Sunday, April 14, 2024
HomeUncategorizedഒറ്റക്കോലം (ചെറുകഥ) ✍SM മണിക്കുട്ടൻ

ഒറ്റക്കോലം (ചെറുകഥ) ✍SM മണിക്കുട്ടൻ

SM മണിക്കുട്ടൻ✍

സിറ്റൗട്ടിലെ കസേരയിൽ ഇരുന്നു കൊണ്ട് ദാമോദരൻ മാഷ് പുറത്തെ കാഴ്ചകളിലേക്ക് നോക്കി. പുറംമതിൽ കാഴ്ചകളെ മറയ്ക്കുന്നുണ്ട്. മതിലിനപ്പുറം പൊതുവഴിയാണ്. പൊതുവഴിയിൽ കൂടെ വാഹനങ്ങളും ആളുകളും പോകുന്നതിന്റെ ശബ്ദം കേൾക്കാം.

സിദ്ധാർത്ഥ് ഓടിവന്ന് മുത്തച്ഛന് ഒരു ഉമ്മ സമ്മാനിച്ച് റ്റാറ്റ പറഞ്ഞ് ഗയിറ്റിലേക്ക് ഓടി. സ്കൂൾ ബസ് വരാൻ സമയമായിട്ടുണ്ടാകും. രാവിലെ എല്ലാവർക്കും തിരക്കാണ്. സ്കൂളിൽ പോകാൻ ഉള്ളവരും ഓഫീസിൽ പോകാൻ ഉളളവരും ചേർന്നാൽ ഒരു ബഹളം തന്നെ. എല്ലാവരും പോയിക്കഴിഞ്ഞാൽ വീട് ശൂന്യമാകും. പുറത്തേക്ക് പോകാമെന്ന് കരുതിയാൽ ഗയിറ്റ് പൂട്ടിയിട്ടാണ് മക്കൾ ജോലിക്ക് പോകുന്നത്. പുറത്തേക്ക് ഇറങ്ങി അപകടം വരുത്താതിരിക്കാനുള്ള മുൻകരുതൽ .

മക്കളെയും വഹിച്ചു കൊണ്ട് വാഹനം ഗയിറ്റ് കടന്ന് പുറത്തേക്ക് പോയി. ഏകാന്തമായ വീട്ടിൽ തനിച്ചായിപ്പോയ ദാമോദരൻ മാഷ് അരികിലിരുന്ന വാക്കിങ്ങ്സ്റ്റിക്ക് എടുത്ത് പതുക്കെ മുറ്റത്തേക്കിറങ്ങി.

താൻ പഠിപ്പിച്ച കുട്ടികളൊ തന്റെ പരിചയത്തിൽപ്പെട്ടവരൊ ആരെങ്കിലും വഴിയിൽ കൂടെ പോകുന്നുണ്ടൊ എന്നറിയാൻ ഗയിറ്റിലേക്ക് നടന്നു. തനിക്കുളള സ്വാതന്ത്ര്യം ചെറുതായി ചെറുതായി ഗയിറ്റുവരെ എത്തിനിന്ന തോർത്ത് ദാമോദരൻ മാഷ്ക്ക് ചെറുതായി ചിരിവന്നു. നമ്മൾ എത്ര വലിയവരാണെന്ന് നടിച്ച് ജീവിച്ചാലും അവസാനം നമ്മൾ വീട്ടുതടങ്കലിൽ പെട്ടു പോകും.

ഈ സമയം റോഡിൽ ഒരു യുവതി കടന്നുപോയത് മാഷ് ശ്രദ്ധിച്ചു. വളരെ പരിചയം ഉള്ള മുഖം പോലെ മാഷിന് തോന്നി.

മാഷേ.

ആരോ തന്നെ വിളിക്കുന്നതുപോലെ . താൻ എന്നും കേൾക്കാറുണ്ടായിരുന്ന ശബ്ദം.

മാഷ് തന്നെയിരുന്നു മടുത്തൊ

ചെറു കാറ്റു പോലെ ആരോ ചെവിയിൽ മന്ത്രിക്കുന്നു.

ദാമോദരൻ മാഷ് ചുറ്റിനും നോക്കി. ഇരു ചെന്നിയിൽ നിന്നും വിയർപ്പു ചാലുകൾ ഒഴുകി. തെല്ലൊരു ഭയം മനസ്സിനെ ബാധിച്ചതുപോലെ മാഷിനു തോന്നി.

ഭാനുമതി

തന്റെ ഭാര്യയുടെ പേര് മിന്നായം പോലെ മാഷിന്റെ തലച്ചോറിലൂടെ കടന്നുപോയി. മാഷ് വീട്ടിലേക്ക് നടന്നു. കസേരയിൽ ചെന്നു വീഴുമ്പോൾ ദാമോദരൻ മാഷ് നല്ലതുപോലെ വിയർത്തിരുന്നു.

മാഷെന്തിനാ ഇങ്ങനെ പേടിക്കുന്നെ

വീണ്ടും ആ ശബ്ദം

വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. ഓർമ്മൾ ചിത്രങ്ങൾ പോലെ ഉളളിലൂടെ ഓടി മറയുന്നു. തന്റെ കയ്യും പിടിച്ച് തറവാട്ടിലേക്ക് കയറിവന്ന കൊച്ചുപെണ്ണ്, പിന്നെ തന്റെ എല്ലാമായിത്തീർന്നവൾ . ചില നേരങ്ങളിൽ ഓർമ്മകളിലേക്ക് ഉളള പിൻ നടത്തം. നല്ലനാളുകളുടെ ഓർമ്മകൾ മനസ്സിന് ഉത്തേജനമായിത്തീരാറുണ്ട്.

മടുപ്പുകൾ മനസ്സിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. വാർദ്ധക്യം മനസ്സിനെയും ബാധിച്ചു തുടങ്ങിയൊ .അല്ലെങ്കിൽ എന്തു യൗവനം വാർദ്ധക്യം ശരീരത്തിനെ ബാധിച്ചു തുടങ്ങിയാൽ മനസ്സും ആ വഴിക്കു നീങ്ങിത്തുടങ്ങും .തങ്ങൾക്കു വേണ്ടപ്പെട്ടവർ തന്നെ അതിനു വഴിയൊരുക്കുകയും ചെയ്യും. ഭാനുമതിയുണ്ടായിരുന്നെങ്കിൽ.
കിടക്കണമെന്ന കരുതിയാണ് കിടക്കയിൽ ചെന്നിരുന്നത്.

എന്താ മാഷെ ഒരു വല്ലായ്ക

ആദ്യം ഉണ്ടായിരുന്ന ഭയം മനസ്സിൽ നിന്നും മാറിയിരിക്കുന്നത് മാഷറിഞ്ഞു.
ഒരു ജീവിതം മുഴുവൻ കൂടെ കഴിഞ്ഞവളെ എന്തിനാണ് പേടിക്കുന്നത്. ഏതു രൂപത്തിലായാലും എന്നും തനിക്ക് പ്രിയപ്പെട്ടവളല്ലെ. ക്ഷീണത്താൽ കണ്ണടയ്ക്കുന്ന സമയത്ത് ആരോ സമീപത്ത് ഉള്ളതായി മാഷിന് തോന്നി.

കാലു വേദനിക്കുന്നൊ

ഭാനുമതി പോയതിൽ പിന്നെ ഇന്നുവരെ ആരും തിരക്കാത്ത കാര്യം. അവളുണ്ടായിരുന്നെങ്കിലെന്ന് പലതവണ ഓർത്തു പോകാറുണ്ട്. ഒരിക്കൽ മകനേട് പറഞ്ഞതാണ് ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കാൻ. അവന് കുറച്ചിലാണത്രെ, എല്ലാവരും ചോദിക്കും അച്ഛനെ എന്തിനാ വൃദ്ധമന്ദിരത്തിലാക്കിയതെന്ന് . അവിടെയാകുമ്പോൾ ആരോടെങ്കിലും മൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലൊ.

വൈകുന്നേരം സിദ്ധാർത്ഥ് മുത്തച്ഛനെ കാണാൻ ചെന്നതായിരുന്നു. അകത്തു നിന്നും ആരുടെയോ വർത്തമാനം കേട്ടാണ് വാതിക്കൽ നിന്നു പോയത്. സിദ്ധാർത്ഥ് ചെവിയോർത്തു മുത്തച്ഛൻ ആരോടോ സംസാരിക്കുന്നുണ്ട്. പതിയെ കതകു തുറന്ന് അകത്തു കടന്നപ്പോൾ മുത്തച്ഛനെയല്ലാതെ ആരെയും കാണാൻ സാധിച്ചില്ല.

അച്ഛനെ ഏതെങ്കിലും ഡോക്ടറെ കാണിക്കണമെന്ന ആവശ്യം ഉയർന്നു. അച്ഛന്റെ മനസ്സ് അച്ഛനിൽ നിന്നും പാറിപ്പറന്നു പോയെന്ന് മക്കൾക്ക് മനസ്സിലായി. സിദ്ധാർത്ഥിന് മുത്തച്ഛന്റെ അടുത്തു വരാൻ വിലക്കും ആയി .

അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചാലോയെന്ന ആലോചനയും തകൃതിയായി വീട്ടിൽ നടക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എങ്ങനെ മനുഷ്യരുടെ മുഖത്തു നോക്കും.

മകന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ട് മരുമകൾ പ്രതിരോധം തീർത്തു കൊണ്ടിരുന്നു. ഇപ്പോൾ മകൻ അച്ഛന്റെ അടുത്ത് വരാറെയില്ല. ജോലിത്തിരക്കാണെന്നാണ് ഭാവിക്കുന്നത്. രാത്രിയിൽ വീട്ടിൽ കയറി വരുമ്പോൾ വരുന്ന കാറ്റിന് പുളിച്ച ഒരു മണമുണ്ടായിരുന്നു.

ഡോക്ടറെ കാണാൻ തിയതി നിശ്ചയച്ചതിൻ ശേഷമാണ് മകന് ഉറങ്ങാൻ സാധിച്ചത്. ഇപ്പോൾ മാഷ് വളരെയധികം സന്തോഷവാനാണ്. മാഷിന്റെ നരച്ച ജീവിതത്തിന് നിറം വന്നിരുന്നു.

പ്രഭാതം വളരെ സൗന്ദര്യമുള്ളതായിരുന്നു. എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് പൊയ്ക്കഴിത്തിരിക്കുന്നു. പിറ്റെ ദിവസമാണ് ഡോക്റെ കാണാൻ നിശ്ചയിച്ചിരിക്കുന്നത്. ഡോക്ടറുടെ അടുത്തു നിന്നും വന്നാൽ മറ്റുള്ളവരുടെ മുന്നിൽ താൻ തലക്ക് സ്ഥിരതയില്ലാത്ത വനായിത്തീരും. പിന്നീട് അപഹാസ്യമായ ജീവിതമായിരിക്കും തന്റേതെന്ന് മാഷിന് ഉറപ്പുണ്ട്.തന്റെ മനസ്സിന്റെ ആവലാതി ഭാനുമതിയോട് മാഷ് പറഞ്ഞു.

മാഷെ നമുക്ക് പോകാം.

എങ്ങോട്ട്

ഞാൻ വന്നിടത്തേക്ക് , അവിടെ ചെന്നാൽ ഇതു പോലുളള ഒരു വേവലാതിയും വേണ്ട.

ഞാനും വരട്ടെ

എന്നാൽ വേഗം വാ
മാഷിന്റെ ശരീരം വിയർപ്പിൽ മുങ്ങി , ഒരു വിറയലോടെ നിച്ഛലമായി.

SM മണിക്കുട്ടൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments