Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 13 | വ്യാഴം ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 13 | വ്യാഴം ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കാണുന്നതിനും അപ്പുറം വിശ്വസിക്കാൻ ആകണം

കാണുന്നതെല്ലാം വിശ്വസിക്കാൻ കഴിയണമെന്നില്ല. പക്ഷെ, കാണാത്ത പലതും വിശ്വസിക്കേണ്ട വരും. ചില കാര്യങ്ങൾ, ചിലപ്പോൾ, കണ്ണും പൂട്ടി വിശ്വസിക്കേണ്ടി വന്നേക്കാം. കണ്ണു തുറന്നിരിക്കുമ്പോൾ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത പല കാര്യങ്ങളും കണ്ണടച്ചിരിക്കുമ്പോഴാണ് നമുക്കു പിടി കിട്ടുക.

നേരിൽ കാണുന്നതിനെയെല്ലാം വിശ്വസിക്കുന്നവരും, നേരിട്ടു കാണുന്നവയെ മാത്രം വിശ്വസിക്കുന്നവരും, ഉൾക്കാഴ്ചയെ നിഷേധിക്കുന്നവർ ആണ് . കാണുന്ന കാഴ്ചകളിൽ എത്രയെണ്ണം അർധസത്യങ്ങളും, അസത്യങ്ങളുമായിരിക്കും? എല്ലാം വേർതിരിച്ചു കാണാൻ, കണ്ണിന് ആകണമെന്നില്ല. മനസ്സിനു മാത്രമേ, അതിന് ആകയുള്ളൂ. കണ്ണു കാണുന്ന കാഴ്ചകളല്ല, മനസ്സു കാണുന്ന കാഴ്ചകളാണ് യാഥാർത്ഥ്യം. അവയ്ക്കു മാത്രമേ, ഒരുവനെ പ്രചോദിപ്പിക്കാനുമാകൂ.

എല്ലാവരേയും അവിശ്വസിച്ച്, എങ്ങനെയാണു ജീവിക്കാൻ ആകുക? ആദ്യമായി കാണുന്നവരേപ്പോലും, ചിലപ്പോൾ, കണ്ണടച്ചു വിശ്വസിക്കേണ്ടി വരും. എന്നും കാണുന്നവരുടെ മുൻവിധികളോ, തെറ്റായ ധാരണകളോ, അപരിചിതർക്ക് ഉണ്ടാകണമെന്നില്ല. ഒരാളെ വിശ്വസിക്കുക എന്നതാകും, നമുക്ക് ആയാൾക്കു നൽകാനാകുന്ന ഏറ്റവും വലിയ ആദരം. ഒരാളുടെ വിശ്വാസം നേടിയെടുക്കാനാകുക എന്നതാകും അയാളിൽ നിന്നും നമുക്കു ലഭിക്കാനാകുന്ന ഏറ്റവും വലിയ ബഹുമാനം.

ചില സമയത്ത് രണ്ടും കല്പിച്ചു വിശ്വസിക്കയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്നു വരാം. എന്നാൽ, വിശ്വാസം ഉടലെടുക്കണമെങ്കിൽ സ്നേഹം ഉരുവാകണം. അത് കാണപ്പെടുന്നവൻ്റെ ഭംഗിയിലും ശേഷിയിലുമല്ല, കാണുന്നവൻ്റെ മനോഭാവത്തിലും, കാഴ്ചപ്പാടിലും ആണ് അടിസ്ഥാനപ്പെട്ടിരിക്കുക. ഒരാൾ, മറ്റൊരാളെ വിശ്വസിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ആ വിശ്വാസം ശരിയാണെന്നു തെളിയിക്കേണ്ടത് അപരൻ്റ ഉത്തരവാദിത്തമായിരിക്കും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments