Sunday, June 16, 2024
Homeയാത്രമലേഷ്യൻ ദൃശ്യ  ചാരുത എൻറെ കണ്ണുകളിലൂടെ - സമാപനം. ✍ജോയ് സി. ഐ. തൃശൂർ.

മലേഷ്യൻ ദൃശ്യ  ചാരുത എൻറെ കണ്ണുകളിലൂടെ – സമാപനം. ✍ജോയ് സി. ഐ. തൃശൂർ.

ജോയ് സി. ഐ., തൃശ്ശൂർ.
ലോക സഞ്ചാരികളുടെ പറുദീസ.സമ്പന്നതയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഒരു രാജ്യം.വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ താരതമ്യം ചെയ്യാൻ പോലും പറ്റാത്ത അത്ര ഭംഗിയുള്ള സ്ഥലം.വൃത്തിയും വെടിപ്പും ഉള്ള മനോഹരമായ പാതയോരങ്ങൾ. അംബര ചുംബികളായ കെട്ടിടങ്ങൾ.നമ്മുടെ ദിലീപ് -നാദിർഷാ കൂട്ടുകെട്ട് പോലെ യാതൊരു മതസ്പർധയുമില്ലാതെ അല്പ വസ്ത്രധാരികളായ ചൈനീസ് പെൺകുട്ടികളും ശരീരം മുഴുവൻ മൂടിയ മുസ്ലിം പെൺകുട്ടികളും കൈകോർത്തുപിടിച്ച് ഷോപ്പിങ് മാളുകളിൽ ചുറ്റിക്കറങ്ങുന്ന മനോഹരമായ കാഴ്ച. മാലിന്യം പോയിട്ട് ഒരു കടലാസ് കഷണം പോലും അലക്ഷ്യമായി എവിടെയും എറിഞ്ഞതായി കണ്ടില്ല. അതുകൊണ്ടുതന്നെ തെരുവ് നായ്ക്കളും ഇല്ല.പുകവലി നിരോധിക്കാത്ത നഗരം ആയിട്ട് പോലും ഒരു സിഗരറ്റ് കുറ്റി പോലും റോഡിൽ ഇല്ല.നിശ്ചിത അകലത്തിൽ ചവറുകുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്; അതിനു മുകളിൽ കറുത്ത മണലും.  സിഗരറ്റ് കുത്തി കെടുത്താനുള്ളതാണത്.

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അടുത്തുള്ള ഇന്ത്യൻ റസ്റ്റോറൻറ് ആയ ആലിബാബ റസ്റ്റോറൻറ് വരെയാണ് ഞങ്ങൾ ആകെ കൂടി അവിടെ നടന്നു പോയിരുന്നത്.നല്ല വീതിയുള്ള ആ റോഡിനിരുവശവും ഒരു ദിവസം രാത്രി ഫുട്പാത്തിൽ പലവിധത്തിലുള്ള ആൾക്കാർ കൂട്ടമായി വന്നിരിക്കുന്നത് കണ്ടു.ബസ് കാത്തു നിൽക്കുന്നവർ ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്.പക്ഷെ ആലിബാബ ആണ് ഞങ്ങളുടെ സംശയം തീർത്തു തന്നത്. കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ വലിയ വണ്ടികൾ രാത്രി ഇവരെ തേടി എത്തും.സ്വന്തമായി വീടില്ലാത്തവരോ പാസ്പോർട്ട്‌  നഷ്ടപ്പെട്ടവരോ പാസ്പോർട്ട് തീർന്നു പോയവരോ ജോലി നഷ്ടപ്പെട്ടവരോ ഒക്കെ ആയിരിക്കും ഇവർ.അവർക്ക് ഭക്ഷണവും വസ്ത്രവും അവർ വിതരണം  ചെയ്യും.   അതിനായിട്ടാണ് അവർ അവിടെ ഒത്തുകൂടിയിരുന്നത് അത്രേ!പക്ഷേ പകലെങ്ങും പാതയോരങ്ങളിൽ ഭിക്ഷക്കാരെ പോയിട്ട് കാൽനട യാത്രക്കാരെ പോലും ഞാൻ കണ്ടിരുന്നില്ല. പിറ്റേദിവസം ഞാൻ കണ്ട കാഴ്ച അതിലും ഞെട്ടിക്കുന്നതായിരുന്നു. സമ്പന്നയായ ഒരു 10 വയസ്സുള്ള കുട്ടിയുടെ പിറന്നാൾ ആഘോഷം നടത്തുന്നത് ഇവരുടെ ഇടയിൽ. പെൺകുട്ടി വലിയൊരു കാറിൽ നിന്നിറങ്ങി എല്ലാവർക്കും പാക്കറ്റുകളിൽ കൊണ്ടുവന്ന സമ്മാനങ്ങൾ  ഇവർക്ക് ഓരോരുത്തർക്കായി വിതരണം ചെയ്യുന്നു.കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു.ഇവരുടെ ഇടയിൽ നിന്ന് കേക്ക് കട്ട് ചെയ്ത് ഓരോരുത്തർക്കും കേക്ക് കൊടുക്കുന്നു.അവർ ഈ കുഞ്ഞിനെ അനുഗ്രഹിക്കുന്നു.

ആവശ്യത്തിനും അനാവശ്യത്തിനും വിദേശികളെ അനുകരിക്കുന്ന നമ്മൾചെയ്യുന്നതോ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പതിനായിരക്കണക്കിന് രൂപയുടെ ഉടുപ്പുംമേക്കപ്പും അണിഞ്ഞു നിന്ന് അച്ഛനമ്മമാരോടൊപ്പം കേക്ക് കട്ട് ചെയ്തു ഹാപ്പി ബർത്ത് ഡേ പാട്ടുപാടുന്നു. അതുകഴിഞ്ഞ് ഫൈവ് സ്റ്റാർഭക്ഷണവും മദ്യപാനവും പാട്ടും ഡാൻസും.

“നീയൊരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ   അയൽക്കാരെയോ വിളിക്കരുത്.ഒരുപക്ഷേ അവർ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലം ആകുകയും ചെയ്യും. എന്നാൽ നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ,മുടന്തർ, കുരുടർ, എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാൻ ആകും. എന്തെന്നാൽ പകരം നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും. “

 (ലൂക്ക 14.14)   ഈ കാഴ്ച കണ്ടപ്പോൾ എൻറെ മനസ്സിലേക്ക് ഓടിവന്ന ദൈവവചനം ഇതായിരുന്നു. ഇതൊക്കെ അല്ലേ  സത്യത്തിൽ നമ്മൾ വിദേശികളെ അനുകരിക്കേണ്ട കാര്യങ്ങൾ?

സമാപ്തം

കണ്ണും മനസ്സും നിറഞ്ഞ കാഴ്ചകളുമായി ഞങ്ങൾ എറണാകുളത്ത് തിരിച്ചെത്തി.രണ്ടു ദിവസം കൂടി അവിടെ നിന്ന്  ഉദ്യോഗസ്ഥരായ മകൾക്കും മരുമകനും എല്ലാ സഹായവും ചെയ്തുകൊടുത്ത് ഞങ്ങൾ ഞങ്ങളുടെ സ്വഭവനത്തിലേക്ക് മടങ്ങി. ഒരാഴ്ചയിൽ കൂടുതൽ ഞാനെൻറെ ജനിച്ച നാടും വീടും ഇന്നുവരെ വിട്ടു നിന്നിട്ടില്ല. വന്നിറങ്ങിയ  ഉടനെ ഞാൻ ആദ്യം ചെയ്തത് കാറെടുത്ത് തൃശൂർ നഗരം മുഴുവൻ ഒരു റൗണ്ടടിച്ചു. എന്റെ കിഴക്കേ കോട്ടയും പടിഞ്ഞാറെ കോട്ടയും സ്വരാജ് റൗണ്ടും കുരിയച്ചറയും അഞ്ചുവിളക്കും പുത്തൻ പള്ളിയും അതുപോലെ അവിടെത്തന്നെ ഉണ്ടെന്നറിഞ്ഞപ്പോൾ ആശ്വാസമായി. പിന്നെ നേരെ പോയത് എന്റെ അപ്പനും അമ്മയും പോളേട്ടനും കൊച്ചേട്ടനും വിശ്രമിക്കുന്ന സെമിത്തേരിയിലേക്ക്. അവരോട് മലേഷ്യയിലെ വിശേഷങ്ങൾ ഒക്കെ മൂകമായ ഭാഷയിൽ പറഞ്ഞു.അവരൊക്കെ കൊണ്ട വെയിലാണല്ലോ ഞാൻ ഇന്ന് അനുഭവിക്കുന്ന തണൽ. 🙏  വലിയ കുടുംബത്തിലെ ഇളയ മകൻ ആയതുകൊണ്ട് തന്നെ എനിക്ക് എപ്പോഴും ആൾക്കൂട്ടത്തിൽ നിൽക്കാനാണ് ഇഷ്ടം. ഞാനതാണ് പരിചയിച്ചിരുന്നതും.ഞാൻ എല്ലാ കൂടപ്പിറപ്പുകളുമായും മിക്കവാറും ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടുകൊണ്ട് ഇരിക്കാറുണ്ട്.ഞാൻ മലേഷ്യയിൽ പോകാൻ യാത്ര ചോദിക്കാൻ വിളിച്ചപ്പോഴാണ് എൻറെ സഹോദരിയുടെ മകൾ മേരി ജോസി മലേഷ്യയിൽ പോകുമ്പോൾ അന്നന്ന് സന്ദർശിച്ച സ്ഥലങ്ങളുടെ പേരും വിവരവും കുറിച്ചു കൊണ്ടുവരണമെന്നും അത് ഇവിടെ വന്നിരുന്ന് സ്വസ്ഥമായി യാത്രാവിവരണം എഴുതണമെന്നും ആവശ്യപ്പെട്ടത്. മേരി ജോസിയുടെ ആവശ്യപ്രകാരം ഞാൻ വന്ന അന്നു മുതൽ ഒരു എഴുത്തങ്ങു തുടങ്ങി.🥰 മുമ്പ് ഞാൻ ഈ പത്രത്തിൽ തന്നെ മേരിയുടെ നിർദ്ദേശപ്രകാരം     ലേഖനങ്ങളെഴുതി അയച്ചിട്ടുണ്ട്. എന്നാലും ഇത്രയും സുദീർഘമായ യാത്രാവിവരണം ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുക്കുക.കാരണം ഇത് എൻറെ ആദ്യത്തെ ഉദ്യമമാണ്. പലരും മലേഷ്യ വിശേഷങ്ങൾ ചോദിച്ചു വന്നപ്പോൾ കൂടപ്പിറപ്പുകളോടും ഉറ്റ ചങ്കുകളോടും ഒഴികെ വിസ്‌തരിച്ച് ഒന്നും പറഞ്ഞില്ല. “മലയാളി മനസ്സ്” പ്രസിദ്ധീകരിക്കുമ്പോൾ വായിച്ചോളൂ എന്ന് പറഞ്ഞാണ് ഞാൻ അവരെ കൊച്ചു സമ്മാനങ്ങളുമായി മടക്കി അയച്ചത്. കാരണം മറ്റൊന്നുമല്ല.ചിലർ വലിയ കാര്യമായി വിദേശത്തെ വിശേഷങ്ങളൊക്കെ ചോദിക്കും.നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ അവർ തർക്കത്തിന് വരും.

മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന്  ഒരുപാട് കാര്യങ്ങൾ പഠിക്കാറുണ്ടെന്ന് ഞാൻ ഇതിനു മുമ്പും പറഞ്ഞിരുന്നല്ലോ? ഇതും അതുപോലെ ഒന്നാണ്. അതുകൊണ്ട് കോലാലാംമ്പൂർ ടവറിന്റെ ഉയരം, ബാത്തു ഗുഹയിലെ പടികളുടെ എണ്ണം, നിഗരാ സൂവിലെ പാണ്ടകളുടെ വയസ്സ്, പെട്രോനാസ് ട്വിൻ ടവറിന്റെ ഉയരം…..അതൊക്കെ എൻറെ യാത്രാവിവരണക്കുറിപ്പ് നോക്കി ആരും വഴക്കിനും  തർക്കത്തിനും വരരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു. മറ്റു ചിലർ ചോദിച്ചു കേരളത്തിൽ വന്നിറങ്ങിയപ്പോൾ ഇവിടത്തെ അവസ്ഥ കണ്ട് അന്നുതന്നെ മലേഷ്യക്ക് തിരിച്ചുപോകണമെന്ന് നിനക്ക് തോന്നിയോ എന്ന്? അവരോടും ഉള്ള എൻറെ എളിയ മറുപടി ഇതായിരുന്നു.ഒരുപാട് കാര്യങ്ങളിൽ മലേഷ്യ എന്ന രാജ്യം  നമ്മളെക്കാൾ മുമ്പിൽ ആണെങ്കിലും എനിക്ക് സത്യം പറഞ്ഞാൽ നമ്മുടെ തൃശൂരിൽ എത്തിയപ്പോഴാണ് സമാധാനം ആയത് എന്ന്.നമുക്ക് നമ്മുടെ നാട് തന്നെയേ ഇഷ്ടപ്പെടുകയുള്ളൂ.   പിന്നെ ഇടക്ക് ഇതുപോലെ കാഴ്ചകളൊക്കെ ഒന്ന് കണ്ട് മടങ്ങാമെന്ന് മാത്രം. 🙏

 ഞാനെഴുതിയ ഓരോ വാക്കും വാചകവും ടൈപ്പ് ചെയ്ത് ഭംഗിയാക്കിയ മേരി ജോസിയോട് നന്ദി പറയുന്നു.ഫോട്ടോകൾ വെട്ടിക്കൂട്ടി യഥാസ്ഥാനത്ത് ചേർത്ത്  സേവനം നടത്തിയ റിറ്റ മാനുവലിനോടും  എൻറെ നന്ദി രേഖപ്പെടുത്തുന്നു.അവിടെ എനിക്ക് ചെറിയ ഒരു കാര്യം കൂടി പറയാനുണ്ട്.2000 ആണ്ടിൽ ആണ് എൻറെ മൂത്ത സഹോദരിയുടെ ഫോൺ തിരുവനന്തപുരത്തുനിന്ന് എന്നെ തേടിയെത്തിയത്. സഹോദരിയുടെ ഡൽഹിയിലുള്ള മകൾ റിറ്റയ്ക്ക് മലേഷ്യയിൽ പോകണമെന്നും അതിനുവേണ്ടി  തൃശ്ശൂർ പുത്തൻ പള്ളിയിൽ നിന്ന് അവളുടെ മാമോദിസ സർട്ടിഫിക്കറ്റ് എടുത്തു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിളി ആയിരുന്നു അത്.ഞാനത് യഥാസമയം എത്തിച്ചുകൊടുത്തു.റിറ്റ കുടുംബമായി മലേഷ്യയിൽ പോയി താമസം തുടങ്ങി. ഇതിൻറെ ഓരോ ഭാഗവും വായിച്ച് അക്ഷരത്തെറ്റുകൾ തിരുത്തി തന്ന എൻറെ മൂത്ത അളിയൻ ജോണി ടി. ആർ. (Retd.ചീഫ് എൻജിനീയർ കെഎസ്ഇബി) നോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു.ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറായ ശ്രീ. രാജു ശങ്കരത്തിലിനോടും എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

എല്ലാറ്റിനും പുറമെ എന്നെ ഭീഷണിപ്പെടുത്തി മലേഷ്യയിൽ കൊണ്ടുപോയ എൻറെ മകൾ മുന്നി ജോയ് ജിബിനോടും സ്വന്തം പിതാവിനെ പോലെ കരുതി എന്നെ കാഴ്ചകൾ കാണിക്കാൻ ഉത്സാഹിച്ച എൻറെ മരുമകൻ Dr. ജിബിൻ നോബിളിനോടും പിന്നെ എൻറെ ചങ്കിന്റെ ചങ്കായ കൊച്ചുമക്കളായ എയ്താനോടും ഇയാനോടും പിന്നെ കഴിഞ്ഞ 30 വർഷമായി എന്റെ എല്ലാ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിൽക്കുന്ന എൻറെ വാമഭാഗം മെറിയോടും എന്റെ ആദ്യ ഉദ്യമം ആയ ഈ യാത്രാവിവരണം

ക്ഷമയോടെ വായിച്ചു ലൈക്കും കമന്റും തന്ന് ഇനിയും അക്ഷരലോകത്ത് തന്നെ തുടരാനുള്ള പ്രോത്സാഹനം തന്ന വായനക്കാരോടും എൻറെ നിസ്സീമമായ നന്ദി അറിയിച്ചുകൊള്ളുന്നു. പിന്നെ എല്ലാറ്റിനുമുപരി സർവ്വശക്തനായ ദൈവത്തോട്🙏 ജീവിതത്തിൽ ഒരിക്കൽ പോലും സ്വപ്നം കാണാത്ത ഒരു വിദേശ യാത്ര നടത്താൻ ഇടയാക്കിയതിന് ദൈവമേ! നന്ദി🙏 നന്ദി🙏

ജോയ് സി. ഐ., തൃശ്ശൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments