Sunday, April 14, 2024
Homeയാത്രഎല്ലാം ഒരു നിമിത്തം പോലെ, മെറിഡിയനിലേക്കൊരു നോമ്പുകാല യാത്ര .

എല്ലാം ഒരു നിമിത്തം പോലെ, മെറിഡിയനിലേക്കൊരു നോമ്പുകാല യാത്ര .

എ പി അൻവർ വണ്ടൂർ

കുറേ വർഷത്തിന് ശേഷമാണ് നാട്ടിൽ ഒരു നോമ്പ് കാലം ലഭിക്കുന്നത് . ഈ വർഷത്തെ നോമ്പ് നാട്ടിൽ കുടുംബത്തോടൊപ്പം ആവണം എന്ന് ആദ്യമെ നിശ്ചയിച്ച പ്രകാരമാണ് ലീവ് സെറ്റ് ചെയ്തത് . നാട്ടിൽ ഭയങ്കര ചൂടാണെന്നും നോമ്പിന് നല്ലത് ഇവിടുത്തെ സാഹചര്യമാണെന്നും ലീവിന് അപേക്ഷ കൊടുക്കുമ്പോൾ ജിദ്ദയിലെ സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു . എന്നാൽ നാട്ടിലെത്തിയപ്പോൾ അത്ര ചൂടൊന്നും അനുഭവപ്പെട്ടില്ല. അതിന് പ്രധാന കാരണം ഗൾഫിലെ 45 , 50 ഡിഗ്രി ചൂട് തന്നെ ! ആ ചൂട് കൊണ്ട പ്രവാസിക്ക് നാട്ടിലെ 35 ഡിഗ്രിയൊന്നും ഒരു ചൂടായി അനുഭവപ്പെടുമെന്ന് തോന്നുന്നില്ല .

മാസമുറപ്പിച്ച് നോമ്പ് കാലം തുടങ്ങിയതോടെ ടെൻഷനില്ലാത്ത ഒരു റമദാൻ കാലത്തേക്ക് പ്രവേശിക്കുകയായിരുന്നു ഞാൻ . ജിദ്ദയിലെ ജോലിക്കിടയിൽ നോമ്പ് തുറയും അത്താഴവുമെല്ലാം അതിവേഗം നടത്തേണ്ട സംഗതി ആയിരുന്നുവെങ്കിൽ ഇവിടെ നാട്ടിൽ എല്ലാത്തിനും ആശ്വാസം ഉണ്ടായിരുന്നു .

അങ്ങനെ ഒരു ദിവസം അത്താഴം കഴിക്കാൻ കുറച്ചു നേരത്തെ എഴുന്നേറ്റപ്പോൾ വെറുതെയൊന്ന് ഫേസ് ബുക്ക് തുറന്നു നോക്കിയതാണ് . അപ്പോൾ നേരെ കൺമുന്നിലേക്കെന്ന പോലെ മലയാള മനോരമ ഓൺലൈനിൻ്റെ ഒരു കുറിപ്പ് വന്നു ചാടി . പ്രവാസ ജീവിതകാലത്ത് ഏറെ ദുരിതമനുഭവിച്ച നജീബ് എന്ന വ്യക്തിയുടെ ജീവിതം മാലോകരെ അറിയിച്ച ബന്യാമിൻ്റെ ആടുജീവിതം എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്കാരത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു അത് . ജീവിതത്തിൽ നിങ്ങൾ നേരിട്ട പ്രതി സന്ധിയും അതിൽ നിന്നും നിങ്ങൾ അതിജീവിച്ചതിനെ കുറിച്ചും ഞങ്ങൾക്കെഴുതുക . തെരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ വിവരം അറിയിക്കും . നിങ്ങൾക്ക് ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാകും എന്ന അറിയിപ്പ് വായിച്ചതും , പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല .

പത്തിരുപത്തെട്ട് വർഷത്തെ പ്രവാസ ജീവിതത്തിലെ ചില അനുഭവങ്ങൾ കൂട്ടിയിണക്കി ഒരു കുറിപ്പ് തയാറാക്കി അപ്പോൾ തന്നെ അയച്ചു കൊടുത്തു .

അത്താഴം കഴിച്ച് കിടന്നുറങ്ങി ഉറക്കമെണീറ്റപ്പോഴേക്കും മനോരമയിൽ നിന്നും വിളി വന്നു . ഞാൻ റോക്കി , മനോരമ ഓൺലൈനിൽ നിന്നുമാണ് വിളിക്കുന്നത് . ആടുജീവിതവുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിലേക്ക് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു . കേട്ടപ്പോൾ അതിയായ സന്തോഷം തോന്നിയ നിമിഷം .

മാർച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിലെ ഒമാൻ ഹാളിലായിരുന്നു പരിപാടി . അത്താഴം കഴിച്ച് സുബ്ഹി നിസ്ക്കാരവും നിർവഹിച്ച് കുടുബസമേതം ഞങ്ങൾ പുറപ്പെട്ടു . വണ്ടൂരിൽ നിന്നും ഏകദേശം ആറ് മണിക്കൂർ യാത്രയുണ്ട് എറണാകുളത്തേക്ക് . നോമ്പായത് കൊണ്ട് യാത്രാ ക്ഷീണം വരാതിരിക്കാൻ വേണ്ടിയാണ് നേരെത്തെ പുറപ്പെട്ടത് . ഞാനും ഭാര്യയും മോനും പിന്നെ പെങ്ങളുടെ മകൻ മുത്തുവുമാണ് വണ്ടിയിലുണ്ടായിരുന്നത് .

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശരീരം അസ്വസ്ഥമാകാൻ തുടങ്ങി . അതിനു പ്രധാന കാരണം ഭക്ഷണം കഴിച്ചയുടനെയുള്ള കുത്തിക്കുലുങ്ങിയുള്ള യാത്രയായിരുന്നു . അന്നേരം എനിക്കൊരു കാര്യം മനസ്സിലായി . കേരളത്തിന് ആവശ്യം കെ റെയിൽ അല്ല , കെ റോഡ് ആണെന്ന് . നല്ല റോഡിൻ്റെ അഭാവം ഒട്ടുമിക്ക ആളുകളെയും രോഗികളാക്കി മാറ്റുന്നുണ്ടാകും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകില്ല . റോഡിൻ്റെ പ്രാധാന്യം എന്നാണാവോ ഭരണകർത്താക്കൾ തിരിച്ചറിയുക. പാലക്കാട് തൃശൂർ ഹൈവേയിലെത്തുന്നത് വരെ യാത്ര ദുഷ്കരം തന്നെയായിരുന്നു .

തൃശൂർ എത്തിയപ്പോഴാണ് മുത്തു പറഞ്ഞത് നമുക്ക് നെസ്സ്റ്റോയിൽ കയറിപ്പോകാം . രണ്ടുണ്ട് കാര്യം . ഒന്ന് ഫ്രഷാവാനും പറ്റും അത്യാവശ്യ സാധനങ്ങൾ വാങ്ങാനും പറ്റും. റിയാദിലെയും ദമ്മാമിലെയും നെസ്റ്റോ സൂപ്പർ മാർക്കറ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കയറിയിട്ടുണ്ടായിരുന്നില്ല . എന്നാൽ തൃശൂരിലെ നെസ്റ്റോയിൽ കയറിയപ്പോൾ അൽഭുതപ്പെട്ടു പോയി . പ്രവാസി ഓരോ ലീവിന് നാട്ടിലേക്ക് വരുമ്പോഴും ബുദ്ധിമുട്ടി കെട്ടിവലിച്ചു കൊണ്ടുവരുന്ന എല്ലാ സാധനങ്ങളും ഇവിടെയുണ്ട് . അവിടുത്തേക്കാളും വിലക്കുറവിൽ തന്നെ . ഇതൊക്കെ അറിഞ്ഞാലും ഞാനടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് വരാൻ നേരം വീണ്ടും പെട്ടി കെട്ടും എന്നത് വേറെ കാര്യം . പ്രവാസ ജീവിതത്തിലെ നിർബന്ധ കാര്യമാണെന്ന പോലെയാണീ പെട്ടി കെട്ടൽ .

നെസ്റ്റോയിൽ നിന്നും ഇറങ്ങി നെടുമ്പാശേരി എത്തിയപ്പോൾ സമയം ഒരു മണി . അവിടെ ഒരു ഫ്ലാറ്റിൽ വിശ്രമിക്കാനുള്ള റൂം ആദ്യമെ ബുക്ക് ചെയ്തിരുന്നു . അവിടെയെത്തി യാത്രാ ക്ഷീണമെല്ലാം മാറ്റി ഫ്രഷായി അഞ്ച് മണി ആയപ്പോഴേക്കും ഞങ്ങൾ ലെ മെറഡിയൻ ഹോട്ടലിൻ്റെ കവാടത്തിലെത്തി . മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയെല്ലാം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങളുടെ വാഹനം ഉള്ളിലേക്ക് കടത്തി വിട്ടത് . ഇൻ്റർ നാഷണൽ ഹോട്ടലുകളുടെ ഒരു നിര തന്നെ ആ ഭാഗത്തുണ്ട് . ആടുജീവിതം സിനിമയുടെ പ്രമോഷൻ ആയത് കൊണ്ട് മുൻഭാഗത്ത് തന്നെ ചെറിയൊരു മരുഭൂമി സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു . രണ്ട് മൂന്ന് ഒട്ടകങ്ങളും അതിനെ പരിപാലിപ്പിക്കാൻ തോബ് വേഷക്കാരും , പുറമെ പുരാതന പാത്രങ്ങളും മരുഭൂമിയിൽ ഒറ്റപ്പെട്ട് സഹായമൊന്നും ലഭിക്കാതെ മരണപ്പെട്ടവരുടെ അസ്തി കൂടങ്ങളും മണലിൽ കിടക്കുന്നുണ്ടായിരുന്നു .

അവിടെ നിന്നും ഒമാൻ ഹാളിലേക്ക് സ്വീകരിക്കാനായി മനോരമ ഓൺലൈനിൻ്റെ ശരത് അവിടെയുണ്ടായിരുന്നു . ഞങ്ങളെ അവർ ഹാളിലേക്ക് കൊണ്ടുപോയി ഞങ്ങൾക്ക് റിസർവ് ചെയ്ത ഇരിപ്പിടങ്ങളിൽ ഇരുത്തി . ഒമാൻ ഹാൾ , ഒരു ഡോൾബി തിയറ്റർ സംവിധാനമാണ് . അതിനപ്പുറം ഈ പരിപാടിക്കായി പ്രത്യേക ലൈറ്റ് അറേഞ്ച്മെൻ്റുകളും ഒരുക്കിയിട്ടുണ്ട് . മനോരമഓൺലൈനും ജയിൻ സ്കൂൾ ഓഫ് മീഡിയ , ഡാൻസ് ആൻ്റ് ആർട്സ് എന്ന സ്ഥാപനവും ഒരുമിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് . വൈകുന്നേരം ആറ് മണിക്കാണ് പരിപാടി ആരംഭിക്കുക . അതിനു കുറച്ചു സമയം മുമ്പ് തന്നെ പ്രിഥ്വിരാജും ബ്ലെസിയും നജീബും ഹോളിവുഡ് താരം ജിമ്മി അടക്കമുള്ള മറ്റു നടന്മാരും ഹാളിൽ എത്തിച്ചേർന്നിരുന്നു .

ശബരീഷ് പ്രഭാകറിൻ്റെ ഫൂഷൻ മ്യൂസിക്കോടെയാണ് പരിപാടി തുങ്ങിയത് . അതിന് ശേഷം പ്രധാനപ്പെട്ടവർക്കുള്ള മെമൻ്റോ വിതരണവും കോളേജ് വിദ്യാർത്ഥിനികളുടെ ഡാൻസും അരങ്ങേറി .

അതിനു ശേഷമായിരുന്നു ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്ന് വിജയം വരിച്ച ഇരുപത്തി എട്ടു പേരുമായുള്ള പ്രിഥ്വിരാജിൻ്റെയും ബ്ലെസിയുടെയും മുഖാമുഖം പരിപാടി . അതിൽ ഒരാളാവാൻ സാധിച്ചു എന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നുണ്ട് . ആ ഇരുപത്തി എട്ടു പേരുടെയും അനുഭവങ്ങൾ ഓരോ സിനിമയാക്കാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നു . അതിൽ ഇരുപത്തിയഞ്ച് വയസ്സു മുതൽ അറുപത് വയസ്സുവരെ പ്രായമുള്ളവർ ഉണ്ടായിരുന്നു . അതിൽ കൂടുതലും ക്യാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ചവർ , റേഡിയേഷനും കീമോയും കഴിഞ്ഞിട്ടും അതൊന്നും തന്നെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുന്നവർ , പരലോകത്ത് ഏത് സമയത്തും പോകാനൊരുങ്ങി ടിക്കറ്റെടുത്ത് ഒരുങ്ങി നിൽക്കുന്നവർ . അവരുടെയെല്ലാം മുഖത്ത് ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ധൈര്യവും ഊർജവും ഉണ്ടായിരുന്നു . അവരുടെയൊക്കെ മുഖത്തെ പുഞ്ചിരിയിൽ നിന്നും അത് വായിച്ചെടുക്കാൻ കഴിയുമായിരുന്നു . പല വിധ അപകടങ്ങളിൽ വൈകല്യം സംഭവിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു . കൈ നഷ്ടപ്പെട്ടവർ , കാൽ മുറിച്ചു മാറ്റേണ്ടി വന്നവർ , സുന്ദരമായ മുഖം വികൃതമായിപ്പോയവർ …
എന്നാൽ അവരൊക്കെയും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് . സന്തോഷത്തോടെ തന്നെ സർക്കാർ ജോലിയിലും അല്ലാതെയും . അവരുടെയൊക്കെ കഥ കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോവുക സ്വാഭാവികം .

പ്രതിസന്ധികളെ അതിജീവിച്ച് മരണത്തിലേക്ക് ഒളിച്ചോടാതെ ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന നജീബ് അടക്കമുള്ളവരുടെ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ പതിനാറു വർഷം ആടുജീവിതം എന്ന സിനിമക്കായി ത്യജിച്ച ത്യാഗം ഒന്നുമല്ലെന്ന് പ്രിഥ്വിരാജും ബ്ലെസിയും ഒരുമിച്ചു പറഞ്ഞതും അതുകൊണ്ടായിരുന്നു .

എല്ലാവരെയും കേൾക്കാൻ എല്ലാ തിരക്കുകൾക്കിടയിലും സമയം മാറ്റി വെച്ച പ്രിഥ്വിയെയും ബ്ലെസിയെയും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല . സിനിമാലോകത്തെ ജൻ്റിൽമാൻ എന്ന് വേണമെങ്കിൽ പ്രിഥ്വിയെ വിശേഷിപ്പിക്കാം. തങ്ങൾ കടന്നു വന്ന വഴികൾ പ്രിഥ്വിരാജും ബ്ലെസിയും ഞങ്ങളോട് പറഞ്ഞപ്പോൾ അതും പുതിയൊരനുഭവമായി .

എൻ്റെ പ്രവാസകാല ജീവിതകാലത്ത് കുത്തിക്കുറിച്ചതെല്ലാം തുന്നിച്ചേർത്ത് പുറത്തിറക്കിയ മരുഭൂമിയിലെ മഴയടയാളങ്ങൾ എന്ന കഥാസമാഹാരം പ്രിഥ്വിക്കും ബ്ലെസിക്കും നൽകാൻ കഴിഞ്ഞതും ഏറെ സന്തോഷം നൽകിയ കാര്യമാണ് . അതോടൊപ്പം തന്നെ ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ട് ജീവിതം ആടുജീവിതം ഓർമകളിലെ മരുക്കാറ്റ് എന്ന മനോരമ ബുക്സ് പുറത്തിറക്കിയ പുസ്തകം അവിടെ പ്രകാശിതമായി . അതിൻ്റെ കോപ്പിയും പരിപാടിയിൽ പങ്കെടുത്തവർക്കുള്ള മെമൻ്റോയും കാഴ്ച മുതൽ തൻമാത്ര, പളുങ്ക് , കൽക്കട്ട ന്യൂസ് , ഭ്രമരം , പ്രണയം , കളിമണ്ണ് തുടങ്ങി മാർച്ച് 28 ന് ഇന്ത്യയൊട്ടാകെ റിലീസാകാൻ പോകുന്ന ആടുജീവിതം വരെയുള്ള ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ബ്ലെസിയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞതും ഏറെ അഭിമാനമായി തോന്നി .

ഏകദേശം നാല് മണിക്കൂർ നീണ്ട പരിപാടി കഴിഞ്ഞ് സ്വാദ് ഊറും ഡിന്നറും കഴിഞ്ഞ് പിരിയുമ്പോഴും ആ മായിക ലോകത്ത് നിന്നും മുക്തമായിരുന്നില്ല . ആടുജീവിതത്തിൽ അഭിനയിച്ച ഹോളിവുഡ് നടൻ ജിമ്മി അടക്കമുള്ളവരെ കാണാനും ഈ സർവൈവൽ മീറ്റ് അവസരമൊരുക്കി .

എല്ലാം കഴിഞ്ഞ് പുലർച്ചെ നാല് മണിക്ക് വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാ വർഷത്തെയും അവധിക്കാലത്തിൽ നിന്നും ഈ വർഷത്തെ അവധിക്കാലത്തെ ഓർത്തുവെക്കാൻ സാധിച്ചതിലും , എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ലെ മെറിഡിയൻ ഇൻ്റർനാഷണലിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കി തന്ന മനോരമ ഓൺലൈൻ , ജൈൻ സ്കൂൾ എന്നിവരോടുള്ള കടപ്പാടിലും സന്തോഷത്തിലുമായിരുന്നു ഞാനും കുടുംബവും .

എ പി അൻവർ വണ്ടൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments