Saturday, November 2, 2024
HomeUncategorizedഉത്തരാംഖണ്ഡ് - (6) നൈനിറ്റാള്‍ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

ഉത്തരാംഖണ്ഡ് – (6) നൈനിറ്റാള്‍ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

റിറ്റ ഡൽഹി✍

ചെങ്കുത്തായ മലകൾക്കിടയിലൂടെയുള്ള ‘ഹെയർ പിൻ’ വളവുകളും തിരിവുകളുമായിട്ട് മുന്നേറുമ്പോൾ, അങ്ങോട്ട് പോകുന്നവരിൽ പലരും ഫോൺക്യാമറ തൊട്ട് അങ്ങേയറ്റം  ‘ഹൈ ട്ടെക്ക് ‘ ക്യാമറയിൽ മനോഹരമായ ദൃശ്യങ്ങളെ ഒപ്പിയെടുക്കുന്നതു കാണാം.മനോഹരമായ ഭൂപ്രകൃതി കനിഞ്ഞാനുഗ്രഹിച്ച ഉത്തരാഖണ്ഡിലെ  ‘നൈനിറ്റാൾ’, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2084 മീറ്റർ ഉയരമുള്ള ‘ഹിൽ സ്റ്റേഷൻ’ ആണ്.മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടിയതു കൊണ്ട് അങ്ങോട്ടുള്ള സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്.

ഉച്ചയോടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എന്ന പോലെ  ആ പ്രദേശം മുഴുവൻ പലതരം ഗൈഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിലർ താമസിക്കാനുള്ള സൗകര്യങ്ങളെ ക്കുറിച്ചാണെങ്കിൽ മറ്റു ചിലർ പ്രാദേശിക കാഴ്ചകൾ കാണിക്കാനുള്ള ഗൈഡുകളായിരിക്കും.അവിടുത്തെ കാഴ്ചകളുടെ ‘പോസ്റ്റ്കാർഡുകൾ’ ഒരു ആൾബത്തിലാക്കി, പടത്തിനോടപ്പം കൈ ഇടത്തോട്ടും വലത്തോട്ടും പുറകിലോട്ടും ചൂണ്ടി കാണിച്ചാണ് വിവരണം. നമ്മൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കഴുത്ത് ഉള്ളുക്കണ്ട എന്നതിനാലും വിലപേശലിൽ നമ്മൾ പറഞ്ഞതിനേക്കാളും 50 രൂപയല്ലേ കൂടുതല്ലേയുള്ളൂ എന്ന സമാധാനം കൊണ്ടും വേഗം  തന്നെ ഞങ്ങൾ അവരുടെ കൂടെ  യാത്ര പുറപ്പെട്ടു.

എല്ലാം വളരെ പെട്ടെന്ന് എന്ന പോലെയാണ് ‘റേറ്റ്’ ഉറപ്പിക്കുക. പറഞ്ഞ ‘റേറ്റ്’ കൂടി പോയോ എന്ന് സംശയിക്കാനോ അതിനെയോർത്ത് വിഷമിക്കാനോ സമയം ഇല്ലാത്തതു പോലെ, ഞങ്ങളും രണ്ടു ഗൈഡുമാരും കൂടി ഏതോ ‘റോളർ കോസ്റ്റർ’ പോകുന്നത് പോലെ കാർ ഞങ്ങളേയും കൊണ്ട് പാഞ്ഞു.പ്രധാന ഗൈഡു, ഏതോ റേഡിയോ ജോക്കി (RJ) യെ പോലെ നിറുത്താതെ കാര്യങ്ങൾ ഞങ്ങൾക്ക് ഓരോന്നും വിവരിച്ചു തരുന്നുണ്ട്.വിരുന്നുകാരായ ഞങ്ങള്‍ തമ്മില്‍  മലയാളത്തിലാണ് വര്‍ത്തമാനം പറയുന്നത്, അതിലെ വല്ല ഇംഗ്ലീഷ് വാക്കുകള്‍ കേട്ടു കൊണ്ടായിരിക്കും, അതിനേക്കുറിച്ചും വാചാലനാവുകയാണ്. ഇനി അയാള്‍ മലയാളി ആണോ എന്ന് സംശയിക്കാതിരുന്നില്ല.

തല്ലിത്താൽ, മല്ലിത്താൽ, ടിഫിൻടോപ്പ്, ചൈന പീക്ക്, മാൾ റോഡ്, ടിബറ്റിൻ മാർക്കറ്റ് ………അതിമനോഹരമായ തടാകങ്ങളും അതുപോലെതന്നെ മലനിരകളുമൊക്കെയായി ഒറ്റ നോട്ടത്തില്‍ തന്നെ  സഞ്ചാരികളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന നൈനിറ്റാള്‍ നയനമനോഹരമാണ്.

ഹിന്ദു പുരാണങ്ങളിൽ നൈനിറ്റാൾ -നെ പറ്റിയുള്ള പരാമർശം ഉണ്ട്.ഡിസംബർ – ജനുവരി മാസങ്ങളിൽ മഞ്ഞുവീഴ്ചക്ക് ഏറെ പേരു കേട്ട സ്ഥലമാണിത്.

ഞങ്ങൾ പോയതിന്റെ രണ്ടു ദിവസം മുൻപ് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഐസ്  , റോഡിന്റെ വശങ്ങളിൽ കാണാനുണ്ടായിരുന്നു.

ഗൈഡിന്റെ വിവരണം കേട്ടുകൊണ്ടുള്ള യാത്രയിൽ ‘സഡൻ ബ്രേക്ക് ‘, ‘റോക്ക് ക്ലൈമ്പിങ് ‘ന്റെ  സ്ഥലം കാണിച്ചു തന്നു.വേനൽക്കാലത്ത് ധാരാളം ആൾക്കാർ അതിനായിട്ട് അവിടെ വരാറുണ്ടത്ര. പിന്നെയും പോകുന്ന പോക്കിൽ അടുത്ത ‘സഡൻ ബ്രേക്ക് ‘തല്ലിത്താൽ ‘ ലേക്ക് -യും അതിനടുത്ത കുതിര സവാരി. ആളുകളുടെ തിരക്കും കുതിര ചാണകത്തിന്റെ മണവുമായി വേഗം തന്നെ ഞങ്ങളവിടെ നിന്ന് സ്ഥലം വിട്ടു.എന്തായാലും ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അയാൾ  നിൽക്കേണ്ടസ്ഥലം കാണിച്ചു തരും ഞങ്ങളിൽ നിന്നും കാമറ വാങ്ങിച്ച് സ്വമേധയാ ചെയ്യുന്ന ഒരു സഹായം പോലെ ഫോട്ടോ എടുത്തു തരും.

സമുദ്ര നിരപ്പിൽ നിന്ന് 2600മീ. ഉയരത്തിലാണ് ചൈനാ പീക്ക്, ബൈനാക്കുലേർസ്’ ആയിട്ടുള്ള അടുത്ത ഒരു കൂട്ടം ഗൈഡുമാരെ കാണാം. അവിടെനിന്ന് നമുക്ക് ഹിമാലയം കാണാം. ബൈനാക്കുലേർസ്’-യിൽ കൂടിയുള്ള ഹിമാലയവും മൂടൽമഞ്ഞും നൈനിറ്റാൾ സിറ്റിയും ……..മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള പടങ്ങളുടെ കലണ്ടറുകളും പോസ്റ്റ് കാർഡുകളിലുമൊക്കെ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യമായിരുന്നു അവിടെയെല്ലാം. അനിർവചനീയം. നമ്മുക്ക് അഭിമാനിക്കാവുന്ന സ്ഥലങ്ങള്‍.

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഏലയ്ക്കാ യും ഇഞ്ചിയും ഇട്ട ചായയും മാഗി നൂഡില്‍സ് -ന്‍റെ കടകളും സുലഭം. ഇഞ്ചി ഇട്ടു തിളപ്പിച്ച  ചായ എനിക്കിഷ്ടമാണെങ്കിലും ഏലയ്ക്കായ് ഇട്ടത്, എന്തോ എനിക്ക് പായസം കുടിക്കുന്നത് പോലെയാണ് തോന്നാറുള്ളത്.ആ ചായക്കപ്പുകളും തിന്നതിന്റെ ബാക്കിയുമൊക്കെയായി ആ സ്ഥലങ്ങൾ വൃത്തിക്കേടാക്കുന്നതിലും എല്ലാവരും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. അതും നമ്മുടെ സംസ്കാരം!

ഏകദേശം 2 മൈൽ ചുറ്റളവുള്ള ‘മല്ലിത്താൽ’ തടാകത്തിൽ പെഡൽ ബോട്ടുകൾ & തുഴയുന്ന ബോട്ടുകളൊക്കെയായി അവിടെ എത്തിയ വിരുന്നുകാരൊക്കെ തിരക്കിലാണ്.അതിനടുത്തതാണ് ‘മാൾ റോഡ്’ &  ടിബറ്റിൻ മാർക്കറ്റ്, അത്യാവശ്യം ഷോപ്പിംഗ് അവിടെ നടത്താം. അതിഥികളില്‍ മിക്കവരും ഡല്‍ഹിയില്‍നിന്ന് വന്നിട്ടുള്ളതാണ്. അങ്ങനെ ഇവിടെയുള്ളവരെ അവിടെ പോയി പരിചയപ്പെട്ടു വെന്ന് പറയാം.

ആവശ്യത്തിന് ക്ഷമയുണ്ടെങ്കിൽ പ്രത്യേകിച്ച് ക്യു(queue) നിൽക്കാൻ , അത്യാവശ്യത്തിനു  സാഹസത്തിനും അതിലേറെ നയനമനോഹരമായ ഒരു അവധിക്കാലം നമ്മുക്ക്  സമ്മാനിക്കുന്ന ഒരു സ്ഥലമാണ്, നൈനിറ്റാൾ!

Thanks

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments