Tuesday, October 15, 2024
Homeകേരളംഇന്ന് ഗുരുവായൂർ ആനയോട്ടം.

ഇന്ന് ഗുരുവായൂർ ആനയോട്ടം.

ഗുരുവായൂർ ആനയോട്ടം ഫെബ്രുവരി 21 ബുധനാഴ്ച മൂന്നു മണിക്ക്. ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ചുള്ള ഐതിഹ്യം ഇതാണ്. ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല.

അതിനാൽ ഉത്സവാരംഭ ദിവസം കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തിയത്. ഉത്സവത്തിന്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി. സന്ധ്യക്ക് മുമ്പേ എല്ലാ ആനകളും ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ഇന്നും കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തപ്പെടുന്നത്. ഗുരുവായൂരപ്പന്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻറെ സ്മരണ നിലനിർത്താനാണ് ഇന്നും ആനയോട്ടം ഒരു ചടങ്ങായി നടത്തപ്പെടുന്നത് ഇതിനു ഉത്സവത്തോളംതന്നെ പ്രശസ്തി ആർജ്ജിച്ചുകഴിഞ്ഞു.

ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞു കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം . ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി മാതേമ്പാട്ടു നമ്പ്യാർ ആനയ്ക്ക് കഴുത്തിൽ കെട്ടാനുള്ള ചുവന്ന ചരടിൽ കോർത്ത കുടമണികൾ ആനപ്പാപ്പാന്മാർക്കു നൽകുന്നതോടെ ആനയോട്ടം ആരംഭിക്കുകയായി.

ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു മൂന്നു തവണ പ്രദിക്ഷിണം വച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയിയായി പ്രഖ്യാപിക്കപ്പെടുക. ഈ വിജയിക്കുന്ന ആനയാണ് ഉത്സവക്കാലത്തു എഴുന്നെള്ളിപ്പിനു തിടമ്പേറ്റുക. പട്ടയും മറ്റും മറ്റാനകൾ ക്ഷേത്രമതിൽക്കകത്തു ഈ ആനയ്ക്ക് എത്തിച്ചുകൊടുക്കും. പത്തു ദിവസം ഈ വിജയിയായ ആന ക്ഷേത്രമതിൽക്കകത്തുനിന്നും പുറത്തിറങ്ങില്ല. വിജയിക്കുന്ന ഗജവീരനെ മറ്റുള്ള ജോലികൾക്കൊന്നും വിടാറില്ല.

RELATED ARTICLES

Most Popular

Recent Comments