Sunday, December 8, 2024
Homeഇന്ത്യഅസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് അറസ്റ്റിൽ

അസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് അറസ്റ്റിൽ

ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് അറസ്റ്റിൽ. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവിലെത്തിക്കും. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും പ്രണയ ബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാർട്മെൻ്റിൽ മായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് സര്‍വീസ് അപ്പാർട്മെൻ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉള്‍പ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നതായും പ്ലാസ്റ്റിക് കയര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും പോലീസ് കണ്ടെത്തിയിരുന്നു. താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവസാനമായി യാത്രചെയ്ത കാറിന്റെ ഡ്രൈവറേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരവ് അവിടെനിന്ന് ഇറങ്ങിയത്. മറ്റാരും അപ്പാർട്മെൻ്റിലേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ സൂചനയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments