മൂവന്തി ഇരുണ്ടു തുടങ്ങി
പേമാരി പെയ്യ്തു തുടങ്ങി
ഇടിമിന്നൽ പിണരുകളാലെ
നാടാകെ ഭീതിയിലായി
കൂരകളിൽ തിരികൾതെളിഞ്ഞു
പക്ഷികളും കൂടുകൾ തേടി
ഇതുവരെയും വന്നില്ലെൻ്റെ
കുഞ്ഞുങ്ങളുടച്ഛൻ വീട്ടിൽ
ഇന്നലെയും പണിയില്ലാർന്നു
അന്നത്തിനു വകയില്ലാർന്നു
പൈതങ്ങൾ വിശന്നു കരഞ്ഞു
ഞങ്ങളുമതുകേട്ടു വലഞ്ഞു
പുലർകാലെപോയൊരു കണവൻ
പണിതേടിയിറങ്ങിയ പതിതൻ
വരുവാനായ് താമസമെന്തേ
എൻഹൃദയം തകരുന്നല്ലോ
പണികിട്ടാതലയുകയാണോ
പണമില്ലാതുരുകുകയാണോ
പൈതങ്ങളുടാഹാരത്തിനു
വകതേടി അലയുകയാണോ
പതിതർതൻ ജീവിതമെന്തേ
ഈശ്വരനും കാണുന്നില്ലേ
അവരോടനുകമ്പകൾതോന്നൻ
ദൈവങ്ങൾക്കാകുകയില്ലേ
ഒരുകൂട്ടർ ജീവിതമെല്ലാം
ആർഭാടമതാക്കീടുമ്പോൾ
ദാരിദ്ര്യക്കടലുകൾ താണ്ടി
മറ്റൊരു കൂട്ടർ
ഉള്ളവനും ഇല്ലാത്തവനും
എന്നുള്ളൊരു വിത്യാസങ്ങൾ
ഇല്ലാത്തൊരു കാലം വരുമോ
മർത്യർക്കിടയിൽ