മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. വീണ്ടുമൊരിക്കൽ കൂടി ദൈവ വചനവുമായി എല്ലാവരുടെയും മുന്നിലെത്താൻ തന്ന സാവകാശത്തിനായി നന്ദിയോടെ സ്തുതിക്കുന്നു. യഹൂദപ്രമാണവും, മറ്റെല്ലാ നിയമസംഹിതകളും, നിയമങ്ങളും തെറ്റുകാരനെ ഇല്ലായ്മ ചെയ്തോ, ജയിലിലിട്ടോ സമൂഹത്തിന്റെ പ്രശ്നങ്ങൾ തീർക്കുവാൻ ശ്രമിക്കുമ്പോൾ യേശുക്രിസ്തു തന്റെ ക്യപയാൽ പാപിയിലെ പാപത്തെ നശിപ്പിച്ചു അവനെ സമൂഹത്തിൽ ദൈവത്തിനു കൊള്ളാവുന്നവനാക്കി മാറ്റുന്നു.
യോഹന്നാൻ 8 -3
“ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിർത്തി ”
വ്യഭിചാരകുറ്റത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദന്മാരുടെ നിയമ പ്രകാരം കല്ലെറിഞ്ഞു കൊല്ലുവാൻ കൊണ്ടുവന്നിരിയ്ക്കുകയാണ്. കൂട്ടം കൂടി നിന്നവരെല്ലാം ആകാംക്ഷയോടെ നോക്കിനിൽക്കുകയാണ് യേശു എന്താണ് പറയുന്നത്.
യോഹന്നാൻ 8-7
“നിങ്ങളിൽ പാപമില്ലാത്തവൻ ഒന്നാമത് കല്ലെറിയട്ടെ ”
യേശു പാപമില്ലാത്തവനെന്ന വാക്കുകൾ തിരിച്ചു ചോദിക്കുമ്പോൾ കല്ലെറിയാൻ വന്നവരിൽ ആർക്കും പാപിയല്ലെന്ന് സ്വയം പറയുവാനാവാത്തതിനാൽ എല്ലാവരും അവിടെനിന്നും പോയി. വാക്യം താഴോട്ട് വായിക്കുമ്പോൾ ” മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി ” അതേ മനസ്സാക്ഷി
കുറ്റം വിധിക്കും. പുറമേ പറയുന്ന വാക്കുകൾക്കും പ്രവ്യത്തിയ്ക്കുമപ്പുറം ഹൃദയ വിചാരങ്ങളെ അറിയുന്ന ദൈവമാണ് യേശു.
യോഹന്നാൻ 1-17
“ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു, ക്യപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു ”
പാപമില്ലാത്തവനായ യേശുവിനു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാമായിരുന്നു എന്നാൽ സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും യേശു അവളിലെ പാപത്തെയാണ് നശിപ്പിച്ചത്. ശിക്ഷിക്കപ്പെടുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് മാനസാന്തരമുണ്ടാകില്ല പകരം ദേഷ്യമാണ് ഹൃദയത്തിലുണ്ടാകുന്നത്.
എഫെസ്യർ 2- 8-9
“ക്യപയാലല്ലോ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്, അതിനു നിങ്ങൾ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല.”
പാപം ചെയ്യുമ്പോൾ ആത്മാവ് ദൈവമായുള്ള ബന്ധത്തിൽ നിന്ന് വിട്ടുപോകുകയും ഹൃദയം കഠിനപ്പെടുകയും ചെയ്തു ആത്‍മീക മരണം സംഭവിക്കുന്നു. ഇതാണ് സ്ത്രീയിലും സംഭവിച്ചത്. ആ സ്ത്രീ തുടർന്നു നിശ്ചയമായും പാപജീവിതം വിട്ടു യേശുവിനോടുള്ള നന്ദിയിൽ ഒരു വിശുദ്ധയായി ശിഷ്ട ജീവിതം നയിച്ചുവെന്ന് കരുതാം.
പ്രിയരേ കുറ്റമൊന്നും ചെയ്യാത്തെ ശരീരം ഉഴവുചാൽ കീറി മുറിച്ചിട്ടും, ആണിയിൻമേൽ തൂങ്ങിയാടുമ്പോളും പാപികളായ നമ്മളെ വീണ്ടെടുത്തു ദൈവ സന്നിധിയിൽ നിർത്തുകയായിരുന്നു ലക്ഷ്യം. ദൈവ മക്കളായി ഭൂമിയിൽ നല്ല മനസ്സാക്ഷിയോട് കൂടി ജീവിക്കാം. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാത്ഥിക്കുന്നു. ആമേൻ
തയ്യാറാക്കിയത്: പ്രീതി രാധാകൃഷ്ണൻ✍