Tuesday, December 24, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ

കപിൽ ശങ്കർ

🔹ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 21-ാം ദേശീയ കൺവൻഷനിൽ വിശ്വപൗരന്‍ ഡോ. ശശി തരൂർ പങ്കെടുക്കും. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാൻ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂർ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിച്ചു.

🔹ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തര്‍ദേശീയ കണ്‍‌വന്‍ഷന്‍ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കണ്‍‌വന്‍ഷന്‍ നടത്തുന്നത്. 2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കണ്‍‌വന്‍ഷന്‍.

🔹ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിഡിസംബർ മുപ്പതാംതീയതി ശനിയാഴ്ച 6 മണിക്ക് സിറോ മലബാർ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.. വ്യക്തി ജീവിതത്തിലെ വിവിധ വശങ്ങളിലൂടെയുള്ള കാര്യങ്ങളെ അപഗ്രഥിച്ച് റവ. ഫാ. ജേക്കബ് ജോൺ വളരെ അർത്ഥവത്തായ ക്രിസ്മസ് സന്ദേശം നൽകി.

🔹പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ രണ്ടാം ചരമ വാർഷീകത്തോടനുബന്ധിച്ചു പ്രവാസി മലയാളി ഫെഡറേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമയം ജനുവരി 14 രാവിലെ 10 മണിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ . ചെയര്മാന് ഡോ ജോസ് കാനാട്ട് അദ്ധ്യക്ഷതവഹിക്കും.

🔹ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവകൈക്കാരന്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേര്‍, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍.

🔹ടാർഗെറ്റ് സ്റ്റോറുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് CVS ഫാർമസികൾ 2024 ന്റെ തുടക്കത്തിൽ അടച്ചുപൂട്ടുമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച പറഞ്ഞു. യുഎസിലെ റീട്ടെയിൽ ഫാർമസി ശൃംഖലകൾ അവരുടെ പ്രിസ്‌ക്രിപ്‌ഷൻ ബിസിനസ്സ്, വർക്ക് ഫോഴ്‌സ് എന്നിവയിലും മറ്റും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ സന്ദര്‍ശനത്തിനുശേഷം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയില്‍ റോഡ് ഷോയ്ക്കു ശേഷം ബുധനാഴ്ച രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുക. ഗുരുവായൂരില്‍നിന്ന് റോഡ് മാര്‍ഗമാണ് തൃപ്രയാറിലേക്കു പോകുക.

🔹രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തനിക്കു താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞു മാറി. എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കൂവെന്നാണ് നിതീഷ്‌കുമാറിന്റെ നിലപാട്.

🔹മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട സ്വവര്‍ഗ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

🔹വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റു സഹയാത്രികരെയും എയ്റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് നടി രാധിക ആപ്തെ. എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. ഏത് വിമാനത്താവളത്തിലാണെന്നോ ഏത് ഏയര്‍ലെയിന്‍ ആണെന്നോ വെളിപ്പെടുത്തിയില്ല.

🔹ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്.

🔹അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ രണ്ടാഴ്ചയായിട്ടും ബന്ധുക്കള്‍ എത്തിയില്ല. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുളള മൃതദേഹം ഏറ്റെടുത്ത് അന്തിമകര്‍മങ്ങള്‍ നടത്താന്‍ ചലചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നെങ്കിലും മൃതദേഹം വിട്ടുനല്‍കിയില്ല. ജോര്‍ജിന്റെ മൃതദേഹം നാളെ സംസ്‌കരിക്കാനാണ് ധാരണയായിട്ടുള്ളത്.

🔹കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രതി തടവു ചാടി. മയക്കുമരുന്നു കേസില്‍ പത്തു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണു തടവു ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷാദാണ് എല്ലാ ദിവസവും രാവിലെ ജയിലിലേക്കുള്ള പത്രങ്ങളുടെ കെട്ട് എടുക്കാറുള്ളത്.

🔹മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ നടത്തിയ 50,000 ഭക്തര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്.

🔹മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണ വ്യാപാരി വളമംഗലം സ്വദേശി മുഹമ്മദ് അനീസ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം. ബിസിനസ് പാര്‍ട്ണര്‍മാര്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും, സ്വര്‍ണവും സ്വത്തുക്കളും തട്ടിയെടുത്തെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ഇതോടെയാണു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

🔹ദേഹാസ്വാസ്ഥ്യംമൂലം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. വത്തിക്കാനില്‍ വിദേശ വൈദികരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ തൊണ്ടവേദനമൂലം പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം നിര്‍ത്തിയത്.

🔹മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു തവണ എംഎല്‍എയും കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു.

🔹പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന 17 ന് മറ്റു വിവാഹങ്ങള്‍ വിലക്കിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹം. അന്നു ഗുരുവായൂരില്‍ വിവാഹം നടത്താന്‍ തീരുമാനിച്ച 48 വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. സുരക്ഷയുടെ ഭാഗമായി രാവിലെ ആറിനു മുമ്പു വിവാഹം നടത്തണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ്.

🔹നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍. റബ്ബറിന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔹കോഴിക്കോട് കളിപൊയ്കക്ക് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 45 വയസു തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

🔹അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സമ്മാനമായി ‘രാംരാജ്’ നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ തറക്കല്ലിടലിനു കുഴിച്ചെടുത്ത മണ്ണാണ് ‘രാംരാജ്’. പ്രതിഷ്ഠാ ചടങ്ങിലേക്ക് 11,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 55 വിദേശരാജ്യങ്ങളില്‍നിന്ന് നൂറോളം വിദേശ പ്രതിനിധികളും പങ്കെടുക്കും.

🔹അതിശൈത്യം നേരിടാന്‍ വീട്ടില്‍ കല്‍ക്കരി കത്തിച്ച് താപനില മെച്ചപ്പെടുത്തുന്നതിനിടെ മുറിയില്‍ വിഷപുക നിറഞ്ഞ് ശ്വാസംമുട്ടി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹിയിലെ ആലിപൂരിലാണ് രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു.

🔹ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും മകളുടെ അച്ഛനുമായ ക്ലാര്‍ക്ക് ഗഫോര്‍ഡിനെയാണ് വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവച്ചതായിരുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments