Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 20 | തിങ്കൾ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 20 | തിങ്കൾ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ലക്ഷ്യം മറക്കാതിരിക്കാം
————————————————-

എന്ത് അന്വേഷിച്ചിറങ്ങിയോ, അതിലേക്ക് എത്തിച്ചേരാൻ കഴിയാതിരിക്കുന്നു എന്നതാണ് നമ്മിൽ പലരുടേയും പ്രശ്നം! പല കാരണങ്ങൾ കൊണ്ടാകാം അത്. ചിലർ വഴി തെറ്റി നടക്കും; ചിലരുടെ യാത്ര വഴികാട്ടികളിൽ അവസാനിക്കും. മറ്റു ചിലരാകട്ടെ, മാർഗദർശികളിലെ മാർഗഭ്രംശം കണ്ടു നിരാശരായി, എല്ലാം പാതിവഴിയിൽ അവസാനിപ്പിക്കും.

ദൈവത്തെ അന്വേഷിക്കുന്നവർ തേടേണ്ടത് ദൈവത്തെ മാത്രമായിരിക്കണം. സത്യത്തെയോ നീതിയേയോ അനുഗമിക്കുന്നവർ പിൻതുടരണ്ടത് അവയെത്തന്നെ ആകണം. ഈശ്വരനിലേക്കുള്ള വഴികാട്ടികളായി വർത്തിക്കുന്നവരുടെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിച്ച്, അതിൻ്റെ അടിസ്ഥാനത്തിൽ, ഈശ്വരനെ തള്ളിക്കളയുകന്നതാണ് യഥാർത്ഥത്തിൽ ഈശ്വര നിഷേധം’

എല്ലാറ്റിനേയും മുൻവിധിയോടെ മാത്രം കാണുന്നവർക്ക് ഈശ്വരനേയും അങ്ങനെ മാത്രമേ കാണാനാകൂ. അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയും, അപകടങ്ങളിൽനിന്നു രക്ഷപെടാൻ വേണ്ടിയുമുള്ള ഒരത്ഭുത സങ്കല്പം മാത്രമാണ് പലർക്കും ദൈവം. ദൈവാന്വേഷണത്തിലെങ്കിലും, സ്വന്തം വഴികളും വാശികളും മാറ്റിവച്ച് പുതിയൊരു പാത പിൻതുടരാൻ കഴിയിരുന്നുവെങ്കിൽ, ആ വഴിയോരങ്ങളിൽ എവിടെയെങ്കിലും നമുക്കു ദൈവത്തെ കണ്ടെത്താനായേനേ.

എല്ലാ സത്യാന്വേഷികളുടെയും പിന്നാലെ പ്രലോഭനളുണ്ടാകും. ചിലർ പണത്തിൻ്റെയും പ്രശസ്തിയുടെയും, ആദ്യ പ്രലോഭനത്തിൽത്തന്നെ വീഴും. വേറേ ചിലർ, അധികാരങ്ങളുടെയും, ആർക്കൂട്ടങ്ങളുടെയും, ആകർഷണ കേന്ദ്രങ്ങളായിത്തീർന്ന് അവസാനിക്കും. സ്വന്തം വഴികളുടെ അകർഷണങ്ങളെ അതിജീവിക്കാൻ ആകാത്തവർ ഈശ്വരൻ്റെ വഴികളിൽ നിന്ന് വളരെപ്പെട്ടന്ന് അകന്നു പോകും. ഇച്ഛകളുടെ പിന്നാലെ നടക്കുന്നവർക്ക്, ഈശ്വരൻ എന്നും അപ്രാപ്യനായിരിക്കും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments