അമ്മയിൽ നിന്നും മാറ്റിയ കുഞ്ഞാടുകളുടെ കരച്ചിലോ മറുപടിയെന്നോണം ഉള്ള അമ്മയുടെ കരച്ചിലോ നിർദ്ദയം അവഗണിക്കുന്ന രീതിയിലായിരുന്നു ആ ആട്ടിടയന്റേത്.പത്ത് – പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന അവന്, ആട്ടിൻ കൂട്ടങ്ങളെ കാടുകളിൽ മേയ്ക്കാൻ വിട്ടതിനു ശേഷം വേണം സ്കൂളിൽ പോകാൻ. പോകുന്ന വഴിക്ക് സ്കൂളിൽ പോകാനായി നിൽക്കുന്ന പെൺകുട്ടികളോട് ‘ഹോം വർക്കിനെ പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ ആടുകളെ തിരിച്ചു കൊണ്ടു വരുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന്, “ഇല്ല അവർ തനിയെ തിരിച്ചു വരുമെന്നാണ് മറുപടി. മനോഹരമായ ആ ഗ്രാമക്കാഴ്ചകളെ ചെറിയൊരു അസൂയയോടെയും കൗതുകത്തോടെയും വീക്ഷിക്കുകയായിരുന്നു ഞാൻ.
അടുത്തുള്ള സ്കൂളിലേക്ക് പോകാനായി കൂട്ടുകാരികളെ കാത്തുനിൽക്കുകയാണ് പെൺകുട്ടികൾ. ഹിന്ദി മീഡിയത്തിലാണ് പഠിക്കുന്നത്. ഇംഗ്ലീഷ് ഒരു ഭാഷയായിട്ട് പഠിക്കുന്നുണ്ട്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് , അപരിചിതരോട് വർത്തമാനം പറയുന്ന ജാള്യതയും ചിരിയുമായിട്ട് ഉത്തരം പറയുമ്പോൾ, ഞങ്ങളോടുള്ള അവരുടെ ആ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു പെട്ടിക്കടക്കാരൻ അവരെ വഴക്കു പറയുന്നുമുണ്ട്. ആ രക്ഷാകർതൃസ്ഥാനം ഏറ്റെടുത്ത അയാളെ കണ്ടപ്പോൾ,എന്റെയെല്ലാം സ്ക്കൂൾ കാലത്തുണ്ടായിരുന്ന ആ ‘ലോക്കൽ ഗാർഡിയൻ’ മാരെയാണ് ഓർമ്മ വന്നത്. ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മുറുക്കാൻ കടയിലെ അമ്മാവനും ഓട്ടോറിക്ഷാസ്റ്റാൻഡിലെ ചേട്ടന്മാരും എല്ലാവരും ‘ലോക്കൽ ഗാർഡിയൻ’ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തവരായിരുന്നു. ഇന്ന് കേരളത്തിൽ നിന്ന് ശുഭകരമല്ലാത്ത വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ ലോക്കൽ ഗാർഡിയൻസിന് എന്തുപറ്റി എന്നോർക്കാറുമുണ്ട്. അവിടുത്തെ സ്കൂളിൽ ഏകദേശം 300 കുട്ടികൾ പഠിക്കുന്നുണ്ട്. പത്താം ക്ലാസ്സുവരെയുള്ള സർക്കാർ സ്കൂളാണത്.
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ ‘Dhanaulti’ എന്ന സ്ഥലം സന്ദർശിച്ചപ്പോൾ കണ്ട ചില പുലർക്കാല കാഴ്ചകളാണിത്.ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്, എന്നിവയെല്ലാം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളും ഡൽഹി പോലുള്ള നഗരത്തിന്റെ സാമീപ്യവും ഇതിനെ ഉത്തരാഖണ്ഡിന്റെ ജനപ്രിയ ശൈത്യ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.സമുദ്രനിരപ്പിൽ നിന്ന് 2286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
‘ഗൂഗിളിന് എന്ത് അറിയാം’ എന്ന മട്ടിലാണ് താമസിക്കുന്ന ഹോട്ടലിലുള്ളവർ ! eco Park യും സുർക്കന്ദ ദേവി ക്ഷേത്രവുമാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഗൂഗിൾ പറഞ്ഞിരിക്കുന്നത്.
അവരുടെ അഭിപ്രായത്തിന്റെ ഭാഗമായിട്ടാണ്, ഏഴ്- എട്ട് കി.മീ ദൂരമുള്ള Digu ‘water fall കാണാനായി ഞങ്ങൾ പുറപ്പെട്ടത്. വനം വകുപ്പുകാരുടെ അധീനതയിലുള്ള ആ സ്ഥലത്തെ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ നല്ലയൊരു ട്രെക്കിംഗ് ആവശ്യമുള്ളതു കൊണ്ടാകാം തിരക്കും മാലിന്യങ്ങളുമില്ലാത്ത പ്രകൃതിയുടെ അമൂല്യ കാഴ്ച.
ഞങ്ങൾ അവിടെ ചെന്നപ്പോൾ ,
പ്രകൃതി ഒരുക്കി തന്നിട്ടുള്ള ആ ദൃശ്യവിധാനത്തിന് മുമ്പിൽ നിന്ന് ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ് അവിടെയുണ്ടായിരുന്നവർ.
കോളേജ് കുട്ടികൾക്ക് അധികവും സെൽഫിയിലാണ് ശ്രദ്ധയെങ്കിൽ യുവമിഥുനങ്ങൾ പലപ്പോഴും വിചാരിച്ച പോലെ ഫോട്ടോ വരാത്തതിന്റെ നീരസത്തിലാണ്. എന്നാൽ 68 വയസ്സുള്ള അമ്മാവനും അദ്ദേഹത്തിന്റെ അനിയനും കൂടി വന്നിരിക്കുന്നത്, അമ്മാവൻ മരിക്കുമ്പോൾ ഇടേണ്ട പത്രവാർത്തയിൽ കൊടുക്കേണ്ട ഫോട്ടോ എടുക്കാനായിട്ടാണ്. ഓരോരുത്തരുടെയും ഫോട്ടോക്ക് വേണ്ടിയുള്ള ഭാവങ്ങൾ കാണാൻ രസകരം.
മഴവെള്ളമോ അല്ലെങ്കിൽ മഞ്ഞു ഉരുകിയുണ്ടാകുന്ന വെള്ളമാണ് വെള്ളച്ചാട്ടങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നത്. വെള്ളച്ചാട്ടത്തെ തുടർന്നുള്ള അരുവിയും പാറക്കൂട്ടങ്ങളും നയന മനോഹരം.
ഞങ്ങളും അവിടെയുണ്ടായിരുന്ന അമ്മാവനും അനിയനും കൂടിയായിരുന്നു മടക്കയാത്ര . വന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതായിരുന്നു ആ യാത്ര. കാലൊന്ന് തെറ്റിയാൽ മിനുട്ടുകൾക്കകം താഴെ എത്താം എന്ന മട്ടിലാണ് പലസ്ഥലവും. പലയിടത്തും ഞാൻ പേടിച്ചു നിന്നപ്പോൾ , അവർ ഓടിച്ചാടിയെല്ലാം പോകുന്നുണ്ട്. ഞങ്ങൾ’ പഹാഡി ‘കളെയല്ലേ( പഹാഡി , ഹിന്ദി വാക്കാണ്. മലയോരത്തിൽ വളർന്നവരല്ലെ) എന്നാണ് പറയുന്നത്.
പത്രത്തിൽ ഇടാനായി എടുത്ത ആളിന്റെ ഫോട്ടോ മാറി പോയോ , എന്ന സംശയത്തിലായി ഞാൻ!😉
ബദരീനാഥ് & കേഥാർനാഥ് ക്ഷേത്രങ്ങളിലേക്കുള്ള ഹെലികോപ്ടർ യാത്ര ആരംഭിക്കുന്നത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലിൽ നിന്നു ആയതുകൊണ്ട് ഇടയ്ക്കിടെ ആ ശബ്ദവും കേൾക്കാം.
മഞ്ഞുകാലത്ത് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ, നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. എന്നാലും
വേനൽ കാലത്തിന്റെ അവസാനമെന്നു പറയാവുന്ന ഒക്ടോബറിൽ മാസത്തിലെ ഞങ്ങളുടെ യാത്രയിൽ – ദേവദാരു, ഉയരമുള്ള ഓക്ക് വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലത്തു കൂടെയുള്ള യാത്രയും മോശമല്ല.
അതിനേക്കാളുപരി ശുദ്ധവായുവും നിശ്ശബ്ദതയുമാണ് അവിടുത്തെ സൗന്ദര്യം കൂട്ടുന്നത്. അതൊക്കെ തന്നെയായിരിക്കണം ആ ഹിൽസ്റ്റേഷനിൽ നിന്ന് തിരിച്ചു വരുമ്പോൾ, നമ്മളെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നതും.
Thans,
റിറ്റ ഡൽഹി.