Saturday, July 27, 2024
Homeകഥ/കവിതവിഷപ്പല്ലുകൾ (കഥ) ✍ ഡോളി തോമസ്. ചെമ്പേരി

വിഷപ്പല്ലുകൾ (കഥ) ✍ ഡോളി തോമസ്. ചെമ്പേരി

ഡോളി തോമസ്. ചെമ്പേരി

ഈ ഷെഡ്യൂൾ ഓടിത്തീരാൻ ഇനി ഏകദേശം രണ്ടു കിലോമീറ്റർ കൂടിയുണ്ട്. ബസ് ഡിപ്പോയിൽ ഇട്ടിട്ട് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണം. ഇടയ്ക്ക് ഒന്നുരണ്ടു തവണകൂടി ഭൈമി വിളിച്ചിരുന്നു. ‘കുഞ്ഞിന് ഒട്ടും കുറവില്ല. പെട്ടെന്നെത്തണേ.’

മനസ്സ് മുഴുവൻ ആശുപത്രിയിലെ ഐ സി യുവിൽ ആയിരുന്നു. ഏതു സ്ഥലത്തുകൂടിയാണ് ബസ് ഓടുന്നതെന്നോ, ആളുകൾ കയറുന്നതോ ഇറങ്ങുന്നതോ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. ഒറ്റ ബെല്ലിൽ ബസ് നിർത്തുകയും ഇരട്ട ബെല്ലിൽ യാത്ര തുടരുകയും ചെയ്യുന്നത് മാത്രമേ ബോധത്തിൽ ഉണ്ടായിരുന്നുള്ളു. ഏതൊക്കെയോ വാഹനങ്ങൾ എതിരെ വന്നു ചീറിപ്പാഞ്ഞു പോകുന്നു. മനസ് നിയന്ത്രണത്തിൽ അല്ലാതിരുന്നത് കൊണ്ട് എപ്പോളൊക്കെയോ ഡ്രൈവിംഗ് പാളി. ബസ്സിലുള്ളവർ ചീത്തവിളിച്ചു. കണ്ടക്ടർ രാഘവേട്ടൻ ഒന്നുരണ്ടു തവണ വന്ന് സമാധാനിപ്പിച്ചു.

“വിനോദേ ശ്രദ്ധിച്ചു ബസ്സോടിക്ക്. മോന് കുഴപ്പമൊന്നുമുണ്ടാകില്ല. ഏതായാലും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടല്ലോ. ഡോക്ടർമാരൊക്കെയില്ലേ അവിടെ. ഇങ്ങനെ കണ്ട്രോൾ പോയാൽ ബസ് അങ്ങെത്തില്ല. അതോർമ്മ വേണം. കുറെ മനുഷ്യജീവനുകൾ നിന്റെ കയ്യിലുമുണ്ട്.” അത് കേട്ടിട്ടും ഒട്ടും സമാധാനം തോന്നിയില്ല. മനസ്സിലെ ആന്തൽ ദീര്ഘനിശ്വാസമായി പുറത്തുവന്നുകൊണ്ടിരുന്നു. തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞത് പോലെ തോന്നിയപ്പോൾ വെള്ളമെടുത്തു കുടിച്ചു. രാഘവേട്ടൻ യാത്രക്കാരെ സമാധാനിപ്പിക്കുന്നുണ്ട്.

മോനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഇന്ന് ലീവെടുക്കാമെന്ന് കരുതി ഓഫീസിലേക്ക് വിളിച്ചപ്പോൾ കിട്ടിയ മറുപടിയിൽ ദയയുടെ കണികപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തങ്ങളെപ്പോലുള്ളവരുടെ ബുദ്ധിമുട്ടുകൾ ആർക്ക് അറിയണം. അല്ലെങ്കിൽത്തന്നെ ശമ്പളം മുഴുവൻ കിട്ടുന്നില്ല. ലീവെടുത്താൽ പിന്നെ പറയുകയും വേണ്ട.

“ഏട്ടാ കുഞ്ഞിനെ മറ്റെവിടെയെങ്കിലും കൊണ്ടുപോകണം. മരുന്ന് കൊടുത്തിട്ടും പനി കുറയുന്നില്ലല്ലോ.” രാവിലെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭൈമിയുടെ ആശങ്ക. ആ നൊമ്പരവും ആധിയും അറിയാഞ്ഞല്ല. ജോലിക്ക് കയറിയില്ലെങ്കിൽ ഈ മാസവും കിട്ടുന്നതിൽ പാതിയേ ഉണ്ടാകൂ.

‘നീ സരോജിനിയേച്ചിയെ കൂട്ടി മോനെയും കൊണ്ട് ശാന്തിയിൽ പോകൂ.’ എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പട്ടണത്തിലെ തരക്കേടില്ലാത്ത ഒരു ആശുപത്രിയാണ് ശാന്തി. പത്തുമണിയായപ്പോൾ ഭൈമി വിളിച്ചു. ഓട്ടത്തിലായിരുന്നത് കൊണ്ട് കോൾ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോളാണ് തിരിച്ചുവിളിച്ചത്. സരോജിനിയേച്ചിക്ക് മറ്റെന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞത്രേ.
അതിനാൽ ഭൈമി തനിയേ കൊണ്ടുപോയ്ക്കൊള്ളാം എന്ന്.

“നീ തനിയെ എങ്ങനെ?” ആശങ്ക മറച്ചുവയ്ക്കാതെ ചോദിച്ചു.

“അല്ലാതെ എന്തുചെയ്യും ഏട്ടാ. ഞാനേതായാലും ഇറങ്ങുകയാണ്.” ഡബിൾ ബെൽ കിട്ടിയത് കൊണ്ട് ബാക്കി പറയാതെ ഫോൺ പോക്കറ്റിലിട്ടു. ഒന്നുരണ്ടു ഹലോ കൂടി കേട്ടു. ഫോൺ ഓഫ് ആയി. പിന്നെ അടുത്ത സ്റ്റോപ്പിൽ നിന്നും വീണ്ടും തിരിച്ചു വിളിച്ചു. ഭൈമിയും മോനും ബസ്സിലായിരുന്നത് കൊണ്ടാണെന്നു തോന്നുന്നു എടുത്തില്ല.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തി എന്നുമാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. അത് കേട്ടപ്പോൾ അല്പം ആശ്വാസമായി. ഉച്ചയ്ക്ക് ഡിപ്പോയിൽ എത്തി തിരിയെയുള്ള യാത്രയ്ക്ക് മുന്നേ ഊണുകഴിക്കാൻ ഇറങ്ങുമ്പോൾ ഭൈമിയെ വിളിച്ചു. അപ്പോളാണ് അറിഞ്ഞത് മോനെ അഡ്മിറ്റാക്കി. ഐ സി യുവിലാണെന്ന്. വിശപ്പ് കെട്ടുപോയി. ഉണ്ണാൻ തോന്നിയില്ല. രാഘവേട്ടന്റെ നിർബ്ബന്ധം കൊണ്ട് ചോറ് വാങ്ങി. ഭൈമി ഇപ്പോൾ തനിയെ ഐ സിയുവിന്റെ മുന്നിൽ. അതോർക്കുമ്പോൾ ഒരു വറ്റ് പോലും ഇറങ്ങുന്നില്ല. രാഘവേട്ടൻ തന്നെയാണ് ഊണിന്റെ ക്യാഷ് കൊടുത്തത്.

പിന്നെ എങ്ങനെയും യാത്ര അവസാനിപ്പിക്കാനുള്ള തത്രപ്പാടായിരുന്നു. ഓട്ടം തീരാൻ പോകുകയാണല്ലോ എന്നോർത്തപ്പോൾ അല്പം സമാധാനം. പിന്നാലെ ഏതോ വാഹനം ഓവർ ടേക് ചെയ്യാനായി ഹോൺ മുഴക്കുന്നുണ്ട്. അത് മൈൻഡ് ചെയ്യാൻ പോയില്ല. സ്പീഡ് കുറയ്ക്കാനും തോന്നിയില്ല. അതാരെങ്കിലും ആകട്ടെ. ഇപ്പോൾ ഈ ഷെഡ്യൂൾ അവസാനിപ്പിച്ചു എത്രയും പെട്ടെന്ന് ഭൈമിയുടെയും മോന്റെയും അടുത്തെത്തണം എന്ന ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു.

പെട്ടെന്നാണ് പിന്നിൽ നിന്നും ഓവർടേക്ക് ചെയ്തു വന്ന കാർ ബസിന്റെ മുൻഭാഗത്ത് ഉരസിയത്. സഡൻ ബ്രേക്കിട്ടു. സീറ്റിലിരുന്ന പലരും മുന്നോട്ടാഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ കമ്പിയിൽ മുട്ടി. ആ ദേഷ്യത്തിൽ യാത്രികരിൽ ചിലർ ആക്രോശിച്ചുകൊണ്ട് പാഞ്ഞുവന്നു.

“എടൊ തന്നോട് മര്യാദയ്ക്ക് വണ്ടിയോടിക്കാൻ ഞങ്ങൾ നേരത്തെ പറഞ്ഞതല്ലേ. ഇപ്പൊ സമാധാനമായോടൊ.!” യാതൊന്നും ഉള്ളിലേക്ക് കയറിയില്ല.

ഒരു യുവാവ് കാറിൽ നിന്നിറങ്ങി. ആളെക്കാണ്ട് ആദ്യം അമ്പരന്നുവെങ്കിലും കേണപേക്ഷിച്ചു മാപ്പ് പറഞ്ഞു. തന്റെ നിസ്സഹായാവസ്ഥ പരമാവധി വെളിപ്പെടുത്താൻ ശ്രമിച്ചിട്ടും അതൊന്നും അയാൾ ശ്രദ്ധിക്കുന്നേയില്ല. രാഘവേട്ടനും അയാളെ സമാധാനിപ്പിക്കാൻ ആകുന്നതും ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ബസ്സിലുണ്ടായിരുന്ന ഒന്നുരണ്ടു പുരുഷന്മാർ അയാളോടൊപ്പം കൂടി.
‘ഇയാൾ ഞങ്ങൾ കയറിയപ്പോൾ മുതൽ ഇങ്ങനെ നിയന്ത്രണമില്ലാതെയാണ് ബസ്സോടിക്കുന്നത്. ഇവന്മാരുടെയൊക്കെ കയ്യിൽ വളയം കിട്ടിയാൽ തോന്നുന്നത് പോലെയാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് യാതൊരു വിലയും കല്പിക്കാറില്ല’ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.

സമയം വൈകുന്നു. ഈ ബഹളത്തിനിടയിലും മോന്റെ മുഖമാണ് മനസ്സിൽ നിറഞ്ഞുനിന്നത്. എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തണം. അതിനായി അയാളോട് വീണ്ടും തൊഴുത് അപേക്ഷിച്ചു. പ്രത്യാശയോടെ ആ കണ്ണുകളിലേക്ക് നോക്കി. അവിടെ അനുകമ്പയുടെ ലാഞ്ചന പോലുമില്ലെന്നു കണ്ടു.

“പോടോ തോന്ന്യാസം കാണിച്ചിട്ട് ന്യായവും പറയുന്നോ?” അയാൾ ആക്രോശിച്ചു.

അയാളതൊന്നും കേൾക്കുന്ന മട്ടില്ല എന്നു കണ്ടപ്പോൾ മാനസികസമ്മർദ്ദം കൊണ്ട് കോപം ഇരച്ചുകയറി. എന്തൊക്കെയോ വിളിച്ചുപറഞ്ഞു. രംഗം പന്തിയല്ല എന്നു കണ്ടു രാഘവേട്ടൻ ഇടയ്ക്ക് കയറി.

റോഡ് ബ്ലോക്ക് ആയപ്പോൾ ആരോ ഹൈവേ പോലീസിൽ വിവരം അറിയിച്ചിരുന്നു. അവർ വന്നു. സാക്ഷി മൊഴികൾ വിനോദിനെതിരായി. രാഘവേട്ടനും പൊലീസുകാരോട് സത്യാവസ്ഥ എന്തെന്ന് പറയാൻ ശ്രമിച്ചു പരാജയപ്പെട്ടു. അയാൾ പറഞ്ഞത് മാത്രം മുഖവിലയ്ക്കെടുത്ത് വിലങ്ങുവെച്ചു ജീപ്പിലേയ്ക്ക് കയറ്റുമ്പോൾ നിസ്സഹായനായി നിൽക്കുന്ന രാഘവേട്ടനെ നോക്കി.

“രാഘവേട്ടാ എന്റെ മോൻ..” പറഞ്ഞുതീരും മുന്നേ ജീപ്പ് നീങ്ങിക്കഴിഞ്ഞു. തന്റെ ദേഹത്ത് വീണ അടിയുടെ വേദനയെക്കാൾ ഏകയും നിസ്സഹായയുമായി തന്നെയും കാത്ത് ഐ സി യുവിന് മുന്നിലിരിക്കുന്ന ഭൈമിയുടെ മുഖമായിരുന്നു മനസ്സിനെ നൊമ്പരപ്പെടുത്തിയത്. അതിന് മേലെയായിരുന്നില്ല മറ്റൊന്നും.

ബസ് ഡിപ്പോയിൽ എത്തിച്ചിട്ടു രാഘവേട്ടൻ വന്നു. അദ്ദേഹം പൊലീസുകാരോട് സംസാരിച്ചിട്ടു സെല്ലിനടുത്തേയ്ക്ക് വന്നു.

“ജാമ്യം പോലും കിട്ടാത്ത വകുപ്പാണല്ലോ മോനെ നിന്റെമേൽ ചർത്തിയത്. . യൂണിയനുമായി ആലോചിച്ചിട്ട് വക്കീലിനെയുമായി നാളെ വരാം. ഇന്നിപ്പോൾ നേരം വൈകിയില്ലേ?”

“രാഘവേട്ടാ എന്റെ മോനും ഭൈമിയും ആശുപത്രിയിൽ തനിച്ചാണ്.” ആധി മുഴുവൻ അതായിരുന്നു.

“ഞാൻ നേരെ ആശുപത്രിയിലേയ്ക്കാണ് പോകുന്നത്. എന്നിട്ട് വീട്ടിൽപ്പോയി എന്റെ മോനെ അങ്ങോട്ട് പറഞ്ഞുവിടാം. കാറിലുണ്ടായിരുന്നത് ആരാണെന്ന് മോനറിയാമോ?.”

“ഇല്ലെന്ന് തലയാട്ടി.” അത് രാഘവേട്ടനോട് എങ്ങനെ പറയും. ഭൈമിയുടെ സഹോദരൻ ശിവഭാസ്കർ ആയിരുന്നെന്ന്. അയാൾ മനപ്പൂർവ്വം തന്നെയാണെന്നുറപ്പാണ്.

“ കാറിന് വലിയ പരിക്കൊന്നുമില്ല. നിന്നെ എങ്ങനെയും കുടുക്കിയേ മതിയാവൂ എന്നൊരു നിർബ്ബന്ധം ഉള്ളത് പോലെയായിരുന്നു അയാളുടെ നീക്കം.
ഞാൻ പൊലീസുകാരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനാൽ അവരിനി ഉപദ്രവിക്കില്ല.”

രാഘവേട്ടൻ പോയി. സെല്ലിന്റെ മൂലയ്ക്ക് വെറും നിലത്തു കിടന്നു. കവിൾ വേദനിക്കുന്നുണ്ട്. കൈക്കുഴയ്ക്കും നല്ല വേദന. എവിടെയൊക്കെയാണ് അടി കിട്ടിയത്. ഒന്നും ഓർമ്മയില്ല. കെ എസ് ആർ ടി സിയിൽ ഡ്രൈവറായി നിയമനം കിട്ടിയപ്പോൾ മുതലുള്ള ബന്ധമാണ് രാഘവേട്ടനുമായി. അച്ഛന്റെ സ്ഥാനത്താണ് താനും ഭൈമിയും അദ്ദേഹത്തെ കാണുന്നത്. എന്തു സഹായവും ചെയ്യാൻ മടിയില്ല. മംഗലാപുരത്തു എൻജിനീയറിങ് പഠിക്കുന്ന മോൻ ഇപ്പോൾ ലീവിൽ നാട്ടിലുണ്ട്. അവനെ ആശുപത്രിയിലേക്ക് പറഞ്ഞയക്കാം എന്ന് കേട്ടപ്പോൾ അല്പം സമാധാനമായി.

ആദ്യം പ്രൈവറ്റ് ബസ്സിലായിരുന്നു ജോലി. കോളേജിലേയ്ക്കുള്ള സ്ഥിരം യാത്രക്കാരിൽ ഒരാളായിരുന്നു ഭൈമി. ദിവസവും ചന്ദ്രമംഗലം സ്റ്റോപ്പിൽ നിന്നും നാലഞ്ചു സുന്ദരികൾ കയറും. കോളേജ് സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്യും. മിക്കവാറും ബസ്സിൽ നല്ല തിരക്കായിരിക്കും. അതിനാൽ അവർ എഞ്ചിന്റെ ഭാഗത്തേക്ക് കയറി നിൽക്കും. അവിടെയാകുമ്പോൾ തിരക്കിനിടയിൽ പെടേണ്ട എന്നൊരു സൗകര്യം കൂടിയുണ്ട്.

പതിവ്പോലെ അന്നും നിറയെ യാത്രക്കാരുമായി ബസ് ഓടുകയാണ്. പെട്ടെന്ന് എൻജിനിൽ നിന്നും വല്ലാത്തൊരു ശബ്ദവും പുകയും ബസ് ഓഫ് ആകുകയും ചെയ്തു. എന്താണ് സംഭവമെന്ന് നോക്കുമ്പോൾ ഒരു വശം കീറിപ്പോയ നിറയെ ഞൊറികളുണ്ടായിരുന്ന ചുരിദാർ ടോപ്പുമായി വെളുത്തു കൊലുന്നനെയുള്ള ആ കുട്ടി ചമ്മലും നാണവും ഒക്കെക്കൊണ്ട് കണ്ണ് നിറഞ്ഞു നിൽക്കുന്നു. വയറിന്റെ മുകൾഭാഗം വരെ ടോപ്പ് കീറിപ്പോയിട്ടുണ്ട്. കൂട്ടുകാരികൾ അവളുടെ മാനം കാക്കാൻ ശ്രമിക്കുന്നത് കണ്ടു ആരോ ഒരാൾ ഇവിടിരിക്കൂ കുട്ടീ എന്നും പറഞ്ഞു സീറ്റ് ഒഴിഞ്ഞു കൊടുത്തു.

അല്പം പഴക്കമുള്ള ബസ്സായിരുന്നു അത്. എൻജിൻ കവർ ഉയർത്തി നോക്കുമ്പോൾ ഫാനിൽ ചുറ്റിപ്പിണഞ്ഞു ചുരിദാറിന്റെ ഭാഗങ്ങൾ. ബസ് ഇനി പോകില്ല എന്നറിഞ്ഞത് കൊണ്ട് യാത്രക്കാർ ഇറങ്ങി മറ്റു ബസുകളിൽ കയറിപ്പോയി. ആ പെണ്കുട്ടിയും കൂട്ടുകാരികളും ബസ്സിൽത്തന്നെയിരുന്നു. കണ്ടക്ട്ടർ മറ്റ്‌ യാത്രക്കാർക്ക് ബാക്കി പൈസ കൊടുക്കാനുള്ള തത്രപ്പാടിലും. വേഗം ഓട്ടോ പിടിച്ചു പോയി ഒരു ചുരിദാർ വാങ്ങി വന്നു. ബസ്സിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടു കൊടുത്തു. കീറിയത് മാറ്റി പിങ്ക് കളറുള്ള ചുരിദാർ ഇട്ട് അവൾ കൂട്ടുകാരോടൊപ്പം ഇറങ്ങിവന്നു. നന്ദിയോടെ ഒന്നു നോക്കിയിട്ട് അടുത്ത ബസ്സിൽ കയറിപ്പോയി. എൻജിൻ ബോക്സിന്റെ വിടവിലൂടെ ഷിഫോണ് തുണിയുടെ നേർത്ത ഞൊറികൾ ഫാനിന്റെ കറക്കത്തിൽ അകത്തേയ്ക്ക് വലിഞ്ഞാണ് ബസ് ഓഫ് ആയത്. അന്ന് തന്നെ വർക്ഷോപ്പിൽ കൊണ്ടുപോയി ബസ് നന്നാക്കി.

പിറ്റേന്ന് ബസ്സിൽക്കയറുമ്പോൾ ചമ്മലോടെ അവളൊന്നു പുഞ്ചിരിച്ചു. പിന്നീട് നല്ലൊരു സൗഹൃദം ഉടലെടുത്തു. പിന്നെയത് പ്രണയമായി. മൂന്നുവർഷത്തെ കോഴ്‌സ് കഴിഞ്ഞപ്പോൾ ഭൈമി വീട്ടിൽ വരാൻ പറഞ്ഞു. അങ്ങനെ അച്ഛനെയും അമ്മാവനെയും കൂട്ടി വിവാഹാലോചനയുമായി ഭൈമിയുടെ വീട്ടിൽച്ചെന്നു.

ഒരു ഡ്രൈവർക്ക് കൊടുക്കാൻ അവിടെ പെണ്ണില്ലത്രേ. എല്ലാംകൊണ്ടും സമൂഹത്തിൽ ഉന്നതരായ കുടുംബമാണ് ഭൈമിയുടേത്. അവിടെ പെണ്ണ് ചോദിച്ചു പോയത് തന്നെ തെറ്റായിരുന്നെന്ന് അപമാനിതരായി മടങ്ങും വഴി അച്ഛൻ ദേഷ്യപ്പെട്ടു.
അതോടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. ഭൈമിയെപ്പറ്റി യാതൊരു വിവരവുമില്ല. എന്തുചെയ്യണമെന്ന് ഒരു രൂപവും കിട്ടാതെ ഉഴലുമ്പോൾ ആറുമാസം കഴിഞ്ഞൊരു ദിവസം ഒരു ബാഗുമായി ഭൈമി സ്ഥിരം സ്റ്റോപ്പിൽ നിന്നും കയറി. വന്നപാടെ അറിയിച്ചു. “ഞാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നു. അടുത്തയാഴ്ച്ച എന്റെ വിവാഹം നടത്താനിരിക്കുകയാണ്. ഇതല്ലാതെ മറ്റൊരു വഴിയും ഞാൻ കണ്ടില്ല വിനുവേട്ടാ.”

എന്തുചെയ്യണമെന്ന് ഒരൂഹവും കിട്ടിയില്ല. ഭൈമിയെ വീട്ടിൽ കാണാതെ വരുമ്പോൾ അവർ ആദ്യം അന്വേഷിക്കുക തന്നെയാകും. അതിനാൽ പെട്ടെന്ന് എന്തെങ്കിലും തീരുമാനം എടുത്തേ മതിയാകൂ. അടുത്ത സുഹൃത്ത് മനോഹരനുമായി ബന്ധപ്പെട്ടു. ടൗണിൽ എത്തിയപ്പോൾ മറ്റൊരു ഡ്രൈവറെ ഏർപ്പാടാക്കി ഭൈമിയെയും കൂട്ടി മനോഹരന്റെ വീട്ടിൽച്ചെന്നു. നെല്ലിയാടിയിലുള്ള ഒരു ബന്ധുവീട്ടിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത് വരെ താമസിക്കാൻ സൗകര്യം ചെയ്തു തന്നു. വീട്ടിൽപ്പോലും പറയാതെ ആ വഴി നെല്ലിയാടിക്ക് പോയി. മനോഹരനെ എല്ലാം പറഞ്ഞേൽപ്പിച്ചു. ഭൈമിയുടെ വീട്ടുകാർ കുറെ അന്വേഷിച്ചുവെന്നറിഞ്ഞു. ഒരുമാസം കഴിഞ്ഞു തിരിച്ചുവന്ന് വിവാഹം രജിസ്റ്റർ ചെയ്തു.

ഭൈമിയുടെ വീട്ടുകാരുടെ പിടിപാട് കൊണ്ട് ബസ്സിലെ ജോലി അപ്പോളേക്കും പോയിക്കിട്ടി. നാട്ടിൽ ഒരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിച്ചുമില്ല. എവിടെയെങ്കിലും ജോലിക്ക് കയറി ഒരാഴ്ച്ച കഴിയുമ്പോൾ അവർ തന്നെ കാരണമൊന്നുമില്ലാതെ പൊയ്ക്കൊള്ളാൻ പറയും. അങ്ങനെ വീട്ടിൽ ഓരോ ജോലികളുമായി കഴിഞ്ഞുകൂടി. പി എസ് സി ലിസ്റ്റിൽ പേരുണ്ടായിരുന്നത് കൊണ്ട് പേടിയുണ്ടായില്ല. അക്കാര്യം രഹസ്യമാക്കിവെച്ചു. ഇല്ലെങ്കിൽ അതും അവർ തെറിപ്പിക്കും എന്നുറപ്പ്. അതിനാൽ ജോലിക്ക് ജോയിൻ ചെയ്യുന്ന ദിവസമാണ് വീട്ടിൽപ്പോലും വിവരം പറഞ്ഞത്. അച്ഛനും അമ്മയുമല്ലേ സന്തോഷം കൊണ്ട് ആരോടെങ്കിലും പറഞ്ഞുപോയാൽ തീർന്നു. ഭൈമി മാത്രമേ നേരത്തെ അറിഞ്ഞിരുന്നുള്ളൂ. കോഴിക്കോട് ജില്ലയിലാണ് നിയമനം കിട്ടിയത്. അത് ഭാഗ്യമായി. വാടകയ്ക്ക് ഒരു ചെറിയ വീടെടുത്തു. കോഴിക്കോടേയ്ക്ക് പോന്നു. ഭൈമി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു.

ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാണ് ഭൈമി ഗർഭിണിയായത്. ഗർഭാലസ്യം കൂടിയപ്പോൾ തനിയെ നിർത്തുന്നത് ശരിയല്ലല്ലോ എന്നോർത്തു വീട്ടിൽ കൊണ്ടുപോയാക്കി. പിന്നെ പ്രസവം കഴിഞ്ഞാണ് തിരിയെ കൊണ്ടുവന്നത്. എന്നിട്ടും ഭൈമിയുടെ വീട്ടുകാരുടെ പകയും വിദ്വേഷവും മാറിയിരുന്നില്ല.

ഇപ്പോൾ മോന് സുഖമില്ലാതെയായപ്പോളും ആശുപത്രിയിൽ നിൽക്കാനോ അന്വേഷിക്കാനോ ഇവിടെ ആരുമില്ല. അടുത്ത വീട്ടിലെ താമസക്കാരിയാണ് സരോജിനിയേച്ചി. അവരാണ് അത്യാവശ്യ സന്ദർഭങ്ങളിൽ സഹായഹസ്തം ആകുന്നത്. അടുത്തുള്ളവരൊക്കെ ജോലിക്കാരാണ്. അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. കുഞ്ഞിന് സുഖമില്ല എന്നറിഞ്ഞാൽ അച്ഛനും അമ്മയും പേടിക്കും. അതുകൊണ്ട്‌ അവരോടും വിവരം പറഞ്ഞില്ല. പറഞ്ഞാലും അവരവിടെയിരുന്നു എന്തു ചെയ്യാൻ.

“എടോ..എഴുന്നേൽക്കടോ. ആഹാ ഇതെന്താ നിന്റെ അച്ചിവീടോ. ഇത്ര സുഖമായുറങ്ങാൻ.” ആരോ തട്ടിവിളിക്കുന്നത് അറിഞ്ഞാണ് കണ്ണ് മിഴിച്ചത്. സ്ഥലകാലബോധം വരാൻ അല്പം സമയമെടുത്തു. മെല്ലെ എണീറ്റിരുന്നു. ദേഹമാസകലം വേദനിക്കുന്നുണ്ട്. ഭിത്തിയിൽ പിടിച്ചു ഒരുവിധം എണീറ്റ് പുറത്തേയ്ക്ക് വന്നപ്പോൾ രാഘവേട്ടനും യൂണിയൻ നേതാവ് പ്രതാപും ഒരു വക്കീലിനെയും കൊണ്ട് എസ്‌ഐ യുടെ മുന്നിൽ ഇരിക്കുന്നത് കണ്ടു.

“എടോ മനുഷ്യത്വത്തിന്റെ പേരിലാണ് തനിക്കിപ്പോൾ ജാമ്യം തരുന്നത്. ജോലിയുടെ കാര്യം വഴിയേ ആലോചിക്കാം. ഇവിടെ ഒപ്പിട്ടിട്ട് പൊയ്ക്കോളൂ. ദിവസവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടുകയും ചെയ്യണം. കേട്ടല്ലോ.”

എല്ലാം തലകുലുക്കി സമ്മതിച്ചു. അപ്പോൾ മറ്റുകാര്യങ്ങളൊന്നുമായിരുന്നില്ല മോന്റെ അടുത്തെത്താനുള്ള ത്വരയായിരുന്നു ഉള്ളിൽ. മാറ്റാനുള്ള മുണ്ടും ഷർട്ടും വാങ്ങി ഓട്ടോ പിടിച്ചു നേരെ ആശുപത്രിയിലേക്ക് പോയി. പനി കുറഞ്ഞതിനാൽ മോനെ
റൂമിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും ക്ഷീണിതനായിരുന്നു അവൻ.

കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭൈമി നിർന്നിമേഷയായി നോക്കിനിന്നു.

“അഖിൽ എവിടെ?”

“അവൻ മരുന്നുവങ്ങാൻ പോയിരിക്കുകയാണ്.”

കുളിച്ചു വന്ന് മോന്റെ സമീപമിരുന്നു അവന്റെ നെറുകയിൽ തലോടി.

അച്ഛന്റെ സാമീപ്യമറിഞ്ഞ അവൻ ‘അത്താ.. ‘ എന്ന് അസ്പഷ്ടമായി വിളിച്ചു.

“മോനേ അച്ഛൻ വന്നെടാ..” ആ കുഞ്ഞിക്കൈകൾ വിരലുകളിൽ മുറുകിയപ്പോൾ മറ്റെല്ലാ ആകുലതകളും മറന്നു വിനോദ് മകനെ വാരിയെടുത്തു മാറോട് ചേർത്തു.

✍ ഡോളി തോമസ്. ചെമ്പേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments