Friday, December 6, 2024
Homeകഥ/കവിതഅഞ്ജലി അവൾ നീല കണ്ണുള്ള പെണ്ണ് ക്രഥ) ✍ഗോപൻ ചിതറ

അഞ്ജലി അവൾ നീല കണ്ണുള്ള പെണ്ണ് ക്രഥ) ✍ഗോപൻ ചിതറ

ഗോപൻ ചിതറ

ശൈത്യത്തിൽ പൊതിഞ്ഞ സുഖമുള്ള കാറ്റ് ഒരു തലോടലായി അവളെ കടന്നു പോയി ബാൽക്കണിയിലെ പരുക്കൻ തറയിൽ കവിൾ ചേർത്ത് ആ തണുപ്പ് പറ്റി കിടന്നപ്പോൾ
അഞ്ജലിക്ക് വല്ലാത്ത സങ്കടം തോന്നി.
തലേന്ന് നടത്തിയ ഗർഭഛിദ്രം അവളെ വല്ലാതെ അവശതയിലാക്കിയിരുന്നു.
ഇതെത്രാമത്തേതാണ്………. ???
അഞ്ജലി എണ്ണാൻ ശ്രമിച്ചു.
അവളുടെ കവിളിൽ കൂടി ഇടവപ്പാതിക്കാലത്തെ കലങ്ങിമറിഞ്ഞയാറു പോലെ കുത്തിയൊലിച്ചു കൊണ്ടിരുന്നു.
ഓരോ തവണയും കരുതും ഇനിയില്ല. ഇതവസാനത്തേതാണെന്ന്….
പക്ഷെ,.
കനത്ത മഴയിൽ കലങ്ങി മുങ്ങിയൊഴുകിയ ഒരു കുട്ടിക്കാല പകലിലാണ് ജംഗ്ഷനിലെ ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം അച്ഛൻ കൊണ്ടു കൊടുത്തതു്
പിന്നെ അതൊരുപതിവായി.
ബാലരമക്കും പൂമ്പാറ്റക്കും ബാലമംഗളത്തിനുമപ്പുറം കൊച്ച്
അഞ്ജലി വായനയുടെ അത്ഭുത
ലോകത്തിലുടെ ഒരുപാട് ദൂരം സഞ്ചരിച്ചു.
നാട്ടിലെ ലൈബ്രറിയിൽ അവളൊരു നിത്യ സന്ദർശകയായി.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ആദ്യ കഥയിലെ കഥാപാത്രങ്ങൾ മൃഗങ്ങളും പക്ഷികളുമായിരുന്നു.
പിന്നെയതു രാജകുമാരനിലേക്കും രാജകുമാരിയിലേക്കും സാധാരണ മനുഷ്യരിലേക്കും അവളുടെ
കഥാപാത്രങ്ങൾ വളർന്നു.
കുത്തൊഴുക്കിൽ ആറിലൂടെ ഇടവപ്പാതിക്കാലത്ത് ഒഴുകിയെത്തുന്ന നീലക്കോടുവേലിയും കാടുകളിലെ പാമ്പും, അപ്പുപ്പൻ കുന്നിലെ
ഭൂതത്താന്മാരും, ചാവരുകാവും പുതിയ കഥകൾക്കുള്ള വിത്തുകളായി മനസ്സിൽ ശേഖരിക്കപ്പെട്ടപ്പോഴും അഞ്ജലി
വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരുന്നു.

കുസൃതി നിറഞ്ഞ ചിരിയുമായി ജീവിതത്തിന്റെ ഓരോ നിമിഷവും
അവൾ ആസ്വദിച്ചു.
പ്ലസ് ടു കഴിഞ്ഞ് പട്ടണത്തിലെ ഹോസ്റ്റലിൽ നിന്ന് ഡിഗ്രിയും പിജിയും ബിഎഡും എടുത്ത കാലത്ത് കോളേജിന്റെ ആസ്ഥാന കഥാകാരിയായി പട്ടം ചാർത്തപ്പെട്ടപ്പോഴും അവൾ കഥകൾ ജനിക്കുന്ന വഴികളിലൂടെ ഭ്രാന്തമായി അലഞ്ഞു തിരിഞ്ഞു നടന്നു.
തനിക്ക് കിട്ടുന്ന ഓരോ നിമിഷവും ആസ്വദിക്കാൻ അവൾ മറന്നില്ല.
അവൾ കലാലയതിന്റെ ഓമനയായിരുന്നു.
പലർക്കും അവൾ മകളായി….
ചിലർക്ക് പെങ്ങളായി……
അവളിലെ പ്രണയം നേടാൻ അവൾക്കായി പ്രണയലേഖനങ്ങൾ എഴുതപ്പെട്ടു.
പൊട്ടിച്ചിരിച്ച് വരാലിനെ പോലെ ഒഴിഞ്ഞു മാറിയപ്പോഴൊക്കെ അവൾ പുതിയ പുതിയ കഥകളെഴുതിക്കൊണ്ടിരുന്നു.
ചില കഥകൾ ഒരുപാട് ദിവസം കൊണ്ട് മനസ്സിലിട്ട് വെട്ടിയും തിരുത്തിയും പിറവിയെടുക്കുന്നവയാണ്.
ചിലപ്പോ ഒരു വ്യക്തിയുടെ പേരായിരിക്കും മനസ്സിൽ ആദ്യം വരുന്നത്.
പിന്നെ അതു് വളർന്നു വികസിച്ചു കഥയാകും.
ഒരു കഥയുടെ പേര് മനസ്സിൽ തോന്നി അതിൽ നിന്ന് ചിലപ്പോൾ കഥ മെനഞ്ഞെടുക്കാറുണ്ട്.
ഒരു ചിത്രം അതല്ലെങ്കിൽ
കവിതപോലെ സുന്ദരമായ ചില വരികൾ തുടക്കമായി കിട്ടും.
മുന്നിൽ കാണുന്ന ചില കാഴ്ചകൾ.. സന്ദർഭങ്ങൾ..
കണ്ടു മുട്ടുന്ന ചില മനുഷ്യർ,
അവൾ കൂടി ഉൾപ്പെടുന്ന ചില സംഭവങ്ങൾ, പത്രവാർത്തകൾ
വരെ കഥയുടെ ബീജമായി
അഞ്ജലിയുടെ ഹൃദയത്തിലേക്ക് കടന്നു വരും.
അവിടെക്കിടന്ന് അത് വളരും
ഒരു ഭ്രൂണത്തെപ്പോലെ.
ആ ഗർഭകാലത്ത് അവൾ അസ്വസ്ഥയാകാറുണ്ട്.
വെട്ടിയും തിരുത്തിയും കഥാരചനയെന്ന പേറ്റു നോവിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ണീരോടെ ഉമ്മ വയ്ക്കാറുണ്ട്.
അവൾ സ്നേഹത്തോടെ താലോലിക്കാറുണ്ട്.
കുറച്ചു ദിവസങ്ങൾ ആ കുഞ്ഞിന്റെ മധുര സ്മരണയിൽ ഉല്ലാസവതിയായി ചിരിച്ച് കളിച്ച് നടക്കും.
വീണ്ടും അടുത്ത കഥയുടെ ബീജത്തെ മനസ്സിൽ പേറും വരെ.

വീട്ടുകാരുടെ നിർബന്ധത്തിനൊടുവിൽ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ജോലിക്ക് വിടണമെന്നും വായിക്കണമെന്നും മാത്രേ
അഞ്ജലിക്ക് ഡിമാന്റുകളായി ഉണ്ടായിരുന്നുള്ളു.
പുഞ്ചിരിയോടെ അവളുടെ ഇഷ്ടങ്ങൾ തന്റേത് കൂടിയാണെന്ന് അരുൺ പറഞ്ഞിട്ടും അയാളൊരു ചില്ലുഭിത്തിക്ക് അപ്പുറത്താണെന്ന് അവൾക്ക് തോന്നി.

കല്യാണ മണ്ഡപത്തിൽ ഇരുന്നപ്പോഴാണ് കാവി മുണ്ടുടുത്ത ഒരു ചെറുപ്പക്കാരനെ അവൾ കണ്ടത്. അവൻ മുടി നീട്ടി വളർത്തിയിരുന്നു ക്ലീൻ ഷേവ് ചെയ്ത മുഖത്ത് എന്തോ വല്ലാത്ത സങ്കടം
തങ്ങി നിൽക്കുന്നതായവൾക്ക് തോന്നി.
അയാൾ കഴുത്തിൽ ഒരു തോർത്ത് വളച്ചിട്ടിരുന്നു.
അതൊരു സൂചനയായി അവളിൽ പടർന്നു.
പിന്നെ ചടങ്ങുകളുടെ തിരക്കിലേക്ക് അവൾ തള്ളപ്പെട്ടു.
ഒരു സാധാരണ മണവാട്ടിയായി
ആ നാണത്തോടെ പ്രതീക്ഷകളോടെ അവന്റെ താലിയേറ്റു വാങ്ങി. സിന്ദൂരമണിഞ്ഞ് അവളൊരു ഭാര്യയായി.
സുമഗലിയായി.
ഊണ് കഴിക്കുന്ന നേരത്ത് അവിടെ വിളമ്പുകാരനായി അവനെ വീണ്ടും കണ്ടപ്പോൾ അഞ്ജലി അവന് ഈശ്വർ
എന്ന് മനസ്സിൽ പേരിട്ടു.
യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴും അവനെ കണ്ടു.
ഭർതൃഗൃഹത്തിൽ ചെന്ന് കയറിയപ്പോഴേക്കും ഈശ്വർ ഒരു കഥയായി അവളിൽ രൂപപ്പെട്ടു തുടങ്ങിയിരുന്നു.
അഞ്ജലി ആകെ അസ്വസ്ഥയായി.
പക്ഷെ തിരക്കുകളിൽ അതെല്ലാം മറവിക്കുള്ളിലേക്കു വീണു പോയി.
ഉള്ളിൽ നാമ്പിടുന്ന കഥയുടെ ഭ്രൂണങ്ങൾക്ക് ചിന്തകളിൽ നിന്ന് പോഷണമൂറ്റി വളരാൻ, ചിന്തിക്കാൻ അവൾക്ക് സമയമുണ്ടായിരുന്നില്ല. ഭക്ഷണമുണ്ടാക്കിയും വീട് വൃത്തിയാക്കിയും തുണിയലക്കിയും ഓരോ ദിവസങ്ങളും ചോർന്ന് പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
ഈശ്വർ ഇടക്കൊക്കെ മനസ്സിൽ മിന്നി മറഞ്ഞു പോയപ്പോഴക്കെ അവൾ കൂടുതൽ അസ്വസ്ഥയായി.
അഞ്ജലിക്ക് ദിവസങ്ങളുടെ താളം പതിയെ തെറ്റി തുടങ്ങുകയായിരുന്നു.
താളപ്പിഴകൾ എവിടെയും വിരുന്നുകാരനായി.
ദോശ കരിഞ്ഞു, കറികൾ അടിയിൽ പിടിച്ചു, ഉപ്പു കൂടുകയും എരിവില്ലാതാവുകയും ചെയ്തു തുടങ്ങി ഉപ്പില്ലാത്ത സാംബാറും എരിവുകൂടിയ മീൻ കറിയും അഞ്ജലിയ്ക്ക് വല്ലാതെ വഴക്കു കേൾപ്പിച്ചു.
ഒരു രാത്രി അരുൺ പതിവ് സ്നേഹപ്രകടനങ്ങൾക്ക് ശേഷം ഉറക്കമായപ്പോൾ അവൾ പതിയെ എഴുന്നേറ്റു. ബാൽക്കണിയിലെ ഊഞ്ഞാൽ കസേരയിലിരുന്ന് ഈശ്വറിനെ കുറിച്ച് ആലോചിച്ചു.
ഊഞ്ഞാലിന്റെ താളത്തിനൊത്ത് ഈശ്വറിന്റെ ചിന്തകളിലൂടെ, അവന്റെ ,
പ്രണയത്തിലൂടെ, പ്രണയിനിയിലൂടെ അവൾ സഞ്ചരിച്ചുകൊണ്ടിരുന്നു.
നേരം വെളുക്കാറായപ്പോഴേക്കും അവളുടെ മനസ്സിൽ ഈശ്വർ പൂർണതയിലെത്തിയിരുന്നു.

കണ്ണിൽ ബാക്കി നിൽക്കുന്ന ഉറക്കവുമായി പിറ്റേന്ന് മുഴുവൻ അവൾ ആലസ്യത്തിലായിരുന്നു, ഒപ്പം സന്തോഷത്തിലും.
ഊണ് കഴിഞ്ഞ് നോട്ട് ബുക്കിൽ ‘പ്രണയിനിയുടെ ഈശ്വർ ‘ എന്ന പേരിൽ അവളാ കഥ എഴുതി പൂർത്തിയാക്കി.

അപ്പോഴേക്കും അരുൺ അസ്വസ്ഥനായി തുടങ്ങിയിരുന്നു.
അയാൾ ചെറിയ കാര്യങ്ങൾക്ക് പോലും അവളെ വഴക്കു പറഞ്ഞു തുടങ്ങി.
അയാളുടെ ഷർട്ട് തേക്കാൻ അവൾ മറന്നു പോയി.
പണികളൊതുക്കി കിടപ്പറയിലെത്തുന്ന അവൾ അയാളെ ശ്രദ്ധിക്കാതെ എഴുതി തുടങ്ങി.
വീട് തൂത്ത് വാരിയില്ല, പത്രം അടുക്കി വച്ചില്ല.
ഒരുപാട് കുറ്റങ്ങൾ….
ഒരിക്കൽ മനോഹരമെന്ന് അയാൾ പാടി പുകഴ്ത്തിയ അവളെ അയാൾക്ക് ഇഷ്ടമല്ലാതായി തുടങ്ങി.
“അഞ്ജലി ഓ അഞ്ജലി” എന്ന് പാടി അവളുടെ ചെവിക്ക് പിന്നിൽ ചുംബിച്ചിരുന്ന അയാൾ എടീ എന്ന് മാത്രം വിളിച്ചപ്പോൾ അഞ്ജലി വല്ലാതെ അസ്വസ്ഥയായി അവൾക്കതൊരു പ്രഹരമായി.
പൊട്ടിചിരിച്ചിരുന്ന കുസൃതി കാണിച്ചിരുന്ന മൂളിപ്പാട്ട് പാടിയിരുന്ന
അഞ്ജലി, അരുണിനെ തൃപ്തിപ്പെടുത്താൻ കഴിവുതും ശ്രമിച്ചു…
ജോലികളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു
ഒരു ജോലിയും ബാക്കിയാവാതിരിക്കാൻ അവൾ വല്ലാതെ പണിപ്പെട്ടു.
പക്ഷെ എന്നിട്ടും അവൾ സന്തോഷവതി യായിരുന്നില്ല.

ഇന്നു നമുക്കൊരുമിച്ച് പുറത്ത് പോകാമെന്നയാൾ പറഞ്ഞപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെയവൾ തുള്ളിച്ചാടി.
അയാൾക്കിഷ്ടമുള്ള കറുപ്പും ചുവപ്പും കലർന്ന ചുരിദാറിൽ അയാളുടെ കൈ കോർത്തു പിടിച്ച് നഗരത്തിലെ തിരക്കിലൂടെ അലഞ്ഞ് നടക്കാൻ അവൾ കൊതിച്ചു.
ഐസ്ക്രീം പാർലറിലിരുന്ന് ആരും കാണാതെ അയാൾക്കൊരു സ്പൂൺ നീട്ടണമെന്ന് അവളാഗ്രഹിച്ചു.
പക്ഷെ, കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അരുൺ അവളെ കൊണ്ടുപോയത് ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തേക്കായിരുന്നു.

കുടുംബത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഡോക്ടർ പറഞ്ഞത് മുഴുവൻ നിസംഗതയോടെ അവൾ കേട്ടിരുന്നു.
തന്റെ ഉള്ളിൽ മുളയ്ക്കുന്ന കഥ കുഞ്ഞുങ്ങളെക്കുറിച്ച് അവൾ ഡോക്ടറോട് മിണ്ടിയതേയില്ല…..

ആ ഡോക്ടർക്ക് ഒരു ബഫൂണിന്റെ ഛായയുണ്ടെന്നവൾക്ക് തോന്നി. അയാളെഴുതിക്കൊടുത്ത മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
നീല കണ്ണുകളുള്ള ഒരു പെൺകുട്ടി വിഷാദം നിറഞ്ഞ ചിരിയോടെ അവളുടെയുള്ളിൽ കയറിക്കൂടി.
മരുന്നുകൾ എറിഞ്ഞു കളഞ്ഞ കുറ്റിക്കാട്ടിലേക്ക് ആ നീലക്കണ്ണുകാരിയെ കൂടി അഞ്ജലി പറിച്ചെറിഞ്ഞു.

അവളുടെ ഗർഭപാത്രത്തിന് നൊന്തു. കണ്ണുകളിലൂടെ രക്തമൊഴുകി.
അവൾ ആദ്യത്തെ ഗർഭഛിദ്രം നടത്തി…
പിന്നെ ഒരുപാട്.
ട്യൂൺ ചെയ്ത പാവയെപ്പോലെ ദിനചര്യകൾ അവർത്തിക്കപ്പെട്ടപ്പോൾ ഒരു മരവിപ്പോടെ അവൾ തിരിച്ചറിഞ്ഞു താനൊരു അമ്മയാകാൻ പോകുന്നുവെന്ന്.
അരുണിന് അവൾ ഒന്നു ടെക്സ്റ്റ് ചെയ്തതേയുള്ളു.
ജോലിക്കിടയിൽ ഫോൺ ചെയ്യുന്നത് അയാൾക്കിഷ്ടമല്ലായിരുന്നു.
ഉടനടി അയാൾ പാഞ്ഞു വന്നു.
സന്തോഷത്തിന്റെ പ്രതീകമായി ഒരുപാട് സ്വീറ്റ്‌സിനൊപ്പം അവൾക്കൊരു പൊതി കൂടി കൊടുത്തു.
ഒരു തരം മരവിപ്പോടെയാണ് അവളാ പൊതി തുറന്നത്.

“അഞ്ജലിയുടെ കഥകൾ'”
ചെറുകഥാ സമാഹാരം…
ആർത്തലച്ചു പെയ്തുകൊണ്ട് അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്നു.
“അഞ്ജലിയുടെ കഥകൾ'”,
അവളാ പുസ്തകത്താളുകളിലുടെ ഒരുന്മാദിനിയൊപ്പൊലെ സഞ്ചരിച്ചു.
ആദ്യ കഥ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ
” നീലക്കൊടുവേലി പൂത്തപ്പോൾ”

നിറകണ്ണുകളോടെ അയാൾ അവളെ ആലിംഗനം ചെയ്തു.
ആ സ്നേഹത്തിൽ അവളുടെ ഹൃദയത്തിൽ പുതിയൊരു കഥയ്ക്കരങ്ങൊരുങ്ങി.
കഥയുടെ പേരു് അവളുടെ കാതിൽ
മുഴങ്ങി
“ചാവരു കാവിലെ ഭുതത്താന്മാർ”

ഒടുവിൽ അരുൺ അഞ്ജലിയുടെ ഹൃദയത്തുടുപ്പറിഞ്ഞു.
തുറന്ന മനസ്സോടെ അവൾക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങൾ ചെയ്യുമെന്നു വാഗ്ദാനം നൽകി നെറുകയിൽ ചുംബിച്ചു.
പാരതന്ത്രത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു സ്വതന്ത്രയായ ഒരു എഴുത്തുകാരിയുടെ
പിറവി …അല്ല അഞ്ജലി എന്ന എഴുത്തുകാരിയുടെ പുനർജന്മം.

ഗോപൻ ചിതറ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments