Sunday, May 19, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 08 | ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 08 | ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഓരോന്നിനും അതിൻ്റേതായ സമയം ആവശ്യമാണ്
———————————————————————————

ആയോധനകല അഭ്യസിക്കാനെത്തിയ ഒരു ചെറുപ്പക്കാൻ ഗുരുവിനോടു ചോദിച്ചു: “ഇതു വിജയകരമായി പൂർത്തീകരിക്കാൻ, എത്ര നാൾ വേണ്ടി വരും ?” ഗുരു പറഞ്ഞു: ” പത്തു വർഷം”. ചെറുപ്പക്കാരൻ അല്പം അക്ഷമയോടെ പറഞ്ഞു: “ഞാൻ വളരെ വേഗത്തിൽ പഠിക്കുന്ന ആളാണ്. കഠിനാദ്ധ്വാനം ചെയ്യാനും തയ്യാറാണ്. ആവശ്യമെങ്കിൽ, ദിവസം പത്തോ, പതിനഞ്ചോ മണിക്കൂർ പരിശീലിക്കാം. അങ്ങനെയെങ്കിൽ എത്ര നാൾ വേണ്ടി വരും? ” ഗുരു പറഞ്ഞു: “ഇരുപതു വർഷം!”

വേഗം മാത്രമല്ല വിജയത്തിൻ്റെ അടിസ്ഥാനം. വിനയവും വിവേകവും കൂടിയാണ്. ഓരോന്നിനും ആവശ്യമായ സമയവും സാവകാശവും നൽകാതെ, അതു ഫലപ്രദമായി പൂർത്തീകരിക്കാനാവില്ല. പൂവ് വിരിയിക്കാനാകില്ല. അതു താനെ വിരിയണം. വികസിക്കാനും വിരിയാനുമാവശ്യമായ സമയം അതിനനുവദിച്ചേ മതിയാകൂ. ഒറ്റപ്പെട്ട ഇതളുകളല്ല പൂവ്. അതൊരു സമഗ്രതയാണ്. അതിന് സ്വയം രൂപപ്പെടാനാവശ്യമായ ഒരു സമയമുണ്ട്. അത് അനുവദിക്കാതെ, ഒരു പൂവും വിരിയുകയില്ല. ഓരോന്നിൻ്റെയും സമയക്രമവും താളക്രമവും മനസ്സിലാക്കാതെ, രാവിലെ വിതച്ച്, ഉച്ചയ്ക്കു വളമിട്ട്, വൈകിട്ടു കൊയ്യാൻ ഇറങ്ങിയാൽ, അതു നടക്കില്ല.

ക്ഷമയും സഹനവും സ്വയം ശീലിച്ച്, ആദ്യം മനസ്സിനെ പാകപ്പെടുത്തണം. പക്വത പ്രാപിച്ച മനസ്സുപയോഗിച്ചു വേണം, പുതിയ അറിവും കഴിവും നേടാൻ. എത്ര വേഗത്തിൽ പഠിച്ചു എന്നതിനേക്കാൾ, എത്ര മികവോടെ പഠിച്ചു എന്നതാണ് പ്രധാനം. തീവ്ര പ്രയത്നവും, അതിവേഗ പരിശീലനവും നടത്തി, മറ്റുള്ളവരേക്കാൾ മുമ്പേ, സകലവും കൈവശമാക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തം നിലനില്പു തന്നെ ചിലപ്പോൾ, അപകടത്തിൽ ആയേക്കാം.

എന്തു പഠിക്കുന്നുവോ, അതു പകർന്നു നൽകുന്നവർക്കു സ്വയമേവ വിധേയപ്പെടാനുള്ള മനസ്സാണ് ആദ്യം ഉണ്ടാകേണ്ടത്. പൂർണ സമർപ്പണമാണ് വിജയകരമായ പoനത്തിൻ്റെ ആദ്യപടി. ബാക്കിയെല്ലാം പുറകേ വന്നു കൊള്ളും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments