Sunday, June 23, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 20 | തിങ്കൾ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 20 | തിങ്കൾ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഇന്ന് ഒരു കഥ പറഞ്ഞു കൊണ്ട് ചിന്താ പ്രഭാതം ആരംഭിക്കാം. അന്ധയായ ഒരു പെൺകുട്ടിക്ക്‌ കാഴ്ച്ച ലഭിച്ച കഥ. അതിങ്ങനെ

കാഴ്ചയില്ലാത്തൊരു പെൺകുട്ടിക്ക്‌ ജീവിതത്തോട്‌ വല്ലാത്ത മടുപ്പു തോന്നി. ചുറ്റുമുള്ള മുഴുവൻ മനുഷ്യരും നിറങ്ങളെ ആസ്വദിക്കുന്നു, തനിക്കു മാത്രം അതിനു പറ്റാത്തതിൽ അമർഷവും സങ്കടവും പെരുകി. പക്ഷേ, അവളുടെ ജീവിതത്തിലേക്ക്‌ വന്ന പുതിയൊരു സുഹൃത്ത്‌ അവളുടെ ചിന്തകളെയാകെ മാറ്റിമറിച്ചു. അവന്റെ സൗമ്യമായ വാക്കുകൾ അവളുടെ മനസിന്‌ തണുപ്പേകി. വിധിയെ പഴിച്ചുള്ള വാക്കുകൾ ഇല്ലാതായി. ജീവിതത്തിനോടും തൻ്റെ ആയുസ്സിനോടും അവൾക്ക്‌ സ്നേഹം കൂടി. ഒരു ദിവസം അവനോട്‌ അവൾ പറഞ്ഞു നിന്നേയും ഏനിക്ക്‌ പ്രിയപ്പെട്ട എല്ലാവരേയും കാണാൻ തോന്നുന്നു. ഇനിയുള്ള ജീവിതം നിന്റെ കൂടെ ആകണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്‌. എന്റെ വീട്ടുകാരും അത്‌ ആഗ്രഹിക്കുന്നുണ്ട്‌. പക്ഷേ, കാഴ്ച കിട്ടിയാൽ മാത്രമേ ഒരുമിച്ചുള്ളൊരു ജീവിതം എനിക്കാഗ്രഹമുള്ളൂ.

ആ വാക്കുകൾ ഹൃദയം കൊണ്ടാണവൻ കേട്ടത്‌. അവളുടെ ആഗ്രഹം അവന്റേയും ആഗ്രഹമായിത്തീർന്നു. കണ്ണുകൾ ദാനം ചെയ്യാൻ ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ച്‌ അവനൊരുപാട്‌ അലഞ്ഞു. ആ അന്വേഷണം വിജയം കണ്ടു. അവൾക്ക്‌ കാഴ്ച ലഭിക്കാൻ പോവുന്നു!

സർജറി വിജയകരമായി അവസാനിച്ചു. നീണ്ട വിശ്രമത്തിനൊടുവിൽ അവളുടെ കണ്ണിലെ കെട്ടുകൾ അഴിച്ചു മാറ്റാൻ തുടങ്ങി. സന്തോഷം കൊണ്ട്‌ അവളുടെ നെഞ്ചു വിങ്ങി. ഡോക്ടർ‌ കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ നിറങ്ങളുടെ വൈവിധ്യ ഭംഗിയിലേക്ക്‌ അവൾ കൺപോളകൾ വിടർത്തി. എല്ലാവരേയും കണ്ടിട്ടും ആ സുഹൃത്തിനെ മാത്രം ഇതുവരെ കണ്ടില്ല.

ദിവസങ്ങൾ കഴിഞ്ഞാണ്‌ ആ കൂടിക്കാഴ്ചയുണ്ടായത്‌. അവനെക്കാണാൻ അവൾ കാത്തിരിപ്പിലായിരുന്നു.പക്ഷേ, തമ്മിൽക്കണ്ടപ്പോൾ അവൾ ഞെട്ടി, രണ്ടു കണ്ണിനും കാഴ്ചയില്ലാത്തവനാണ്‌ ആ കൂട്ടുകാരൻ.

കാഴ്ചയുള്ള ജീവിതത്തിന്റെ രസങ്ങളൊക്കെ പറഞ്ഞെങ്കിലും വിവാഹത്തേക്കുറിച്ച്‌ മാത്രം അവളൊന്നും പറഞ്ഞില്ല. അവളത്‌ മറന്നതുപോലെ തോന്നി, ഒരുദിവസം അവൻ അതേക്കുറിച്ച്‌ ഓർമപ്പെടുത്തിയപ്പോൾ അവൾ മനസിലുള്ളതു തുറന്നു പറഞ്ഞു; ഇല്ല, താൽപ്പര്യമില്ല. കാഴ്ചയുള്ള ഒരാളെ മതി എനിക്ക് ഭർത്താവായി.

ആ വാക്കുണ്ടാക്കിയ ഹൃദയ ഭാരത്തോടെ അവൻ യാത്ര ചോദിച്ചു. പിന്നൊരിക്കലും അവളുടെ വഴിയിലേക്ക്‌ അവൻ വന്നതേയില്ല. ആഴ്ചകൾക്കു ശേഷം ഒരു കത്ത്‌ അവളെത്തേടി വന്നു. ഒരുമിച്ചുള്ള ജീവിതം ഞാൻ കാത്തിരുന്നതാണ്‌. നീയത്‌ ആഗ്രഹിക്കുന്നില്ല എന്നറിഞ്ഞപ്പോൾ കഠിനമായ ദു:ഖം തോന്നി. നിന്നെ ഓർക്കുമ്പോൾ സങ്കടവും ദേഷ്യവും മാറിമാറി വരുന്നു. അതുകൊണ്ട്‌ ഇനി ഓർക്കാൻ ഞാൻ നിൽക്കുന്നില്ല, ഞാനെന്റെ ജീവിതവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നു. പിന്നെ ചെറിയൊരു കാര്യം പറയട്ടെ, നിനക്കു കിട്ടിയ ആ കണ്ണുകളെ നല്ല പോലെ ശ്രദ്ധിക്കണം. പരിക്കുകളില്ലാതെ സൂക്ഷിക്കണം. കാരണം നിന്റേതാകുന്നതിനു മുമ്പ്‌ അത്‌ എന്റേതായിരുന്നു.

എളുപ്പമല്ല, എന്നാലും വേദനിപ്പിച്ചവരേ വിട്ടുകളയുക. മറക്കാനോ പൊറുക്കാനോ ഒന്നും നിൽക്കേണ്ട. ചുറ്റും നോക്കിയിരുന്നാൽ ഓർമകൾ വന്ന് മുറിവിൽത്തൊടും.‌ മുന്നിലേക്കു നോക്കി സ്വന്തം ജീവിതത്തേയും കെട്ടിപ്പിടിച്ച്‌ യാത്ര തുടരുക.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments