Tuesday, May 21, 2024
HomeUS Newsഎന്താണ് നോമ്പ് (ലേഖനം) ✍ജസിയഷാജഹാൻ.

എന്താണ് നോമ്പ് (ലേഖനം) ✍ജസിയഷാജഹാൻ.

ജസിയഷാജഹാൻ

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേത് ആണ് നോമ്പ്. ഒരു വസ്തുവിനെ വെടിഞ്ഞു നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്ന് അർത്ഥമാക്കുന്ന സ്വൗം എന്ന അറബി പദത്തിൽ നിന്നാണ് വ്രതം ഉപവാസം, നോമ്പ് എന്നൊക്കെ നാം പറയുന്ന
ഭാഷാർഥം ഉത്ഭവിച്ചത്.

ചാന്ദ്ര വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ ആണ് നിർബ്ബന്ധ വ്രതത്തിന് നിശ്ചയിക്കപ്പെട്ടത്.ഇസ്ലാമിൻ്റെ വ്രതത്തിന് കൃത്യമായ ലക്ഷ്യവും നിയതമായ രൂപവുമുണ്ട്. പ്രഭാത നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ സൂര്യാസ്തമയം വരെയുള്ള സമയം ആഹാര പാനീയങ്ങൾ ഉൾപ്പെടെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സ്വയം അല്ലാഹുവിൽ സമർപ്പിച്ച് പ്രാർത്ഥനകളിൽ മുഴുകി ,നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ചിന്തകളെ വളർത്തി കൂട്ടമായി നോമ്പ് നോറ്റ് ഏക ചിന്തകളിൽ ഖുർആൻ പാരായണവും നമസ്കാരവും ഒക്കെയായി ആത്മബോധത്തിൽ ലയിച്ച് പാപങ്ങളെല്ലാം കഴുകി കളഞ്ഞ് ആത്മശുദ്ധി കൈവരിക്കുക. ഈ ദിനങ്ങളിൽ ദാനധർമ്മങ്ങളിൽ ഏർപ്പെടുക. നന്മകൾ ചെയ്യാനും ശുദ്ധീകരിക്കാനും മാത്രം ഉപയോഗിക്കുക.

ഈ ദിവസങ്ങളിൽ ദുഷിച്ച ചിന്തകളോ, ചീത്ത പ്രവർത്തികളോ, ഒന്നും തന്നെ പാടില്ല .ഭാര്യ ഭർതൃ ബന്ധം പാടില്ല. നോമ്പ് ജീവിതത്തിൽ വന്നുപോയ പാപങ്ങൾക്കും തെറ്റുകൾക്കുമുള്ള പ്രായശ്ചിത്തമായി കണക്കാക്കപ്പെടുന്നു. അതുവഴി മനുഷ്യർ ക്ഷമാശീലരും ആത്മവിശ്വാസം ഉള്ളവരും ദുഷ്ചിന്തകൾ വെടിഞ്ഞു പ്രപഞ്ചത്തിനും അള്ളാഹുവിനും വേണ്ടി സമർപ്പണമായി ,പുണ്യവുംആത്മശുദ്ധിയും നേടിയവരായി പുനർജനി തേടുന്നു. ഓരോ നോമ്പുകാലവും വെണ്മയുടേതും പരിശുദ്ധിയുടേതും മാത്രമായി ഹൃദയത്തിൽ ഊന്നി വിശ്വാസികൾ മുഴുവൻ സമയവും ശരീര ശുചിത്വവും ഹൃദയ ശുചിത്വവും പാലിച്ച് മറ്റെല്ലാ സുഖഭോഗങ്ങളും വെടിഞ്ഞ് ആത്മനിയന്ത്രണത്തിൽ അതിജീവനം നേടുന്നു.

ഒരിക്കലും ഇതൊരു ചെറിയ കാര്യമല്ല. ഇനി ആരോഗ്യപരമായി പറയുകയാണെങ്കിൽ ഈ ഉപവാസ കാലം ഒരുപാട് ശാരീരിക ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകൾ കുറക്കുന്നു. നമ്മുടെ ശരീരത്തിലെ ഒരു വിധമുള്ള വിഷമാലിന്യങ്ങളെയെല്ലാം പുറന്തള്ളുന്നു. തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ കൊഴുപ്പു പരമാവധി ഈ ഉപവാസ കാലത്ത്ഉ പയോഗിച്ചു തീർക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ്മെച്ചപ്പെടുത്തുന്നു. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പഴയ കാലത്തൊക്കെയാണെങ്കിൽ നോമ്പു തുടങ്ങുന്നതിന് ഒരു മാസം മുമ്പേതന്നെ ഓരോ വീടുകളും ഒരുങ്ങി തുടങ്ങും. പ്രധാനമായും മുറികളെല്ലാം തേച്ചു കഴുകി വൃത്തിയാക്കി നോമ്പിനെ വരവേൽക്കാൻ പൂർണ്ണമായും ശുദ്ധതവരുത്തുന്നു . അതോടൊപ്പം മാനസികമായി വീട്ടിലെ മുഴുവൻ അംഗങ്ങളും തയ്യാറെടുപ്പ് നടത്തുന്നു. വെളുപ്പിനെയുള്ള ഒരുമിച്ചിരുന്ന ഇടയത്താഴം കഴിപ്പും നമസ്കാരവും പ്രാർഥനയും നോമ്പുതുറ വരെയുള്ള ഖുർആൻ പാരായണവും നമസ്കാരവും നോമ്പുതുറക്ക് തൊട്ടു മുന്നേയുള്ള അടുക്കളയിലെ പലഹാരങ്ങൾഉണ്ടാക്കലും ഈന്തപ്പഴവും, കാരയ്ക്കയും ഉപയോഗിച്ചുള്ള നോമ്പ് തുറയും കൂട്ട പ്രാർഥനയും ഒക്കെ നഷ്ടമായ കൂട്ടുകുടുംബങ്ങളിലെ മധുരമുള്ള ഓർമ്മകൾ കൂടിയാണ്. പരസ്പരം ബന്ധുവീടുകളിൽ നോമ്പ് തുറക്ക് വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഒരുക്കി സൽക്കരിക്കുക അന്നൊക്കെ ഒരു പതിവാണ്.

ജാതിമതഭേദമന്യേ അന്നും ഇന്നും കോളേജ് ഹോസ്റ്റലുകളിലും മറ്റ് ജോലി സ്ഥാപനങ്ങളിലുമൊക്കെ ഒരുമിച്ചുള്ള നോമ്പ് എടുക്കലും നോമ്പ് തുറയും പതിവാണ്. അതുവഴി ഒരുമയും ഐക്യവും സാഹോദര്യ സുഹൃത്ത് ബന്ധങ്ങൾക്ക് ഉറപ്പും ശക്തിയും സ്വാധീനവും ചൈതന്യവും കൂടുതൽ സ്വായത്തമാകുന്നു.

നോമ്പ് തുറക്ക് വിഭവങ്ങൾ ഒരുക്കുന്നത്എല്ലായിടത്തും ഒരേപോലെ ഒരു ആഘോഷം കൂടിയാണ്. ഫ്രൂട്ട്സുകളും വെള്ളവും, ജ്യൂസുകളും ധാരാളം ഈ സമയത്ത്ഉ പയോഗിക്കുക. നല്ലചൂടുസമയമായതിനാൽ ജലത്തിന് തന്നെ ഏറ്റവും പ്രാധാന്യം. സ്ത്രീകൾ യൂറിനറി ഇൻഫെക്ഷൻ വരാതെ പ്രത്യേകം സൂക്ഷിക്കുക. രോഗികളേയും പ്രായമായവരേയും നോമ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അങ്ങനെ ഓരോ വ്രതകാലവും ശരീരേച്ഛകളുടെ അടിപ്പെടലുകളിൽ നിന്ന് മനുഷ്യരെ സ്വയം നിയന്ത്രണവിധേയമാക്കാനും, വൈകാരിക ശക്തികളെ ക്രമീകരിക്കാ
നും,ശാന്തത അനുഭവിക്കാനും ,പാവപ്പെട്ടവരുടെ ഒരു നേരത്തെ അന്നത്തിൻ്റെ, വിശപ്പിന്റെ, വില അറിയാനും ഉതകുന്നതാകട്ടെ എന്ന് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം..ആഗ്രഹിക്കാം.. എല്ലാ വിശ്വാസികൾക്കും റമദാൻ കരീം .

നന്മകളോടെ..

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments