Sunday, May 12, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 19, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 19, 2024 തിങ്കൾ

🔹വാലൻ്റൈൻസ് ദിനത്തിൽ കാണാതായ അലബാമ ദമ്പതികളെ വെള്ളിയാഴ്ച വാഹനത്തിനുള്ളിൽ വെടിയേറ്റ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതായി ബർമിംഗ്ഹാം പോലീസ് ശനിയാഴ്ച അറിയിച്ചു. 20 കാരനായ ക്രിസ്റ്റ്യൻ നോറിസും 20 വയസ്സുള്ള കാമുകി ആഞ്ചെലിയ വെബ്‌സ്റ്ററും വാലൻ്റൈൻസ് ദിനത്തിൽ ഒരു വെള്ള ഫോർഡ് ടോറസിൽ സിനിമയ്ക്ക് ഡേറ്റിംഗിന് പോയപ്പോഴാണ് അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.

🔹ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനെ ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.. 2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ആയി സണ്ണി മാളിയേക്കൽ(പ്രസിഡണ്ട്) , സിജു വി ജോർജ് (വൈസ് പ്രസിഡന്റ്), ബിജിലി ജോർജ്( സെക്രട്ടറി), അനശ്വർ മാമ്പിള്ളിൽ (ജോയിന്റ് സെക്രട്ടറി), പ്രസാദ് തിയോഡിക്കൽ (ട്രഷറർ) ,തോമസ് ചിറമേൽ (ജോയിന്റ് ട്രഷറർ) , അഡ്‌വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ അഡ്‌വൈസറി ബോർഡ് അംഗങ്ങളായി പി പി ചെറിയാൻ, സാം മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

🔹വിദേശ രാജ്യങ്ങളിൽ പഠിച്ച നഴ്സുമാരുടെ വിദ്യാഭ്യാസയോഗ്യത നിർണ്ണയിക്കുന്ന കമ്മീഷൻ ഓൺ ഗ്രാജുവേറ്റ്സ് ഓഫ് ഫോറിൻ നഴ്സിംഗ് സ്‌കൂൾസിന്റെ ((സി ജി എഫ് എൻ എസ് ഇന്റർനാഷണൽ) അലയൻസ് ഫോർ എത്തിക്കൽ ഇന്റർനാഷണൽ പ്രാക്ടീസ് ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക് മലയാളിയായ സുജ തോമസ് നിയമിതയായി. നഴ്സിംഗ്, ആരോഗ്യമേഖലയിലെ ഫിസിക്കൽ തെറാപ്പി പോലുള്ള പല പ്രൊഫഷണലുകളുടെ വിദ്യാഭ്യാസത്തിന്റെ യോഗ്യതാനിര്ണയം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് സി ജി ഫ് എൻ എസ്.

🔹ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. അതേസമയം മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും, പി മോഹനനന്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് പ്രോസിക്യൂഷനും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 നാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

🔹മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഡയറക്ടറുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ ചെന്നൈ ഓഫിസിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. മൊഴി നല്‍കാന്‍ എത്തിയതാണെന്നാണ് സൂചന.

🔹തിരുവനന്തപുരം പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നും 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ് – റബീന ദേവി ദമ്പതികളുടെ മകളായ മേരിയെ ഇന്നലെ രാത്രി 12 മണിയോടെ കാണാതായതെന്നാണ് മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

🔹കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. വന്യമൃഗ ശല്യത്തില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് കൈമാറി. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് ഗവര്‍ണര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

🔹തൃശൂര്‍ മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

🔹പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്താണ് അടൂര്‍ പൊലീസ് സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

🔹കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട് ഉയര്‍ന്ന താപനില 37ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നും, പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

🔹ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പൊള്ളലേറ്റതിനെ തുടര്‍ന്ന് രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം കൂട്ടില്‍ പാര്‍പ്പിച്ചതിനെ എതിര്‍ത്ത് ബംഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

🔹ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. ന്യൂസീലന്‍ഡാണ് ഒന്നാമത്. മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഈ മാസം 23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ്.

🔹ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഒരിടത്ത് തന്നെ സ്റ്റാറ്റസ് പ്രിവ്യൂവും ചാനല്‍ ലിസ്റ്റും കാണാവുന്ന തരത്തില്‍ സ്റ്റാറ്റസ് ബാര്‍ ക്രമീകരിക്കുന്നതാണ് പുതിയ മാറ്റം. സ്റ്റാറ്റസ് ബാറിന്റെ പുതിയ പുനര്‍രൂപകല്‍പ്പന ഉപയോക്താക്കള്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു.

🔹ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അമരന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത് തന്നെ റിലീസാകും. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രം എന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments