Saturday, July 27, 2024
Homeകായികംക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സാം കറന്‍; സഞ്ജുവിനും സംഘത്തിനും തുടര്‍ച്ചയായ നാലാം തോല്‍വി.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സാം കറന്‍; സഞ്ജുവിനും സംഘത്തിനും തുടര്‍ച്ചയായ നാലാം തോല്‍വി.

ഗുവാഹാട്ടി: മുന്‍നിര പതറിയപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്നുനയിച്ച ക്യാപ്റ്റന്‍ സാം കറന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ഒരു ഘട്ടത്തില്‍ നാലിന് 48 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ രക്ഷിച്ചത് 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്ന സാം കറന്റെ ഇന്നിങ്‌സാണ്.145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (6) ബോള്‍ട്ട് പുറത്താക്കി. പിന്നാലെ അഞ്ചാം ഓവറില്‍ അപകടകാരികളായ റൈലി റൂസ്സോയേയും (13 പന്തില്‍ 22), ശശാങ്ക് സിങ്ങിനെയും (0) പുറത്താക്കി ആവേശ് ഖാന്‍ മത്സരം ആവേശകരമാക്കി. റണ്‍സെടുക്കാന്‍ പാടുപെട്ട ജോണി ബെയര്‍സ്‌റ്റോ കൂടി പുറത്തായതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.

എന്നാല്‍ പിന്നീടായിരുന്നു മത്സരത്തിന്റെ ഗതിമാറ്റിയ ക്യാപ്റ്റന്‍ സാം കറന്‍ – ജിതേഷ് ശര്‍മ കൂട്ടുകെട്ടിന്റെ പിറവി. അഞ്ചാം ഓവറില്‍ ഒന്നിച്ച ഇരുവരും 63 റണ്‍സ് ചേര്‍ത്തതോടെ മത്സരം പഞ്ചാബിന്റെ വരുതിയിലായി.പിന്നാലെ 16-ാം ഓവറില്‍ യുസ്‌വേന്ദ്ര ചെഹലിനെ കൊണ്ടുവന്ന സഞ്ജു, ജിതേഷിനെ വീഴ്ത്തി. 20 പന്തില്‍ രണ്ട് സിക്‌സടക്കം 22 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ അശുതോഷ് ശര്‍മയെ (11 പന്തില്‍ 17) കൂട്ടുപിടിച്ച് കറന്‍ ടീമിനെ വിജയത്തിലെത്തിച്ചു.
രാജസ്ഥാനായി ആവേശ് ഖാനും ചെഹലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 144 റണ്‍സ് മാത്രമായിരുന്നു.

ജോസ് ബട്ട്ലറുടെ അഭാവത്തില്‍ മുന്‍നിര കളിമറന്നപ്പോള്‍ ലോക്കല്‍ ബോയ് റിയാന്‍ പരാഗിന്റെ ഇന്നിങ്സാണ് രാജസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 48 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.യശസ്വി ജയ്സ്വാള്‍ (4) പതിവുപോലെ നിരാശപ്പെടുത്തിയപ്പോള്‍ ബട്ട്ലര്‍ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ടോം കോഹ്ലര്‍ കാഡ്മോറിന് 23 പന്തില്‍ നേടാനായത് 18 റണ്‍സ് മാത്രം. ക്യാപ്റ്റന്‍ സഞ്ജു സാംസണും (18) നിരാശപ്പെടുത്തിയപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച പരാഗ് – ആര്‍. അശ്വിന്‍ സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.19 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത അശ്വിനെ മടക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഒരിക്കല്‍ക്കൂടി ധ്രുവ് ജുറെലും (0) പരാജയമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറനു മുന്നില്‍ ജുറെല്‍ വീണു. റോവ്മാന്‍ പവലും (4), ഇംപാക്റ്റ് പ്ലെയര്‍ ഡൊണോവാന്‍ ഫെരെയ്രയും (7) നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ സ്‌കോര്‍ 144-ല്‍ ഒതുങ്ങി.

പഞ്ചാബിനായി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments