Thursday, May 30, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 3) 'എന്റെ ഒളിയിടം'

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 3) ‘എന്റെ ഒളിയിടം’

റെക്സ് റോയി

അധ്യായം 3

എന്റെ ഒളിയിടം

അന്നൊരിക്കൽ ഞാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ എനിക്ക് കയറാനുള്ള ബോഗി വന്നു നിൽക്കുന്ന സ്ഥലം നോക്കി നടക്കുകയായിരുന്നു. എതിരെ വരുന്ന താടിക്കാരനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് മനസ്സിൽ വിചാരിച്ചതേ യുള്ളൂ ” എടാ തോമസേ” എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ആ താടിക്കാരൻ എൻെറ അടുത്തേക്ക് കുതിച്ചെത്തി. ഞാൻ അവിശ്വസനീയതയോടെ തരിച്ചു നിന്നു .
” സന്തോഷ്, എടാ നീ ?” ഞാനും മുമ്പോട്ടു കുതിച്ചു ചെന്ന് അവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.

ഓൾ സെയിന്റ്സ്സ് കോളേജിൽ ബിഎക്ക് പഠിക്കുമ്പോൾ എന്റെ സതീര്‍ത്ഥ്യനും ഉറ്റ സുഹൃത്തുമായിരുന്നു സന്തോഷ്. വർഷങ്ങൾക്കു ശേഷം തമ്മിൽ കാണുകയാണ്. പഠിക്കുന്ന കാലത്ത് കോളേജ് യൂണിയനിൽ ഏറ്റവും ആക്ടീവായി പങ്കെടുത്തിരുന്നവരാണ് ഞങ്ങൾ. ഒരു വർഷം അവൻ ചെയർമാനും ഞാൻ മാഗസിൻ എഡിറ്ററും ആയിരുന്നു. ഞങ്ങൾ കോളേജിൽ പല സമരങ്ങൾ നടത്തിയിട്ടുണ്ട് . അറസ്റ്റിലാവുകയും സസ്പെൻഷനിലാവുകയും എല്ലാം ഒന്നിച്ചായിരുന്നു. ബി എ കഴിഞ്ഞ് ഞാൻ എം എയ്ക്ക് ചേർന്നു. അതുകഴിഞ്ഞ് പി എച്ച് ഡി ഗവേഷണങ്ങളുമായി കുറേ വർഷങ്ങൾ. അവനാവട്ടെ ബി എ കഴിഞ്ഞ ശേഷം പാർട്ടി പ്രവർത്തനവുമായി പൊതുരംഗത്ത് സജീവമായി. കുറേക്കാലം ഞങ്ങൾ തമ്മിൽ കാണുകയും സമ്പർക്കത്തിൽ ഇരിക്കുകയും ചെയ്തിരുന്നു. പിന്നീട് അവൻ ഒരു കൊലപാതക കേസിൽ പെടുകയും ജയിലിലാവുകയും ചെയ്തു. സജീവ പാർട്ടി പ്രവർത്തകരല്ലാത്തവരുമായുള്ള സമ്പർക്കം പാർട്ടി വിലക്കിയതിനാൽ ഞങ്ങൾ തമ്മിലുള്ള സമ്പർക്കം വളരെ കാലത്തേക്ക് അറ്റുപോയിരുന്നു. അവനെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ ഞാൻ അറിയുന്നുണ്ടായിരുന്നെങ്കിലും അവന് പാർട്ടിയിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ട എന്നു വിചാരിച്ച് ഞാൻ അവനുമായി ബന്ധപ്പെടാൻ പിന്നീട് ശ്രമിച്ചിട്ടില്ല. ഇപ്പോൾ അവൻ ഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങി തിരിച്ചു പോകുന്ന വഴിയാണ്.

ഞാൻ അവനിൽ നിന്ന് അടർന്നു മാറി എൻ്റെ കണ്ണുനീർ തുടച്ചു . അവനും കണ്ണുനീർ തുടയ്ക്കുന്നതു കണ്ട് ഞാൻ ഒന്ന് അന്തംവിട്ടു. കല്ലു പോലുള്ള മനസ്സുള്ളവൻ എന്നാണ് അവൻ ക്യാമ്പസിൽ അറിയപ്പെട്ടിരുന്നത്. അവൻ കരയുന്നോ ! ഞങ്ങൾ ആ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു.
” നീ എങ്ങോട്ടാ?” അവൻ ചോദിച്ചു.
” ഞാൻ പൂനെയ്ക്ക് പോകുകയാണ്. ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ. നീയോ?”
” എൻെറ മടയിലേക്ക്. പണ്ട് നമ്മൾ പാർട്ടി ഗ്രാമം സന്ദർശിക്കാൻ ശ്രമിച്ചത് ഓർമ്മയുണ്ടോ. അവിടെയൊന്ന് എത്തിപ്പെടാൻ എത്ര പേരുടെ പുറകെ നടന്നു. പക്ഷേ അന്ന് നടന്നില്ല. ഞാൻ അവിടെയാണ് ഇപ്പോൾ താമസിക്കുന്നത്.”

ഞാൻ അന്തംവിട്ട് അവനെ നോക്കി. പഠിക്കുന്ന കാലത്ത് പാർട്ടി ഗ്രാമങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവിടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അതിയായ മോഹമുണ്ടായിരുന്നു. ഞങ്ങൾ പല വഴിക്ക് ശ്രമിച്ചു. അവിടം സന്ദർശിക്കാൻ ഉന്നത നേതാക്കന്മാരുടെ അനുവാദം വേണമായിരുന്നു. സന്ദർശകരെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ അവിടെ പ്രവേശിപ്പിക്കില്ലായിരുന്നു. ഞങ്ങളുടെ ഉദ്യമങ്ങൾ പരാജയപ്പെട്ടതിൽ അന്ന് ഞങ്ങൾക്ക് വളരെ നിരാശയും ഉണ്ടായിരുന്നു.

” നീ വരുന്നോ എന്റെ കൂടെ ? പാർട്ടി ഗ്രാമത്തിലേക്ക് ?”
ഞാൻ ഞെട്ടലോടെ അവനെ നോക്കി. ” കണ്ണുമിഴിച്ച് നോക്കണ്ട, എനിക്ക് നിന്നെ അകത്തേക്ക് കടത്താൻ പറ്റും.”

എൻെറ സെമിനാർ ! ആ പോട്ടെ പുല്ല് ! സെമിനാറുകൾ എല്ലാവർഷവും ഉണ്ടല്ലോ. അടുത്തവർഷം നോക്കാം. ഈയൊരു ചാൻസ്സ് കളയാൻ പാടില്ല. പണ്ടത്തെ ഒരു സ്വപ്നമല്ലേ . എന്നാലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവൻ ഇതൊക്കെ ഓർത്തിരിക്കുന്നല്ലോ. അവനോടുള്ള എൻെറ ഇഷ്ടവും ആരാധനയും പണ്ടുള്ളതിന്റെ ഇരട്ടിയായി.

പാർട്ടി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. സന്തോഷ് കൂടെയുണ്ടായിരുന്നിട്ടും അനേകം കടമ്പകൾ കടക്കേണ്ടി വന്നു. വളരെ പണിപ്പെട്ടാണ് സന്തോഷ് ഗ്രാമം നിയന്ത്രിക്കുന്ന നേതാക്കളെക്കൊണ്ട് എന്നെ പ്രവേശിപ്പിക്കാൻ സമ്മതിപ്പിച്ചത്. ഞാൻ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പഴയ പ്രവർത്തകൻ ആണെന്നും എന്നാൽ ഔദ്യോഗിക കാരണം കൊണ്ട് നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അവരെ ബോധിപ്പിച്ചു. എങ്കിലും മറ്റു പാർട്ടികളുടെ ചാരൻ ആയിരിക്കാം എന്ന ഒരു സന്ദേഹത്തോടെയാണ് അവർ എന്നോട് പെരുമാറിയത്. ആദ്യമായി എന്നെ ഒരു ചെറിയ മുറിയിൽ കൊണ്ടുപോയി നഗ്നനാക്കി പരിശോധിച്ചു. ഞാൻ ആയുധങ്ങളോ രഹസ്യ ഇലക്ട്രോണിക് ഉപകരണങ്ങളോ കയ്യിൽ കരുതിയിട്ടില്ല എന്ന് അവർ പലവട്ടം പരിശോധിച്ച് ഉറപ്പുവരുത്തി. എൻ്റെ മൊബൈൽഫോണും ലാപ്ടോപ്പും , പേഴ്സ് അടക്കമുള്ളതെല്ലാം അവർ പിടിച്ചുവച്ചു. തിരികെ പോകുമ്പോൾ അതെല്ലാം ഒരു കുഴപ്പവും കൂടാതെ എന്നെ തിരിച്ചേൽപ്പിക്കുമെന്ന് സന്തോഷ് നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ടായിരുന്നു. വളരെ കാലംമുമ്പ് കണ്ടിരുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ .

ഷീറ്റുമേഞ്ഞ ചെറിയ കുടിലുകൾ ഒന്നിനോടൊന്നുതൊട്ട് തലങ്ങും വിലങ്ങും പണിതിരിക്കുന്നു. അതിനിടയിലുള്ള ഇടുങ്ങിയ ഇടനാഴികളിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. വഴി ശരിക്കും പരിചയമില്ലാത്തവൻ അതിനുള്ളിൽ കടന്നാൽ പുറത്തുകടക്കുക അസാധ്യം. ഇടയ്ക്കിടെ മൂന്നോ നാലോ പേർ വട്ടത്തിലിരുന്ന് ചീട്ടും നിരയുമൊക്കെ കളിക്കുന്നത് കാണുന്നു. അവരുടെയൊക്കെ കയ്യെത്തും ദൂരത്ത് വടിവാളും കത്തിയും മറ്റ് ആയുധങ്ങളും വെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മറ്റു ചിലർ അലസമായി ആ ഇടുങ്ങിയ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കുന്നു. അവരൊക്കെ ആ ഗ്രാമത്തിലെ കാവൽക്കാരാണെന്നും ആയുധധാരികൾ ആണെന്നും സന്തോഷ് എനിക്ക് നേരത്തെ തന്നെ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. സംശയാസ്പദമായ ഒരു നീക്കം മതി എൻെറ തല നിലത്തു കിടന്ന് ഉരുളും എന്ന് സന്തോഷ് എനിക്ക് ഞാൻ ഗ്രാമത്തിലേക്ക് പോകാൻ സമ്മതം അറിയിച്ചപ്പോൾ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

സന്തോഷ് എന്നെ അവൻ്റെ മുറിയിലേക്ക് കയറ്റി. ഒരു ചെറിയ മുറി. ഒരു കട്ടിൽ, മേശ, കസേര പിന്നെ ഒരു ബുക്ക് ഷെൽഫും. വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനായിരിക്കും ഒരു വലിയ ഇരുമ്പ് പെട്ടി നിലത്തിരിക്കുന്നു. മേശപ്പുറത്ത് ഒരു ടേബിൾ ലാമ്പും ഒരു ടേബിൾ ഫാനും . ഇത്രയും ആയിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. പുസ്തകങ്ങൾ തിങ്ങിനിറഞ്ഞ ബുക്ക് ഷെൽഫിന്റെ ഒരു ഭാഗത്ത് ഞാൻ എഴുതിയ പുസ്തകങ്ങൾ ഒന്നിച്ച് പ്രത്യേക പരിഗണനയോടെ വച്ചിരിക്കുന്നതു കണ്ട് എനിക്ക് അതിയായ ആഹ്ലാദവും അഭിമാനവും തോന്നി. എന്റെ കണ്ണ് ഈറനണിഞ്ഞു. വളരെ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് താൻ ജീവിക്കുന്നതെങ്കിലും എന്നെ ആ മുറിയിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷിന് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവൻെറ മുഖഭാവത്തിൽ നിന്നെനിക്ക് മനസ്സിലായി. എനിക്കും അതിയായ സന്തോഷം തോന്നി.

ഞാൻ അവിടെ ഒരാഴ്ച താമസിച്ചു. ഞാൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴൊക്കെ ആരൊക്കെയോ എന്നെ പിന്തുടരുന്നതായിട്ട് എനിക്ക് അനുഭവപ്പെട്ടു. കയറി ച്ചെല്ലാൻ പാടില്ലാത്ത ചില ഇടനാഴികളെക്കുറിച്ച് സന്തോഷ് എനിക്ക് മുന്നറിയിപ്പുകൾ തന്നിരുന്നു. വഴിയിൽ കാണുന്നവർ നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കണമെന്ന് സന്തോഷ് നിർദ്ദേശിച്ചിരുന്നു. അവിടുത്തെ ജീവിതം ഭയാനകമായിരുന്നെങ്കിലും എനിക്ക് സന്തോഷമായിരുന്നു. ആ ഗ്രാമത്തെ നിയന്ത്രിച്ചിരുന്ന മുഖ്യ നേതാവിനെ പരിചയപ്പെടാനുള്ള സുവർണ്ണാവസരവും എനിക്ക് ലഭിച്ചു. സന്തോഷാണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു. വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആ മനുഷ്യന്റെ രാഷ്ട്രീയത്തിലുള്ള അപാരമായ അറിവുകളും നിരീക്ഷണങ്ങളും എന്നെ അത്ഭുതപ്പെടുത്തി. പൊളിറ്റിക്കൽ സയൻസിൽ പി എച്ച് ഡിയുള്ള ഒരാൾക്കു പോലും ഇത്രയും ഗഹനമായ അറിവുകൾ ഉണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു. ആദ്യമൊക്കെ സംശയദൃഷ്ടിയോടെയുള്ള ഒരു അകൽച്ച അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നെങ്കിലും ക്രമേണ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി .

പിന്നീടങ്ങോട്ട് ആ ഗ്രാമമായി എൻെറ പണിപ്പുര. സന്തോഷിന്റെ ആ ഒറ്റ മുറിയായിരുന്നു പിന്നീടുള്ള എന്റെ നോവലുകളുടെ ഈറ്റില്ലം. എഴുതുവാനുള്ള ഐഡിയകൾ കിട്ടിക്കഴിഞ്ഞാൽ ഒറ്റ മുങ്ങലാണ് , ആ മുറിയിലേക്ക് . എനിക്ക് എത്ര നാൾ വേണമെങ്കിലും അവിടെ താമസിച്ച് എഴുതുവാനുള്ള സൗകര്യം സന്തോഷ് ചെയ്തു തന്നു . എല്ലാ ആശയവിനിമയോപകരണങ്ങളും ആ ഗ്രാമത്തിലേക്ക് കയറുമ്പോൾ തന്നെ അവരെ ഏൽപ്പിക്കേണ്ടതിനാൽ യാതൊരു ബാഹ്യ ഇടപെടലും കൂടാതെ ആഴ്ചകളും മാസങ്ങളും എനിക്കവിടെ കഴിയാമായിരുന്നു. ഭക്ഷണവും സിഗരറ്റും മദ്യവും തുടങ്ങി ഞാൻ ചോദിക്കുന്നതെല്ലാം അവർ മുറിയിൽ എത്തിച്ചു തരുമായിരുന്നു. എല്ലാത്തിനും ഉയർന്ന വില കൊടുക്കേണ്ടിയിരുന്നു എന്ന് മാത്രം. ആകെ ഒരു ബുദ്ധിമുട്ട് മാത്രമേ ഞാൻ നേരിട്ടിരുന്നുള്ളൂ. ഇൻറർനെറ്റ്. പക്ഷേ സന്തോഷ് അതിനുള്ള വഴിയും കാണിച്ചു തന്നു . അവിടുത്തെ ഗ്രാമമുഖ്യന്റെ മുറിയിൽ പോയി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എനിക്ക് ആവശ്യമുള്ള ഡാറ്റ ഇൻറർനെറ്റിൽ നിന്നെടുക്കാൻ അവർ അനുവദിച്ചു. സന്തോഷിന് എന്റെ ആവശ്യങ്ങളും ശീലങ്ങളും വ്യക്തമായി അറിയാമായിരുന്നു. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എൻ്റെ രചനകൾ നിർദിഷ്ട സമയത്തിനും വളരെ മുമ്പേ തീർക്കുവാൻ അവിടുത്തെ ഏകാന്തവാസം സഹായിച്ചു.

ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളാണ്. ഏകനായിരുന്ന് സ്വപ്നങ്ങൾ കാണുകയും ചിന്തിച്ചു കൂട്ടുകയും ചെയ്യുക എന്നതാണ് എന്റെ ഹോബി. ഏകാന്തത എന്റെ ചിന്തകൾക്ക് ചിറകു നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ …….
ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
എന്താവും ഇതിൻ്റെ അവസാനം ……..

സന്തോഷിനെ നാട്ടിലുള്ള എൻ്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തേണ്ടിയിരുന്നു. അങ്ങനെയായിരുന്നെങ്കിൽ എന്നെ കാണാതെ വരുമ്പോൾ അവർ സന്തോഷിനെ വിളിക്കുകയും അങ്ങനെ ഞാൻ അപ്രത്യക്ഷമായി എന്ന വിവരം അവർ അറിയുകയും ചെയ്യുമായിരുന്നു. സന്തോഷ് തന്നെയാണ് എന്നെ വിലക്കിയത്. ഈ ഗ്രാമത്തെക്കുറിച്ച് അറിയുമ്പോൾ കൂട്ടുകാർക്കും ഇവിടം സന്ദർശിക്കാൻ ആഗ്രഹം തോന്നുകയും അവർ അതിനു ശ്രമിക്കുകയും ചെയ്താൽ അപകടമാകും. അങ്ങനെയായിരുന്നു സന്തോഷ് പറഞ്ഞത്. അതു വളരെ ശരിയുമാണ്. പക്ഷേ ഇപ്പോൾ സന്തോഷിന് എന്റെ കൂട്ടുകാരെയും എൻ്റെ കൂട്ടുകാർക്ക് സന്തോഷിനെയും അറിയില്ല. അവർ പരസ്പരം അറിയുമായിരുന്നെങ്കിൽ, എപ്പോഴെങ്കിലും അവർ ബന്ധപ്പെടുകയും എന്നെ കാണ്മാനില്ല എന്ന വിവരം ശ്രദ്ധയിൽപ്പെടുകയും ചെയ്യുമായിരുന്നു.

സഹകരിക്കണം പോലും ! ങാ, അതല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ. അദ്ദേഹത്തിൻ്റെ ജീവിതകഥ എഴുതിക്കഴിഞ്ഞാൽ …….

താജ്മഹൽ !!!

എന്തുകൊണ്ടാണ് താജ്മഹലിൻ്റെ ചിത്രം എൻ്റെ മനസ്സിൽ മിന്നി മറഞ്ഞത് ?

താജ്മഹൽ – ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളിൽ ഒന്ന്. ഷാജഹാൻ ചക്രവർത്തി താൻ ഏറ്റവും സ്നേഹിച്ച തൻ്റെ പ്രിയതമ മുംതാസിനു വേണ്ടി പണിത ശവകുടീരം. തൂവെള്ള മാർബിൾ കൊണ്ട് നിർമ്മിച്ച ലോകാത്ഭുതം. പക്ഷേ, അത് പണിത ശില്പിക്ക് എന്തുപറ്റി ? ഇനി അതുപോലൊന്ന് ഉണ്ടാക്കാതിരിക്കാൻ ചക്രവർത്തി ശില്പിയുടെ കൈവെട്ടി കളഞ്ഞില്ലേ ! അതായിരിക്കുമോ എൻ്റെയും അവസ്ഥ. ഇതിലും നന്നായി എഴുതാതിരിക്കുവാൻ വേണ്ടിയല്ല, രഹസ്യം രഹസ്യമായിരിക്കുവാൻ വേണ്ടിയായിരിക്കും എന്നെ കൊന്നു കളയുന്നത് എന്നൊരു വ്യത്യാസം മാത്രം. ഒരു വിറയിൽ എൻ്റെ ഉള്ളിലൂടെ കടന്നുപോയി.

എന്നാലും എന്തിനാണ് എന്നെത്തന്നെ തട്ടിക്കൊണ്ടു വന്നത് ? എന്നെക്കാൾ നല്ല എഴുത്തുകാർ എത്രയോ പേരുണ്ട്. പലരെയും സമീപിച്ചിട്ടും അവരൊന്നും സമ്മതിച്ചില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത് ? അതെന്താ അവരെല്ലാം പിൻവാങ്ങിയത് ? ചുമ്മാ പറഞ്ഞതായിരിക്കുമോ?

അതെ, അതുതന്നെ കാര്യം. എന്റെ തിരോധാനം ആരുടെയും ശ്രദ്ധയിൽ പെടില്ല. എഴുതിക്കഴിഞ്ഞു കൊന്നു കളഞ്ഞാൽ അന്വേഷിച്ചു വരാൻ ആരും ഇല്ലല്ലോ.

എന്നാലും എന്നെ തട്ടിക്കോണ്ടുവന്ന് എഴുതിക്കേണ്ട ആവശ്യം എന്തായിരുന്നു ? കുറച്ചു പണം തരാം എന്ന് പറഞ്ഞാൽ വളരെ സന്തോഷത്തോടെ ഞാൻ എഴുതിക്കൊടുക്കുകയില്ലായിരുന്നോ ? പണം ഒന്നും മുടക്കാതെ എഴുതിക്കാനാണോ ? പക്ഷേ എത്രയോ പണം എന്നെ നിരീക്ഷിക്കാനും തട്ടിക്കൊണ്ടുവന്ന് പാർപ്പിക്കാനും എല്ലാം അദ്ദേഹം മുടക്കുന്നു.

അദ്ദേഹത്തിന്റെ ജീവിതകഥ എഴുതണം എന്നല്ലേ അദ്ദേഹം പറഞ്ഞത് ? ഇനി ഒരുപക്ഷേ എന്നെക്കൊണ്ട് എഴുതിച്ച ശേഷം അദ്ദേഹത്തിന്റെ ആത്മകഥ എന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ആയിരിക്കുമോ ? ക്രെഡിറ്റ് അങ്ങേർക്ക് കിട്ടുമല്ലോ. അതെ, അതു തന്നെയായിരിക്കും കാര്യം . അദ്ദേഹം പറയുന്നതുപോലെ എഴുതിക്കൊടുക്കാം എന്ന് സമ്മതിച്ചുംപോയി. സമ്മതിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നല്ലോ.

ഇനി എല്ലാം വിധിപോലെ വരട്ടെ .

ആയിരത്തൊന്ന് രാവുകളിലെ സുന്ദരിയെ പോലെ കഥ നീട്ടി നീട്ടി കൊണ്ടുപോയി നോക്കാം.

പക

RELATED ARTICLES

Most Popular

Recent Comments