Sunday, May 19, 2024
Homeകായികംലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത; 98 റണ്‍സിന്റെ ആധികാരിക ജയം.

ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത; 98 റണ്‍സിന്റെ ആധികാരിക ജയം.

ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അവരുടെ ഹോം ഗ്രൗണ്ടില്‍ ആധികാരിക ജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട് ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 137 റണ്‍സിനിടെ എല്ലാവരും പുറത്തായി. ഇതോടെ കൊല്‍ക്കത്തയ്ക്ക് 98 റണ്‍സിന്റെ ഉജ്ജ്വല ജയം.

ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഏറ്റവും വലിയ സ്‌കോറാണിത്. ലഖ്നൗവില്‍ 200-നുമേല്‍ റണ്‍സ് പിറക്കുന്നതും ഇതാദ്യം. ഓപ്പണര്‍ സുനില്‍ നരെയ്ന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 39 പന്തില്‍ ഏഴ് സിക്സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 81 റണ്‍സ് നേടി. ബൗളിങ്ങില്‍ മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്തയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. ഫില്‍ സാള്‍ട്ട് (14 പന്തില്‍ 32), രമണ്‍ദീപ് സിങ് (ആറു പന്തില്‍ 25*), അംഗ്രിഷ് രഘുവന്‍ശി (26 പന്തില്‍ 32), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (15 പന്തില്‍ 23) എന്നിവരും കൊല്‍ക്കത്തയ്ക്കായി തിളങ്ങി.

നരെയ്നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അഞ്ചാം ഓവറില്‍ നവീനുല്‍ ഹഖിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടാണ് ആദ്യം പുറത്തായത്. ഒന്‍പതാം ഓവറില്‍ ടീം സ്‌കോര്‍ നൂറും പത്താം ഓവറില്‍ നരെയ്ന്റെ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയായി. 27 പന്തിലാണ് ഫിഫ്റ്റി പിറന്നത്. 12-ാം ഓവറിലെ അവസാന പന്തില്‍ രവി ബിഷ്ണോയിയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് നരെയ്ന്‍ വീണത്. ബൗണ്ടറിക്കടുത്തുവെച്ച് ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുക്കുകയായിരുന്നു.

ആന്ദ്രെ റസല്‍ (12), റിങ്കു സിങ് (16) എന്നിവര്‍ നിറംമങ്ങി. 18-ാം ഓവറില്‍ 200 കടന്ന ടീം പിന്നീടുള്ള രണ്ടോവറുകളില്‍ 35 റണ്‍സെടുത്തു. അവസാനത്തില്‍ രമണ്‍ദീപ് നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 235-ലെത്തിച്ചത്. ആറ് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 25 റണ്‍സാണ് അടിച്ചെടുത്തത്. ലഖ്നൗവിനായി നവീനുല്‍ ഹഖ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്ണോയ്, യഷ് താക്കൂര്‍, യുധ്വിര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, 16.1 ഓവറില്‍ 137 റണ്‍സിനിടെത്തന്നെ എല്ലാവരും പുറത്തായി. രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി (9) പുറത്തായെങ്കിലും പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് നേടി. ടീം സ്‌കോര്‍ 70-ല്‍ നില്‍ക്കേ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (21 പന്തില്‍ 25) മടങ്ങി.ആദ്യ പത്തോവറില്‍ത്തന്നെ നാല് വിക്കറ്റുകള്‍ വീണതോടെ ലഖ്‌നൗവിന്റെ നില പരുങ്ങലിലായി. മാര്‍ക്കസ് സ്റ്റോയിനിസ് (21 പന്തില്‍ 36) ആണ് ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (25), നിക്കോളാസ് പുരാന്‍ (10), ആയുഷ് ബദോനി (15), ആഷ്ടണ്‍ ടേണര്‍ (16) എന്നിവരും രണ്ടക്കം കടന്നു.
3.1 ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് നേടിയത്. മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തിയും അത്രതന്നെ വിക്കറ്റുകള്‍ നേടി. രണ്ടോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ റസലും തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments