Monday, May 20, 2024
Homeനാട്ടുവാർത്തചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് 25 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് 25 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു

പത്തനംതിട്ട —ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്.അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്.

ആദ്യഘട്ടത്തില്‍ ഒരു ഫ്‌ളോറില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള രണ്ടു നിലകളാണ് നിര്‍മിക്കുക.

ഗ്രൗണ്ട് ഫ്‌ലോറില്‍ കാഷ്വാലിറ്റി, ഹെല്‍പ്പ് ഡെസ്‌ക്, ഗൈനക്ക് ഓ പി റൂമുകള്‍, പീഡിയാട്രിക് ഒ. പി റൂമുകള്‍, ഡോക്ടേഴ്‌സ് റൂമുകള്‍, നഴ്‌സസ് റെസ്റ്റിംഗ് റൂമുകള്‍, ഫീഡിങ് റൂം, അനസ്‌തേഷ്യ മുറി, ഫാര്‍മസി, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ, പോര്‍ച് സ്റ്റെയര്‍റൂമുകള്‍, ശുചിമുറികള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍, അനസ്‌തേഷ്യ മുറി, സെപ്റ്റിക്ക് ലേബര്‍റൂം, ഡോക്ടേഴ്‌സ് റൂമുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, പോസ്റ്റ് ഓപ്പറേറ്റ് വാര്‍ഡ്, ജനറല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റ് ഐ സി യു, ഗൈനക്ക് ഐസിയു , സെപ്റ്റിക്ക് ഐസിയു, മോഡുലാര്‍ തിയേറ്റര്‍,ഫാര്‍മസി, നഴ്‌സിംഗ് സ്റ്റേഷന്‍,പോസ്റ്റിനേറ്റല്‍ വാര്‍ഡ് വെയിറ്റിംഗ് ഏരിയ, ശുചി മുറികള്‍, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ,സ്റ്റയര്‍ റൂമുകള്‍, തുടങ്ങിയവയാണ് ആദ്യഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവര്‍ത്തികള്‍ കിഫ്ബിയില്‍ നിന്നും തുക ലക്ഷ്യമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ അറിയിച്ചു.

2021ലാണ് ജില്ലയ്ക്ക് ചിറ്റാറില്‍ അമ്മയും കുഞ്ഞും സ്‌പെഷ്യല്‍ ജില്ലാ ആശുപത്രി സര്‍ക്കാര്‍ അനുവദിക്കുന്നത്. പ്രവാസി വ്യവസായി ഡോ. വര്‍ഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി ആശുപത്രി നിര്‍മിക്കുന്നതിനായി ലഭിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ഭൂമി നടപടിക്രമങ്ങള്‍ പാലിച്ച് റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതില്‍ നിയമപരമായ കാലതാമസം ഉണ്ടായി. തുടര്‍ന്ന് മന്ത്രിസഭാ യോഗം ചേര്‍ന്ന് ഭൂമി ആരോഗ്യവകുപ്പിന് നല്‍കുകയായിരുന്നു.

ഏഴു കോടി രൂപയ്ക്ക് ആദ്യഘട്ട നിര്‍മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ച പ്രവര്‍ത്തിയുടെ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ട്രക്ച്ചറല്‍ ഡിസൈന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്ത് കരാര്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു

വാർത്ത –ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments