Saturday, November 30, 2024
Homeസ്പെഷ്യൽശുഭചിന്ത - (101) പ്രകാശഗോപുരങ്ങൾ - (77) 'സ്ത്രീ'

ശുഭചിന്ത – (101) പ്രകാശഗോപുരങ്ങൾ – (77) ‘സ്ത്രീ’

പി. എം.എൻ.നമ്പൂതിരി.

സ്ത്രീകൾക്കു മാന്യപദവി നൽകുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു രാജ്യവും ഉത്കൃഷ്ട പദവി അർഹിക്കുന്നില്ല എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ്റെ നാടാണിത്. സ്ത്രീ അമ്മയാണ്. മനുഷ്യരാശിയുടെ നിലനില്പിനു തന്നെ കാരണക്കാരി സ്ത്രീയാണ്. ന സ്ത്രീ സ്വാതന്ത്ര്യമർഹതി മനുസ്മൃതിയിലെ ഈ വരികൾ വളരെയേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ അർത്ഥം വൈദികനിഘണ്ടുവിനെയും വേദാർത്ഥപ്രകാശത്തേയും ആധാരമാക്കി ചിന്തിക്കുമ്പോൾ, സ്വ- തന്ത്രം – സ്വന്തമായി ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തിയാലേ സ്ത്രീകൾക്കു ജീവിക്കാനാവൂ എന്ന നില വരുത്തരുത് എന്നാണ് ആശയം. ബാല്യത്തിൽ യുവാവായ അച്ഛൻ, യുവതിയാകുമ്പോൾ യുവാവായ ഭർത്താവ്, വാർദ്ധക്യത്തിൽ യുവാവായ പുത്രൻ ഇങ്ങനെ ജീവിതകാലം മുഴുവൻ കഴിവുള്ളവരുടെ സംരക്ഷണം സ്ത്രീക്കു ലഭിച്ചിരിക്കണം എന്നാണ് മനു അനുശാസിക്കുന്നത്. മനുസ്മൃതിയിൽ തന്നെ മറ്റൊരിടത്തുപറയുന്നു:

“യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ
യ ത്രൈ താസ്തു ന പൂജ്യന്തേ
സർവ്വാസ് തത്രാ ഫലാ ക്രിയാ “

എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ പ്രസാദിക്കുന്നു. എവിടെ അവർ പൂജിക്കപ്പെടുന്നില്ലയോ അവിടത്തെ പ്രവർനങ്ങളത്രയും നിഷ്ഫലങ്ങളാവും.

ജനകമഹാരാജാവിൻ്റെ സദസ്സിലെ ഗാർഗിയും യാജ്ഞവല്ക്യൻ്റെ സഹധർമ്മിണിയായ മൈത്രേയിയും ഉപനിഷത്തുക്കളിൽ പരാമർശിക്കപ്പെടുന്ന സ്ത്രീരത്നങ്ങളാണ്. പുരാണങ്ങളിൽ
അഹല്യാ ദ്രൗപദീ സീതാ,
താരാ മണ്ഡോദരീ തഥാ.
എന്നീ പഞ്ചകന്യകകളെപ്പറ്റിയും പറയുന്നുണ്ട്. ഭാരതീയ വനിതാ ദർശനമാണ് സീത. പല രാമന്മാരും ഉണ്ടായിരിക്കാം. പക്ഷെ സീത ഒന്നേയുണ്ടായിട്ടുള്ളൂ. ഉത്തമപത്നി എന്ന നിലയിലാണ് സീത പ്രകീർത്തിക്കപ്പെടുന്നത്. ഭാരതീയജീവിതത്തിൽ പത്നിക്കു രണ്ടാം സ്ഥാനമാണ് കല്പിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനം എന്നും അമ്മയ്ക്കാണ്. നിസ്വാർത്ഥയും സർവ്വംസഹയും സദാ ക്ഷമാശീലയുമാണ് മാതാവ്. ഭാഗവതത്തിലെ ധ്രുവമാതാവായ സുനീതിയും ഭാരതത്തിലെ കുന്തിയും ഒക്കെ അമ്മയുടെ ഉദാഹരണങ്ങളാണ്.”” പുരാണങ്ങളെല്ലാം അസ്തമിച്ചേക്കാം. വേദങ്ങൾപോലും മറഞ്ഞു പോയെന്നുവരാം. പക്ഷെ കുന്തീചരിതം എന്നും നിലനിൽക്കും. എന്നാണ് വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. രാമായണത്തിലെ സുമിത്രയും സ്ത്രീത്വത്തിൻ്റെ, മാതൃത്വത്തിൻ്റെ മഹനീയ മാതൃകയാണ്. കോപത്താൽ ഉറഞ്ഞുതുള്ളുന്ന കൈകേയിയുടെയും താപത്താൽ വിങ്ങിപ്പൊട്ടുന്ന കൗസല്യയുടെയും മദ്ധ്യേ മൂകയായി നിൽക്കുന്ന സുമിത്രയെ ഒന്ന് ഓർത്തു നോക്കൂ! അവരുടെ മൗനം പോലും എത്രവാചാലം !!

രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജ
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛതാത യഥാസുഖം
എന്ന സുമിത്രോപദേശം, വനത്തിൽ പോകാനൊരുമ്പെട്ടു നിൽക്കുന്ന ലക്ഷ്മണനോട് അമ്മ കൊടുത്തയച്ച പാഥേയമാണ്. ഈ ഉദാത്ത ദർശനം ലക്ഷ്മണനു നൽകിയ സുമിത്രയാവണം നമ്മുടെ സ്ത്രീസങ്കല്പം. ഒരിക്കലും മന്ഥരയാവരുത്. എൻ്റെ ഭർത്താവിനു കണ്ണു കാണാത്തിടത്തോളം എനിക്കും കാഴ്ചവേണ്ട എന്നു തീരുമാനിച്ച ഗാന്ധാരി ഭാരതസ്ത്രീയുടെ ഉത്തമ മാതൃകയാണ്. ഭാരതയുദ്ധത്തിൻ്റെ കരാളമായ അന്ത്യംതന്നെ ആ പുണ്യവതിയുടെ ശാപത്താലല്ലേ ?

സ്ത്രീ സമത്വത്തിനു വേണ്ടി നാം ഇന്ന് വാദിക്കുകയാണ്. എന്നാൽ സമത്വമല്ല ഉയർന്ന പദവി തന്നെയാണ് ഭാരതം സ്ത്രീക്ക് നൽകിയിരുന്നത്.

എല്ലാ കുട്ടികളും നല്ലവരായിരിക്കണമെന്ന് അമ്മമാർ ആഗ്രഹിക്കുന്നു. എന്നാൽ എന്താണ് നന്മ ?ഉന്നത വിദ്യാഭ്യാസമോ നല്ല ജോലിയോ ആണോ? എന്നാൽ ഒന്ന് മനസ്സിലാക്കുക! ഈ ആഗ്രഹങ്ങളൊന്നും പൂർണ്ണമല്ല. അവനവനും കുടുംബത്തിനും എന്നതിനുമുപരി സമൂഹത്തിനു മൊത്തം പ്രയോജനപ്പെടുന്നവരായിരിക്കണം എൻ്റെ മക്കൾ എന്നാണ് നാം ആഗ്രഹിക്കേണ്ടത്. കുട്ടികളിലെ തിന്മവാസനകൾ മുളയിലേ നുള്ളിക്കളയണം. പകരം അവരുടെ തെറ്റായ ചെയ്തികളെ സ്വാർത്ഥ ലാഭത്തിനായി പ്രോത്സാഹിപ്പിക്കരുത്. അങ്ങനെ ചെയ്യുന്ന അമ്മ അമ്മയല്ല. സ്ത്രീയുമല്ല. പൗരാണികഭാരതസ്ത്രീകളുടെ ഔന്നത്യം ഇന്നു പ്രതീക്ഷിക്കാൻ കഴിയുകയില്ല.

ഒരു കൊലപാതകിയെ തൂക്കിക്കൊല്ലാൻ വിധിച്ച ജഡ്ജി, അവസാനമായി പ്രതിക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പ്രതി പറഞ്ഞത് ” ഉണ്ട് യജമാനനെ! കോടതി മുറിയുടെ അങ്ങേയറ്റത്തു നിൽക്കുന്ന എൻ്റെ അമ്മയോട് എൻ്റെ അടുത്തു വരാൻ പറയണം” അപ്രകാരം അമ്മ വന്നപ്പോൾ കൂട്ടിൽ നിൽക്കുന്ന പ്രതി സ്വന്തം അമ്മയുടെ ചെകിടത്ത് ആഞ്ഞൊരടി കൊടുത്തിട്ടു പറഞ്ഞു “”ഞാൻ കൊലമരത്തിൽ കയറാൻ കാരണം നിങ്ങളൊരുത്തിയാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ അയൽപക്കത്തുകാരൻ്റെ വാഴക്കുല മോഷ്ടിച്ചു കൊണ്ടുവന്നത് വാങ്ങി വെച്ച് എന്നെ കുറ്റകൃത്യങ്ങൾ ഓരോന്നായി ചെയ്യുവാൻ പ്രോത്സാഹിപ്പിച്ചു. അന്ന് എന്നെ പ്രോത്സാഹിക്കുന്നതിനു പകരം ശിക്ഷിച്ചിരുന്നുവെങ്കിൽ എൻ്റെ അന്ത്യം ഇങ്ങനെയാകുമായിരുന്നില്ല.

ആധുനിക വനിതകളിൽ പലർക്കും പ്രബുദ്ധത, ജിജ്ഞാസ, ആത്മവിശ്വാസം തുടങ്ങി ഗുണങ്ങൾ വളരെ കുറച്ചുപേരിൽ മാത്രമേ കാണാൻ കഴിയൂ. അവർ പെൺമക്കളെ ഭയപ്പെടുത്തുന്നു.”” നീ വേറെ വീട്ടിൽ കഴിയണ്ടവളാണ്, അടക്കവും ഒതുക്കവുമായി കഴിയണം” ജിവിതത്തെത്തന്നെ ഭയപ്പാടോടെ കാണാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. പകരം അവരിൽ ആത്മവിശ്വാസം, ഈശ്വരവിശ്വാസം, ക്ഷമ, സഹിഷ്ണുത, സ്നേഹം മുതലായ സദ്ഗുണങ്ങളുണ്ടാക്കാൽ പരിശീലിപ്പിക്കുകയാണ് വേണ്ടത്. ബാലാമണിയമ്മ പറഞ്ഞ ഒരു വചനം ഇവിടെ കുറിക്കട്ടെ “ഒരു കുട്ടിയുടെ അമ്മയാകുമ്പോൾ ലോകത്തിൻ്റെ മുഴുവൻ മാതാവാകുന്നു. എന്നാൽ ഇന്നത്തെ അമ്മമാരിൽ ഭൂരിഭാഗവും സന്ധ്യാദീപത്തിനു മുമ്പിലിരുന്നു നാമം ജപിക്കുന്നതിനു പകരം ടി.വി യിൽ സീരിയൽ കാണാൻ വെമ്പൽ കൊള്ളുകയാണ്. പരസ്യങ്ങളിൽ മയങ്ങി ഉപഭോഗസംസ്ക്കാരത്തിനു അടിമയാകുന്നു. മന്ഥരമാരുടെ പ്രലോഭനത്തിൽപ്പെടാതെ ധാർമ്മിക ജീവിതം നയിക്കുന്ന സ്ത്രീ വീടിൻ്റെ പൂമുഖത്തു കത്തിച്ചു വെച്ച നെയ് വിളക്കാണ്.

ഒന്ന് മനസ്സിലാക്കുക ഒരു പുരുഷൻ നന്നായാൽ അവൻ നന്നാകും.എന്നാൽ ഒരു സ്ത്രീ നന്നായാൽ, കുടുംബം മുഴുവൻ നന്നാകും. ശക്തിസ്വരൂപിണിയായ, എല്ലാ ഊർജ്ജത്തിൻ്റെയും സ്രോതസ്സായ സ്ത്രീ ദിവ്യമായ ദർശനത്തിനുടമയാവട്ടെ എന്ന് പ്രർത്ഥിക്കാം.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments