Monday, February 26, 2024
HomeLiteratureനിഴൽ മേഘങ്ങൾ (കവിത) ✍സിനി അനൂപ്

നിഴൽ മേഘങ്ങൾ (കവിത) ✍സിനി അനൂപ്

സിനി അനൂപ്✍

” ശരിയാണ്,
നിനക്കു മുന്നിൽ എന്റെ
ഇഷ്ടങ്ങളുടെ മഞ്ചാടി ചെപ്പ്
തുറന്നു
തന്നതേയില്ലിതുവരെ ,

നീയെന്ന പകൽക്കിനാവ്
എന്റെ കവിളിൽ ഉമ്മ വച്ചു
തുടുപ്പിച്ച ഉച്ചയുറക്കങ്ങളെ പറ്റി
മിണ്ടിയിട്ടേയില്ലിതുവരെ,

നിനക്കായ് ആർത്തലച്ചു
പെയ്തയെന്റെ മഴരാവുകൾക്ക്
കൂട്ടിരിക്കണമെന്ന്
പറഞ്ഞതേയില്ലിതുവരെ

എപ്പോഴെങ്കിലുമൊക്കെ
ചേർന്നൊഴുകിയൊരേ
കടലാവുമെന്നൊരു കളവെന്റെ
കരളിൽ നിറഞ്ഞു തൂവിയെന്ന്
മെഴിഞ്ഞിട്ടേയില്ലിതുവരെ

എന്നിട്ടും,
നിനക്കേറെ പ്രിയപ്പെട്ടവളിൽ
നിന്ന് വല്ലപ്പോഴും കിട്ടുന്ന
സ്നേഹമെന്ന നാണയത്തുട്ടുകൾ
മാത്രം കാത്തിരിക്കുന്നൊരു
ഭിക്ഷാംദേഹിയായ് മാറിയെന്ന
തിരിച്ചറിവിൽ നിന്നെ വെറുത്തു
പോയതെന്തിനെന്നോർത്ത് ഇപ്പഴും
നെടുവീർപ്പിടാറുണ്ട് ഞാൻ ,

ചില മനുഷ്യർ അങ്ങിനെയാണ്….

തൊട്ടരികിലൊരാൾ
സ്നേഹമുകിലായ്
പെയ്യാനൊരുങ്ങി നിൽക്കുമ്പോഴും
മറ്റെവിടെയെങ്കിലും
പെയ്തുതോരുന്നൊരു മഴ
നനയാനായ് കാത്തു നിൽക്കുന്ന
അറിവില്ലാ പൈതങ്ങൾ❤️ ”

സിനി അനൂപ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments