൻ

ഇവിടെ വരുന്നവർക്ക് ഒത്തിരി അത്ഭുതാനുഭവങ്ങൾ പറയുവാനുണ്ട്. നാട്ടിൽ പടർന്നു പിടിച്ച വസൂരിയിൽ നിന്ന് ഇവിടുത്തെ ജനങ്ങളെ രക്ഷിച്ചത്, ജന്മനാ കേൾവി ശക്തിയില്ലാത്ത കുട്ടിയ്ക്ക് കേൾവി ലഭിച്ചത്, പള്ളിയുടെ മുൻപിലുള്ള ഇരുനില കെട്ടിടം പൊളിക്കുമ്പോൾ അതിന്റെ മുകളിൽ നിന്നും വീണ സമയത്ത് കാഞ്ഞൂർ പുണ്യവാനേ രക്ഷിക്കണമേ….. എന്ന് കരഞ്ഞു വിളിച്ചപ്പോൾ ഒരു പോറൽ പോലുമേൽപ്പിക്കാതെ ഒരു സഹോദരനെ രക്ഷിച്ചത്.പുണ്യവാന്റെ തിരുസന്നിധിയിൽ നേർച്ച നേർന്ന് 9 നൊവേനകളിൽ മുടങ്ങാതെ വന്ന് പ്രാർത്ഥിക്കുമ്പോൾ വർഷങ്ങളായി നടക്കാത്ത വിവാഹങ്ങൾ നടക്കുന്നത്, കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്, പരീക്ഷയിൽ ഉന്നത വിജയം നേടുന്നത്. വിദേശത്ത് ജോലിക്ക് പോകുവാനുള്ള തടസ്സങ്ങൾ മാറ്റി കൊടുക്കുന്നത്, ഭൂമി വിൽക്കാൻ സാധിക്കുന്നത്.മാറാരോഗങ്ങൾ മാറികിട്ടുന്നത്, കടബാദ്ധ്യതകൾ മാറി കിട്ടുന്നത്,അങ്ങനെ എത്രയെത്ര അനുഭവങ്ങളാണ് ഇന്നും ജീവിക്കുന്ന വിളിച്ചു വിളി കേട്ട കാഞ്ഞൂരിലെ വി.സെബസ്ത്യാനോസിന്റെ മുൻപിൽ നിത്യവും സാക്ഷ്യപ്പെടുത്തുന്നു

🌻ടിപ്പുവിനെ ഓടിച്ച കാഞ്ഞൂർ പുണ്യവാൻ

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളും അമ്പലങ്ങളും തകർത്തിരുന്നു. 1790-ൽ ടിപ്പു സുൽത്താൻ കാഞ്ഞൂർ പള്ളി അക്രമിക്കുവാൻ പടയുമായി എത്തി. ടിപ്പുവിന്റെ പട വരുന്നതറിഞ്ഞ ഇടവക ജനങ്ങൾ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിനു മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി. പള്ളിയെ അക്രമിക്കുവാൻ ടിപ്പു കല്പന കൊടുത്തപ്പോൾ പുണ്യവാന്റെ അത്ഭുത ശക്തിയെക്കുറിച്ച് ഭക്തജനങ്ങൾ സുൽത്താനോട് പറഞ്ഞു. അതു കേട്ട സുൽത്താൻ പറഞ്ഞു. “ഈ കളിമൺ പ്രതിമക്ക് അത്ഭുത ശക്തി ഉണ്ടെങ്കിൽ പുണ്യവാൻ നമ്മോട് നേരിട്ട് സംസാരിക്കട്ടെ” എന്ന് .അപ്പോൾ ഭക്തജനങ്ങൾ കൂട്ട നിലവിളിയോടെ ” കാഞ്ഞൂർ പുണ്യവാനേ….! ഞങ്ങളെ കാത്തുകൊള്ളണേ ….” എന്ന് വിളിച്ചപേക്ഷിച്ചു. “എനിക്ക് ഇവിടെ ഇരുന്നുകൂടെ ” എന്ന് ഉച്ചത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിൽ നിന്ന് ശബ്ദം പുറത്തേയ്ക്ക് വന്നു.ഇത് കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുൽത്താൻ കാഞ്ഞൂർ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയന്നാണ് പഴമക്കാരുടെ ഭാഷ്യം. അന്നു മുതൽ കാഞ്ഞൂർ പുണ്യവാൻ വിളിച്ചു വിളി കേട്ട പുണ്യവാനായി അറിയപ്പെടുന്നു. പള്ളിയെ ആക്രമിക്കുവാൻ ടിപ്പു സുൽത്താൻ വന്ന സമയത്ത് പള്ളിയോട് ചേർന്നുള്ള പെരിയാറിൽ ഒരു അത്ഭുത വെള്ളപ്പൊക്കം ഉണ്ടാവുകയും അവിടെ തമ്പടിച്ചിരുന്ന പട്ടാളക്കാരും, പട കോപ്പുകളും ഒലിച്ച് പോവുകയും ചെയ്തു.

🌻കാഞ്ഞൂർ പള്ളിയും ശക്തൻ തമ്പുരാനും

ശക്തൻ തമ്പുരാൻ ജനിച്ചത് കാഞ്ഞൂർ പള്ളിയിൽ നിന്ന് ഒരു വിളിപ്പാടകലെയുള്ള വെള്ളാരപ്പിള്ളി കോവിലകത്താണ്.ഒരിക്കൽ തമ്പുരാൻ പള്ളിയുടെ മുൻപിലൂടെ കുതിരപ്പുറത്ത് എഴുന്നെള്ളുമ്പോൾ പള്ളിയുടെ പടിപ്പുരയിൽ ഇരുന്ന ഒരാൾ തമ്പുരാനെ എഴുന്നേറ്റ് വണങ്ങിയില്ല. ഇതിൽ കോപിഷ്ടനായ തമ്പുരാൻപള്ളിയുടെ പടിപ്പുര പൊളിച്ച് കളയുവാൻ ഉത്തരവ് നൽകി.ഭ്യത്യൻമാർ പടിപ്പുര പൊളിക്കുവാൻ തുടങ്ങിയപ്പോൾ, കോവിലകത്തെ ആന കോവിലകത്തെപടിപ്പുര തകർക്കുവാൻ തുടങ്ങി.കാഞ്ഞൂർ പള്ളിയിലെ സെബസ്ത്യാനോസ് പുണ്യവാൻ അത്ഭുതശക്തിയുള്ള ദിവ്യനാണന്നും, അവിടത്തെ കോപമാണ് ഇതിനു കാരണമെന്നും വെളിച്ചപ്പാട് തമ്പുരാനെ ബോധിപ്പിച്ചു. ഇതു കേട്ട തമ്പുരാന് വിശ്വാസം വരികയാൽ പ്രായശ്ചിത്തമായി പുണ്യവാന് സമർപിച്ചതാണ് പ്രസിദ്ധമായ ആന വിളക്ക്.നരസിംഹത്തിന്റെ തലയോടു കൂടിയ തുടൽ വിളക്കിന്റെ തട്ടിൽ ആനയും ആനപ്പുറത്ത് പൂണൂൽ ധരിച്ച പൂജാരിയും ആയിട്ടുള്ളതാണ് കാഞ്ഞൂർ പള്ളിയിലെ പ്രസിദ്ധമായ ആന വിളക്ക്.

🌻കാഞ്ഞൂർ പള്ളി തിരുന്നാളും പരുന്തും

ജനുവരി 20 ന് ഉച്ചക്ക് 12 മണിക്ക് ഇറങ്ങുന്ന തിരുന്നാൾ പ്രദക്ഷിണത്തിന് പുണ്യവാനെ അകമ്പടി സേവിക്കുവാൻ എല്ലാ വർഷവും പരുന്തുകൾ വട്ടമിട്ട് പറക്കുന്നതും, നട്ടുച്ചയ്ക്കും നക്ഷത്രങ്ങൾ തെളിഞ്ഞു കാണുന്നതും തീർത്ഥാടകരെ അത്ഭുതം കൊള്ളിക്കുന്നു. ഈ പരുന്തുകൾ വരുന്നതിനെ ഒരു ചരിത്രം പറയുന്നുണ്ട്. പരുന്തുകളെ പുണ്യവാന് വളരെ ഇഷ്ടമായിരുന്നു. സെബസ്ത്യാനോസിനെ, അമ്പയ്ത് മരിക്കാതെ വന്നപ്പോൾ ഗദ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കഴുകൻമാരും, നരികളും, ഉപദ്രവിക്കാതെ ആ ശരീരത്തിനു ചുറ്റും പരുന്തുകൾ കാവൽ നിന്നു. നട്ടുച്ചക്കും നക്ഷത്രങ്ങൾ മിന്നി നിന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് വി.സെബസ്ത്യാനോസ് മരിച്ച ജനുവരി 20 ന് തിരുന്നാൾ കൊണ്ടാടുന്ന കാഞ്ഞൂർ പള്ളിയിലെ പുണ്യവാന്റെ തിരുസ്വരൂപം ഇറങ്ങുമ്പോൾ മുതൽ പരുന്തുകൾ വട്ടമിട്ട് പറക്കുന്നതും, നക്ഷത്രങ്ങൾ തെളിയുന്നതെന്നും ഭക്തർ ഇപ്പോഴും വിശ്വസിക്കുന്നത്.

🌻പ്രത്യേകതകൾ

ഏ.ഡി 1001 – ൽ സ്ഥാപിതമായ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഇറ്റലിയിൽ നിന്നും പോർട്ടുഗീസുകാർ കൊണ്ടു വന്ന് സ്ഥാപിച്ചതാണ്. പള്ളിയിലെ അസാമാന്യ വലിപ്പമുള്ള മണി 16-ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിന്നും കൊണ്ടു വന്നതാണെന്നു വിശ്വസിക്കുന്നു. പള്ളിയുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം കല്ലുകളിൽ പഴയ മലയാള ഭാക്ഷാ ലിഖിതങ്ങളും വട്ടെഴുത്തു ലിഖിതങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ കല്ലുകൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ സ്ഥാപിച്ചവയാണെന്ന് കരുതി പോരുന്നു. പള്ളിയിലെ ചുമർ ചിത്രങ്ങൾ പുതിയ ചായങ്ങളാൽ പുതുക്കിയവയാണെങ്കിലും അവ വളരെ പഴക്കം ഏറിയവയാണ്. പള്ളി ഭിത്തിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള പുഷ്പാകൃതിയിലുള്ള മണ്ഡപം പഴയകാലത്തെ പ്രസംഗമണ്ഡപമാണ്. ഇത്തരത്തിലുള്ള പ്രസംഗമണ്ഡപങ്ങൾ ഇന്ന് അത്യപൂർവം പള്ളികളിൽ മാത്രമാണുള്ളത്. ഇവിടുത്തെ മാമ്മോദീസാ തൊട്ടിൽ ഭീമാകാരമായ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. ഇവിടുത്തെ ആനവിളക്കിലെ എണ്ണ ഒരു ദിവ്യ ഔഷധമായി ഭക്തർ ഉപയോഗിക്കുന്നു. ഈ ആനവിളക്ക് കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ പള്ളിയ്ക്ക് സമ്മാനിച്ചതാണ്.

🌻നേർച്ച കാഴ്ച്ചകൾ

വിശുദ്ധ സെബസ്ത്യാനോസിന്റെ നെഞ്ചിലേക്ക് എയ്തു വിട്ട അമ്പുകളുടെ സ്മരണക്കായി തിരുനാൾ ദിവസം അമ്പെഴുന്നള്ളിക്കൽ ഒരു പ്രധാന നേർച്ചയായി നടത്തുന്നു.

🌻എത്തിച്ചേരുവാനുള്ള വഴി

എറണാകുളം ജില്ലയിലെ കാലടി – അങ്കമാലി വഴിയിൽ നിന്നും 3 കിലോമീറ്റർ ദൂരം.

🌻വി.സെബസ്ത്യാനോസിന്റെ മദ്ധ്യസ്ഥ പ്രാർത്ഥന

അശരണരുടെ ആശ്രയവും, ആശാ കേന്ദ്രവുമായ വി.സെബസ്ത്യാനോസെ, വിവിധ ജീവിത പ്രശ്നങ്ങളാൽ വേദനിക്കുന്ന ഞങ്ങൾ അങ്ങയുടെ മദ്ധ്യസ്ഥ സഹായം തേടി ഈ തിരുനടയിൽ അണയുന്നു. കാരുണ്യവാനായ കാഞ്ഞൂർ പുണ്യവാനെ, എന്റെ/ ഞങ്ങളുടെ എളിയ അപേക്ഷ ദയാപൂർവ്വം സ്വീകരിച്ച് വളരെ പ്രത്യേകമായി എന്നെ / ഞങ്ങളെ അലട്ടുന്ന വിഷമതകൾ തിരുസന്നിധിയിൽ സമർപ്പിച്ച് അവ പരിഹരിച്ച് തരണമേ എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. ജീവിതത്തിലെന്നും അങ്ങയെപ്പോലെ സ്നേഹനിധിയായ യേശു നാഥനോട് വിശ്വസ്ഥരായി വർത്തിക്കുവാനും, ദൈവതിരുമനസ്സിന് കീഴ് വഴങ്ങി ജീവിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെ.

ലൗലി ബാബു തെക്കെത്തല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments