Sunday, December 8, 2024
Homeഅമേരിക്ക" സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്" പ്രൊ. കോശി തലക്കലിന്

” സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്” പ്രൊ. കോശി തലക്കലിന്

പി. ഡി. ജോർജ് നടവയൽ

ഫിലഡൽഫിയ: പ്രപഞ്ച ചൈതന്യ സ്തുതിയുടെ ആന്ദോളനമാണ് പ്രൊഫ. കോശി തലക്കലിൻ്റെ സാഹിത്യ രചനകൾ എന്നതിനാൽ, മലയാളത്തിലെ മിസ്റ്റിക് കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാമം വഹിക്കുന്ന,” സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്, ” പ്രൊ. കോശി തലക്കലിന്, അമേരിക്കൻ മലയാള സാഹിത്യ പ്രവർത്തന മേഖലയെ പ്രതിനിധീകരിച്ച്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ‘കേരളം- ദിനോത്സവം’ 24 വേദിയിൽ’, സമ്മാനിച്ചു. പ്രൊഫ. കോശി തലക്കൽ 2019 ൽ രചിച്ച ” ജൂസപ്പെ” എന്ന കവിത, അദ്ദേഹത്തിൻ്റെ സാഹിത്യ സപര്യയുടെ ഏറ്റം നല്ല ദൃഷ്ടാന്തമായി എടുത്തു കാട്ടിയാണ് അവാഡു നിർണ്ണയം നടത്തിയത്. പ്രശസ്ത വാഗ്മിയും കവിയും നിരൂപകനും കഥാകാരനും ഗാന രചയിതാവുമായ പ്രൊഫസർ കോശി തലയ്ക്കൽ, പ്രഥമമായും, തനി കാവ്യ യോഗിയാണെന്ന്, ” ഫിലഡൽഫിയാ മലയാള സാഹിത്യ വേദി” (Literary Association for Malayalam, Philadelphia; LAMP ) ട്രൈസ്റ്റേറ്റ് കേരളാ ഫോറം സമിതിയ്ക്കു നൽകിയ നിർദ്ദേശത്തിൽ പ്രസ്താവിച്ചത് ശരിവച്ചാണ് അവാഡ് നിർണ്ണയം അംഗീകരിച്ചത്.

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസൻ്റ് ഇമ്മാനുവേൽ അവാഡ് സമ്മാനം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം “കേരളം ദിനോത്സവം 24” ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അദ്ധ്യക്ഷനായി. ജോയിൻ്റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിൻ്റ് ട്രഷറാർ രാജൻ സാമുവേൽ നന്ദിയും

പറഞ്ഞു. സെക്രട്ടറി ബിനു മാത്യൂ, ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റേണി ജോസസഫ് കുന്നേൽ, പമ്പ, കോട്ടയം അസ്സോസ്സിയേഷൻ, ഓർമാ ഇൻ്റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ലാ അസ്സോസ്സിയേഷൻ, റാന്നീ അസ്സോസ്സിയേഷൻ, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, ഫിൽമാ, എന്നിങ്ങനെ വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു; ആശംസകൾ നേർന്നു സംസാരിച്ചു;

“ആദ്ധ്യാത്മിക പ്രണയത്തിൻറെ അനാമിക സൗന്ദര്യമാണ് മേരി ബനീഞ്ഞാ ക്കവിതകൾ “, “മലയാളത്തിന്റെ മിസ്റ്റിക് കവിയാണ് സിസ്റ്റർ മേരി ബനീഞ്ഞ” . ആ പാതയിലേക്കുള്ള അനുരണനം, പ്രൊഫ. കോശി തലക്കലിൻ്റെ കാവ്യ സപര്യയിലും കാണാം, അതിനാലാണ് പ്രൊഫ. കോശി തൽക്കലിന് ” സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്” സമ്മാനിക്കുന്നത് എന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘കേരളം ദിനോത്സവ സമിതി’ പ്രസ്താവിച്ചു.

പ്രശസ്ത നിരൂപകനായ, ഡോക്ടർ കുര്യാസ് കുമ്പളക്കുഴി രചിച്ച, “ബനീഞ്ഞാക്കവിതകൾ: സമ്പൂർണ്ണ സമാഹാരം” എന്ന ഗ്രന്ഥത്തിൻ്റെ പ്രസാധകക്കുറുപ്പിൽ, ഡിസി ബുക്സ് വിലയിരുത്തിയ പ്രസ്താവങ്ങൾ, ട്രൈസ്റ്റേറ്റ് അവാഡ് സമിതി കടം കൊണ്ടു.

“മേരി ജോൺ തോട്ടം എന്ന പേരിലാണ് സിസ്റ്റർ മേരി ബനീഞ്ഞ, കവിതാ ലോകത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് സന്യാസ്സിനിയായി തീർന്ന ശേഷം,

സിസ്റ്റർ മേരി ബനീഞ്ഞ എന്ന നാമധേയം സ്വീകരിച്ചു. കവിതകളിൽ അവർ തന്നെ കഥാപാത്രമാണ്, ചിലപ്പോൾ പ്രത്യക്ഷമായും, ചിലപ്പോൾ പരോക്ഷമായും. അവരുടെ വ്യക്തിഗതമായ ദുഃഖം നമ്മുടെ അനുഭൂതിയായി മാറുന്നു. കവി കന്യാസ്ത്രീ ആകുന്നതും കന്യാസ്ത്രീ കവിയാകുന്നതും ഏതു നാട്ടിലും അപൂർവമാണ്. സന്യാസിനീത്വം അവരുടെ കവിതയ്ക്ക് ഒരു അപൂർവ്വത നേടിക്കൊടുത്തിയിട്ടുണ്ട്. ആദ്ധ്യാത്മിക പ്രണയത്തിൻറെ അനാമിക സൗന്ദര്യമാണ് മേരി ബനീഞ്ഞാ ക്കവിതകൾ”. മാർത്തോമ്മാ വിജയം, ഗാന്ധിജയന്തി (മഹാകാവ്യങ്ങൾ), ആത്മാവിൻറെ സ്നേഹ ഗീത, ഈശ്വര പ്രസാദം, മാഗി, വിധി വൈഭവം, ഭാരത മഹാലക്ഷ്മി, ചെറുപുഷ്പത്തിൻ്റെ സ്മരണകൾ, അമൃതധാര, ആദ്യത്തെ കല്ല് ആരെറിയും?, സത്യദർശനം, തീർത്ഥയാത്ര (ഖണ്ഡ കാവ്യങ്ങൾ), കവിതാരാമം, ഗീതാവലി, മധുമഞ്ജരി, കവന മേള, കരയുന്ന കവിതകൾ (സമാഹാരങ്ങൾ), കൂടാതെ സമാഹരിക്കപ്പെടാത്ത ഇരുനൂരിലധികം കവിതകളും, വാനമ്പാടി എന്ന ആത്മകഥയും കൂടിച്ചേരുന്നതാണ് ബനീഞ്ഞാക്കവിതകൾ.

ദിവ്യവും ശ്രേഷ്ഠവുമായ പ്രത്യക്ഷാനുഭവങ്ങളെ അനുവാചകർക്ക് വെളിപ്പെടുത്തിത്തരുന്നൂ ബനീഞ്ഞാക്കൃതികൾ.

“സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും

സമത്വ മറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും

അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ

നമുക്കു പിന്നെയെന്തു ശങ്ക, മാറ്റമൊന്നുമില്ലതിൽ.

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം

തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ,

തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ

കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം”.

ഡോക്ടർ കുര്യാസ് കുമ്പളക്കുഴിയുടെ വാക്കുകൾ അവാഡു നിർണ്ണയത്തിന് സഹായകമായി-”

” മലയാളത്തിലെ ഏക മിസ്റ്റിക് കവി സിസ്റ്റർ മേരി ബനീഞ്ഞയാണ്. “ലോകമേ യാത്ര” എന്ന കവിത എഴുതിയ 1928 മുതൽ, “ആത്മാവിനെ സ്നേഹഗീത” പൂർത്തിയാക്കിയ 1936 വരെയുള്ള കാലമാണ് ബനീഞ്ഞയുടെ കാവ്യജീവിതത്തിലെ ഏറ്റവും സമ്പന്നമായ ഘട്ടം. ആധ്യാത്മികമോ യോഗാത്മകമോ ആയ വിഷയങ്ങൾ കാവ്യ വിഷയമാകുമ്പോഴേ, അവരുടെ അവരുടെ സർഗാത്മകത പൂർണ്ണ ശക്തിയോടെ ഉണരുമായിരുന്നുള്ളൂ. മലയാളത്തിൽ ഒറ്റപ്പെട്ട കവി വ്യക്തിത്വമാണ് സിസ്റ്റർ മേരി ബനീഞ്ഞയു ടേത്”.

പ്രൊഫ. കോശി തലയ്ക്കലിന് ” സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡ്” നൽകണം എന്നു നിശ്ചയിച്ചവരും, പ്രശസ്ത കവയിത്രി സുഗതകുമാരി, 1985ൽ കുറിച്ച വരികൾ ആവർത്തിച്ചു:-

“തപസ്സിന്റെ വഴി, ത്യാഗത്തിന്റെയും യാതനയുടെയും ശാന്തിയുടെയും വഴിയാണ്. നിത്യദുഃഖങ്ങൾ മറന്ന് സംസാരഭാരങ്ങൾ ദൂരെ ക്കളഞ്ഞു്, ഈശ്വരനെ മാത്രം പ്രിയനായി വരിച്ച്, ആനന്ദത്തിൽ മുഴുകുവാൻ പുണ്യാത്മാക്കൾക്കേ കഴിയൂ. അങ്ങനെ കവിതയൂറുന്ന മനസ്സുമായി, സ്നേഹാർദ്രയായ ഈ മണവാട്ടിയും കൈകൂപ്പി നിന്നു പാടി. കല്യാണക്കാതലായ കതിരവനെ കൈകൾ നീട്ടിപ്പിടിച്ചു. ആ പാട്ടുകൾക്ക്

ആത്മാർത്ഥതയുടെ ചൈതന്യമുണ്ട്, അകൃത്രിമതയുടെ മാധുര്യമുണ്ട്, വിശിഷ്ട ഭക്തിയുടെ വിശുദ്ധിയുണ്ട്. ദിവ്യ പ്രേമത്തിൻ്റെ ആനന്ദ വായ്പുമുണ്ട്. അവയെ വന്ദിക്കുക മാത്രമാണ് എൻ്റെ കടമ”.

പ്രൊഫസർ കോശി തലയ്ക്കൽ മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ മൂന്ന് പതിറ്റാണ്ട് മലയാളം വിഭാഗം തലവൻ ആയിരുന്നു. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് പ്രൊഫസർ കോശിതലക്കൽ. “കാലാന്തരം” എന്ന കവിതാസമാഹാരം പ്രസിദ്ധമാണ്. കേരളത്തിൽ കോൺഗ്രസിനെയും തുടർന്ന് ജനതാ പാർട്ടിയുടെയും തീപ്പൊരിപ്പ്രസംഗ നേതാവുമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് മിസ്റ്റിക് കാവ്യ സരണിയിൽ ജീവിത ശ്രദ്ധ സമർപ്പിക്കുകയായിരുന്നു.

“പള്ളി”, ബഡവാഗ്നി” എന്നീ നോവലുകളും, “വെളിച്ചം ഉറങ്ങുന്ന പാതകൾ” എന്ന ചെറുകഥാ സമാഹാരവൂം, “ഡിങ് ഡോങ്” , “മൈനയും മാലാഖയും” എന്നീ ബാല സാഹിത്യ രചനകളും, ” ആത്മ സംകീർത്തനം”എന്ന ഗാന സമാഹാരവും, പ്രൊഫ. കോശി തലക്കലിൻ്റെ സാഹിത്യ കൃതികളാണ്.

ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്നീ മൂന്നു പുസ്തകങ്ങളാണ് (ട്രിലജി- രചനാത്രയം) പ്രകാശനം ചെയ്തത്.

“കുരിശിലെ മൊഴികൾ” എന്ന കൃതി, രചനയുടെ വര പ്രസാദം കൊണ്ട്, ശ്രദ്ധേയമാ യമാണ്. ഉദാര സൗന്ദര്യ പ്രതീകമായ ദൈവപുത്രൻ്റെ നിണച്ചാലിനൊപ്പം, ഉരുകിയൊഴുകിയ സപ്തമന്ത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഭാഷയോ, അതീവ കാവ്യ സുന്ദരം. ഈ ഒരൊറ്റകൃതിയിലൂടെ, പ്രൊഫസർ

കോശി തലയ്ക്കലിൻ്റെ രചനാ സൗകുമാര്യം, അമേരിക്കയിൽ ജീവിക്കുന്ന മലയാളിയുടെ, കോവിഡാനന്തര ഘട്ടത്തിലെ ഏറ്റം സുന്ദരമായ കൃതി ഏതെന്ന ചോദ്യത്തിന്, ഉത്തരം കുറിക്കുന്നുണ്ട്.

“ആത്മീയ ബിന്ദുക്കൾ”എന്ന കൃതി, മുപ്പതു അതിഗഹന പ്രമേയങ്ങളുടെ ലളിതോദാരമായ, തേൻ തുളുമ്പുന്ന, കാവ്യ പുഷപങ്ങൾ, അഥവാ ഒരിക്കലും വാടാത്ത പൂവുകൾ വിരിഞ്ഞു, താനേ നൃത്തം വയ്ക്കുന്ന, ഒരു പുഷ്പകോദ്യാനം പോലെ, വശ്യസുന്ദരം. വർത്തമാനകാല ജീവിതാവസ്ഥകളെയും ഒരിക്കലും മരിക്കാത്ത ഗ്രന്ഥക ഥാ സന്ദർഭങ്ങളെയും കോർത്തിണക്കി, മനനത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നയിക്കുന്ന ആത്മീയ സംവാദങ്ങളായ ഈ രചനകൾ, ഹൃദയ കവാടം കടന്ന് ഉള്ളിനെ ഉണർത്തുന്ന നീഹാരബിന്ദുക്കളാകുന്ന, പരിവർത്തനത്തിൻ്റെ അനുഭവവും, ഭാഷയുടെ വര പ്രസാദവും പേറി, വിലമതിക്കാനാവാത്ത ഉപഹാരമായി മാറുന്നതെങ്ങനെയെന്ന് വായിച്ചനുഭവിച്ചാലേ മതിയാകൂ.

“പഞ്ച വർണ്ണ കഥകൾ” എന്ന കൃതിയാകട്ടെ, ഇളം മനസ്സുകൾക്ക് പാലമൃതൂട്ടുന്ന അമ്മമനസ്സിൻ്റെ മൃദുത്വത്തോടെയും, ഗുരുകുലാധിപൻ്റെ അദ്ധ്യാപന സിദ്ധികളോടെയും, ജീവിത പരിവർത്തനത്തിൻ്റെ അനന്ത വിഹായസ്സിലേയ്ക്ക്, കുട്ടികളെയും, ഒപ്പം മുതിർന്നവരെയും ഒരേ പോലെ കൂട്ടിക്കൊണ്ടു പോകുന്ന പതിനൊന്നു കഥകളുടെ സമാഹരമാണ്. ” ഹൃദയത്തിൻ്റെ ആർദ്ര തലങ്ങളിലൂടെ, ചിന്താ മണ്ഡലങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കഥകളുടെ കർമ വ്യാപാരം” എന്നതാണ് ഈ കൃതിയുടെ അനന്യത.

അമേരിക്കയിലെ റേഡിയോ നെറ്റ്‌വർക്ക് ഫാമിലി റേഡിയോയിൽ മലയാളി വിഭാഗത്തിന് ചുമതലക്കാരനായിരുന്നു പ്രൊഫ. കോശി തലക്കൽ. “ലാ ന”യുടെ 2018 ലെ മികച്ച സാഹിത്യ പ്രവർത്തകനുള്ള പുരസ്കാരജേതാവാണ് പ്രൊഫ. കോശി തലക്കൽ. നാടകാ ഭിനയ രംഗത്തും കോശിതലക്കൽ മുദ്ര ചാർത്തിയിട്ടുണ്. ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള പ്രഥമ എം പി ചെറിയാൻ അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാനാ സാഹിത്യ അവാഡ്, എന്നീ പുരസ്കാരങ്ങൾ ആദരവായി ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രഥമമാണ് .

കുന്നം ഗവൺമെൻറ് ഹൈസ്കൂളിലും, തിരുവല്ല മാർത്തോമാ കോളേജിലും ചങ്ങനാശ്ശേരി എസ് ബി കോളജിലും പ്രൊഫ. കോശി തലക്കൽ പഠിച്ചു. സഹധർമ്മിണി: കുഞ്ഞു മോൾ . പിതാവ്: പടിഞ്ഞാറേ തലയ്ക്കൽ ജോൺ, മാതാവ്: മറിയാമ്മ. ചെയ്സ്, റെയ്സ് എന്നിവർ മക്കൾ. രഞ്ജിനി, മായ എന്നിവർ മരുമക്കൾ. ഹന്ന, സോക എന്നിവർ ചെറുമക്കൾ.

സിസ്റ്റർ മേരീ ബനീഞ്ഞാ അവാഡിനു കാരണമായ ‘ജൂസപ്പെ’ എന്ന കവിത:

ജൂസപ്പെ

(കവിത)

(പ്രൊഫ.കോശി തലയ്ക്കൽ)

ജൂസപ്പേ, നിനക്കായി

മലർക്കെത്തുറക്കുന്നൂ

സ്വർഗ ഗോപുര വാതിൽ

സഹർഷം മാലാഖമാർ.

താത സന്നിധി വിട്ടു

വരവായ് തേജോമയ

പുത്രനീ ധന്യാത്മാവെ

പൊന്മുടിചൂടിക്കുവാൻ

നിൻ്റെ മേൽ പിടിക്കുന്ന

സ്നേഹത്തിൻ കൊടി, രക്ത

വർണ്ണാഭമാർന്നായാഗ

സ്മൃതിയായ് വിരാജിപ്പൂ.

ബർഗായിലാരും നിന്നെ

യാത്രയാക്കുവാൻ, തുള്ളി

കണ്ണുനീർ പൊഴിക്കുവാൻ

ഇല്ലാതെ പോയെന്നാലും

നിൻ്റെ ജീവിതം സ്വർഗ-

മാഘോഷിച്ചീടും; ദീർഘ

കാലമായ് ഒരു ദേഹി

വന്നതാണല്ലോ വീട്ടിൽ!

തൻ്റെ കൈകളാൽ തിരു

കർമ്മമേറ്റവർ രോഗ

ഗ്രസ്തരായ് ഇളവിട്ടു

പോകുന്നതെല്ലാം നോക്കി

നൊന്തു നിൽക്കവേ, സ്വന്തം

ജീവനിൽ പടരുന്ന

മൃത്യുവിൻ ഗന്ധം തിരി-

ച്ചറിയാനാവാതെ പോയ്.

ചാരത്തു പ്രാണൻ കിട്ടാ-

തുഴറും യുവാവിനായ്

സ്വന്തജീവിതം കാക്കും

യന്ത്രമേകുവാൻ ചൊന്ന്,

മൃത്യുവേ വരിച്ചോരു

ധന്യനാം പുരോഹിതാ

നിൻ പാദപാംസുക്കൾ കൊ-

ണ്ടാകട്ടെൻ നീരാജനം.

സ്നേഹിതനായി പ്രാണ-

നേകുവതേക്കാളേറെ

സ്നേഹമേയില്ലെന്നോതി-

ത്തന്ന തൻ ഗുരുവിനെ

ചരണം പ്രതിയനു-

ഗമിക്കാൻ കൊതിച്ച നിൻ

ജനനം ഇതിഹാസ-

മാക്കി നീ രചിച്ചല്ലോ.

ഞങ്ങളല്പന്മാർ കുരി-

ശ്ശെടുത്തു തമ്മിൽ തല്ലി-

ക്കീറുന്ന വിശുദ്ധന്മാർ.

വചനം സ്വകാര്യ സ്വ-

ത്താക്കുന്ന പ്രവാചകർ

വിശ്വാസ മർമ്മങ്ങളെ

വിറ്റു കാശാക്കുന്നവർ

സ്വന്ത കണ്ണിലെ മര-

ക്കോലിനെ കാണാതന്യ

കണ്ണിലെ കരടിനെ

തേടുന്ന കുരുടന്മാർ….

മാരികൾ വരും, മഹാ

മാരികൾ വരും, പോകും

നാൾ വരെ, പരസ്പരം

സ്നേഹിച്ചു കഴിയുവോർ,

പിന്നെയും തുടരും പോർ-

വിളികൾ, പൂർവാധികം

ശക്തിയിൽ നിണം കണ്ടു

പുളയ്ക്കും നരാധമർ.

മതിയെൻ വിലാപങ്ങൾ

ധന്യ മാനവാ, നിൻ്റെ

സ്മൃതിയിൽ കളങ്കമായ്

തീരരുതെൻ കണ്ണു നീർ!!

നിനയാ നേരത്തെഴു-

നൂറു കോടിയെ കരി

നിഴലിൽ വിഴുങ്ങിയ

വൈറസ്സിൻ മഥനത്തിൽ

ഞങ്ങൾക്കു കാലം തന്നോ-

രമൃതിൻ കണമാണു

വൈദിക തപോധനൻ

ജൂസപ്പെ ബെരാർ ഡെല്ലി!!

ജൂസപ്പേ, നിനക്കായി

മലർക്കെത്തുറക്കുന്നൂ

സ്വർഗ ഗോപുര വാതിൽ

പോവുക പുണ്യാത്മാവേ…

(Don Giuseppe Berardelli was a 72-year-old archpriest at the parish of San Giovanni Battista in the

village of Casnigo, Italy. On the night of March 15, 2020, the archpriest was reportedly hospitalized due

to health complications triggered by the ongoing Coronavirus. The church had purchased a respirator,

particularly for Don Giuseppe. But the priest knew he could help someone else, and he chose to give it

to a younger patient instead of keeping it for himself. He risked his own life to help a complete stranger

survive.)

പി. ഡി. ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments