Wednesday, April 24, 2024
Homeസിനിമകാണുന്ന സിനിമയ്ക്ക് മാത്രം പണം: രാജ്യത്ത് ആദ്യം; സർക്കാരിന്റെ സി സ്പേസ് ഒടിടി വ്യാഴാഴ്ച മുതൽ.

കാണുന്ന സിനിമയ്ക്ക് മാത്രം പണം: രാജ്യത്ത് ആദ്യം; സർക്കാരിന്റെ സി സ്പേസ് ഒടിടി വ്യാഴാഴ്ച മുതൽ.

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് ഒടിടി വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. 7ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യും. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിലാണ് സി സ്പേസ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 42 സിനിമകളാണ് പ്രദർശനത്തിനെത്തുക. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി സ്ട്രീം ചെയ്യും.

കെഎസ്എഫ്ഡിസിക്കാണ് സി സ്പേസിന്റെ നിർവഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ വി ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെയുള്ള 60 അംഗ ക്യൂറേറ്റർ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങൾ വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദർശിപ്പിക്കും.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിർമാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിനിമയെ ഗൗരവമായി കാണുന്നവരെയും ചലച്ചിത്ര പഠിതാക്കളെയും പരിഗണിക്കുന്നതും കേരളീയ കലകളെയും സാംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതുമായ ഉള്ളടക്കവും സി സ്പേസിൽ ഉണ്ടാകും. സി സ്പേസ് വഴി കലാലയങ്ങളിലടക്കം ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

നിർമ്മാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റർ ഉടമസ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ് ഡിസി മാനേജിംഗ് ഡയറക്ടർ കെ വി അബ്ദുൾ മാലിക് പറഞ്ഞു.

നിർമ്മാതാക്കൾക്ക് അവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിർമാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നൽകിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗിൽ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും സി സ്പേസ് ഉദ്ദേശിക്കുന്നുണ്ട്. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവെക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കെഎസ്എഫ് ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ, കെഎസ്എഫ് ഡിസി എംഡി കെ വി അബ്ദുൾ മാലിക്, കലാ സാംസ്കാരിക മേഖലയിലെ മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments