തിരുവിതാംകൂർ പ്രദേശത്തെ കാർഷിക സംസ്കൃതിയുടെ വിളപ്പെടുപ്പു കാലങ്ങളുടെ ആഘോഷമാണ് കുംഭം – മീനം മാസങ്ങളിൽ നടക്കുന്ന മുടിപ്പുര ഉത്സവങ്ങൾ. അന്നത്തെ മുടിപ്പുരകൾ അമ്മ ദൈവത്തി (ഭഗവതി / ദേവി) നുള്ള ആരാധനാസ്ഥാനങ്ങളായിരുന്നു.
മകരം 28 നു ഭൂമി ദേവി ഋതു ആകുന്നുവെന്നാണ് സങ്കല്പം പണ്ടുകാലം മുതൽക്കേ കർഷകർക്കിടയിൽ ഉണ്ടായിരുന്നു. ഈ ദിവസം ഉച്ചാര അഥവാ ഉച്ചാരൽ എന്നു അറിയപ്പെടുന്നു. മൂന്നു ദിവസം മണ്ണിൽ പണിയെടുക്കുകയോ മറ്റുമില്ല. തുടർന്ന് കുംഭം ഒന്നിനു ഭൂമി ദേവിയുടെ ചതുർത്ഥ സ്നാനം കഴിയുന്നതോടുകൂടി തിരുവിതാംകൂറിലെ മുടിപ്പുര ഉത്സവങ്ങൾ ആരംഭിക്കുന്നു.
താന്ത്രിക വിധി പ്രകാരം ധ്വജാദി, ആങ്കുരാദി, പടഹാദി എന്നിങ്ങനെ ഒക്കെ ഉത്സവാദികൾ പറയുന്നുണ്ടെങ്കിലും ഇതിനൊക്കെ മുമ്പ് തന്നെ ആട്ടവും പാട്ടും കലർന്ന ഉത്സവങ്ങൾ പഴയ നാഞ്ചിനാട്ടിലും തെക്കൻ തിരുവിതാംകൂറിലും സർവ്വ സാധാരണമായിരുന്നു, വടക്കൻ കേരളത്തിലും വിഭിന്നമല്ല. എന്നാൽ തെക്കൻ കേരളത്തിൽ നടത്തപ്പെടുന്ന ആചാരാനുഷ്ഠാനങ്ങൾ അല്ല വടക്കൻ കേരളത്തിൽ നിലവിലുണ്ടായിരുന്നത്.
തെക്കൻ തിരുവിതാംകൂർ പ്രദേശങ്ങളിൽ, കൊയ്ത്തു കഴിഞ്ഞ പാടത്ത് കുംഭം – മീനം മാസങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ മുടിപ്പുരകൾ നിർമ്മിച്ച് ദേവി ആരാധന നടത്തി വന്നിരുന്നു. വയലിൽ പച്ചപ്പന്തൽ കെട്ടി നിർമ്മിക്കുന്ന താൽക്കാലിക ആരാധന കേന്ദ്രങ്ങൾ ആയിരുന്നു അക്കാലത്ത് മുടിപ്പുരകൾ എന്നറിയപ്പെട്ടിരുന്നത്. പ്രധാനമായും ഭദ്രകാളിയെയാണ് മുടിപ്പുരകളിൽ ആരാധിച്ചിരുന്നത്. മുടിപ്പുരകളിൽ ശിലാ വിഗ്രഹങ്ങളോ ലോഹ വിഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. പ്രധാനമായും വരിക്ക പ്ലാവിന്റെ തടിയിൽ നിർമ്മിച്ച തിരുമുടികളാണ് അവിടെ ആരാധിച്ചിരുന്നത്. മുടിപ്പുരകളിലെ പൂജ ചെയ്യ്തിരുന്നത് അബ്രാഹ്മണരാണ് എന്നതും ശ്രദ്ധേയമാണ്.
മുടിപ്പുരയിലെ ഉത്സവങ്ങൾ ആ നാടിന്റെ തന്നെ ഒത്തുചേരൽ ആയിരുന്നു. ഇന്ന് മുടിപ്പുരകൾ പലതും ക്ഷേത്രങ്ങൾ എന്നു അറിയപ്പെടുന്നുണ്ടെകിലും അവിടുത്തെ ഉത്സവാദി ആചാരങ്ങൾ മിക്കയിടത്തും പഴയതുപോലെ തന്നെയാണ്. ഇതുപോലെ ഒരു ഉത്സവ മാമാങ്കത്തിനു തന്നെയാണ് തലസ്ഥാനവും തയ്യാറെടുക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം പഴയ മുടിപ്പുരയായിരുന്നു. ഭഗവതിയുടെ മൂലബിംബം ദാരു നിർമ്മിതമാണ്. കാലത്ത് അവിടെ സ്ഥിരം ക്ഷേത്രം നിർമ്മിക്കപ്പെടുകയും തുടർന്ന് മുടിപ്പുര സമ്പ്രദായത്തിൽ നിന്നും താന്ത്രിക സമ്പ്രദായത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ ദാരിവിഗ്രഹത്തെ സ്വർണ്ണ ഗോളകത്താൽ പൊതിഞ്ഞ് സൗമ്യ സ്വരൂപിണി ഭാവത്തിലേക്ക് മാറ്റപ്പെട്ടു. ബ്രാഹ്മണ പൂജാരിമാരാണ് ഇന്ന് ആറ്റുകാലിൽ താന്ത്രിക സ്ഥാനം വഹിക്കുന്നത്. മുടിപ്പുര സമ്പ്രദായത്തിൽ നിന്നും മാറ്റങ്ങൾ വരുത്തിയെങ്കിലും തോറ്റംപാട്ട് അഥവാ ഭദ്രകാളി പാട്ട് പാടി കുടിയിരുത്തുന്ന ചടങ്ങുകൾ ഇന്നും ക്ഷേത്രത്തിൽ തുടർന്ന് വരുന്നു.
ഇന്നേ ദിവസം ആറ്റുകാലിൽ തോറ്റം പാട്ടു തുടങ്ങിയിരിക്കുന്നു. ദേവിയെ കാപ്പു കിട്ടി കുടിയിരുത്തി…
ഇനി പത്തു ദിവസം തിരുവനന്തപുരം ഇന്ന് ബൃഹത്തായ മഹാക്ഷേത്രമായി മാറിയ ആ പ്രാചീന മുടിപ്പുരയിലെ ചതുർബാഹു സമന്വിതയായ ഭദ്രകാളിയുടെ നഗരമാണ്.
പച്ച പന്തലിൽ, കുഴി താളത്തിന്റെ അകമ്പടിയിൽ ദേവിയുടെ ബാല്യവും, വിവാഹവും, പ്രതികാരവും ഒക്കെ തോറ്റം പാട്ടിലൂടെ അലയടിച്ചുയരും. ഭക്തലക്ഷങ്ങളുടെ ഉള്ളറിഞ്ഞുള്ള “അമ്മാ” എന്നുള്ള വിളികളും വായ് കുരവകളും മന്ത്ര വിന്യാസം പോലെ നഗരം മുഴുവൻ പ്രകമ്പനം കൊള്ളുന്നു. നാടും നഗരവും കിള്ളിയാറ്റിൻ തീരത്തെ ആറ്റുകാലമ്മയുടെ അപദാനങ്ങൾ വാഴ്തുകയാണ്.
അതേ ഇതാണ് തിരുവന്തോരത്തിൻ്റെ സ്വന്തം ‘ആറ്റുകാലമ്മച്ചിയുടെ ഉത്സവം’.