Saturday, November 2, 2024
Homeകേരളം2025-26 അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ; നീക്കം വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ.

2025-26 അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ; നീക്കം വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ.

ന്യൂഡൽഹി: 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി പറഞ്ഞു.

വിദ്യാർഥികളിലെ അക്കാദമിക് സമ്മർദം കുറയ്ക്കുകയെന്നതാണ് 2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെഭാഗമാണ് ഇരട്ടവാർഷിക പരീക്ഷ. ആദ്യ വാർഷികപരീക്ഷയിൽ മികച്ചപ്രകടനം നടത്താനാകാത്തവർക്ക് അടുത്ത പരീക്ഷയിൽ പങ്കെടുക്കാം. ആദ്യപരീക്ഷയിൽ നല്ലമാർക്ക്‌ നേടിയ കുട്ടി അടുത്തപരീക്ഷയ്ക്ക് എത്തണമെന്നില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് 2025 നവംബർ-ഡിസംബർ മാസങ്ങളിൽ ആദ്യ വാർഷികപരീക്ഷയും 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രണ്ടാമത്തെ പരീക്ഷയും നടക്കും.

രണ്ട് പരീക്ഷകളിലെ മികച്ച മാർക്കായിരിക്കും അന്തിമഫലത്തിനായും മെറിറ്റ് ലിസ്റ്റിനുമായി തിരഞ്ഞെടുക്കുക. 2021-ൽ കോവിഡ് മൂലം സി.ബി.എസ.ഇ. വാർഷികപരീക്ഷകൾ രണ്ട് തവണയായി നടത്തിയിരുന്നു. ഈവർഷം 36 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ. ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

എല്ലാവർഷവും സ്കൂളിൽ 10 ബാഗുരഹിതദിനങ്ങൾ 2024-25 അധ്യയനവർഷത്തിൽ നടപ്പാക്കും. കല, സംസ്കാരം, കായികമുൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുകയാണ് ലക്ഷ്യം.

RELATED ARTICLES

Most Popular

Recent Comments