Monday, September 16, 2024
Homeഇന്ത്യകടമെടുപ്പ് പരിധി: ഉപാധിവച്ച് കേന്ദ്രം; തള്ളി കേരളം.

കടമെടുപ്പ് പരിധി: ഉപാധിവച്ച് കേന്ദ്രം; തള്ളി കേരളം.

സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത ഒറിജിനൽ സ്യൂട്ട്‌ സംസ്ഥാനം പിൻവലിച്ചാൽ കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ഉപാധി തള്ളി കേരളം. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ ചോദ്യം ചെയ്‌ത്‌ ഒറിജിനൽ സ്യൂട്ട്‌ നൽകിയത്‌ ന്യായമായ അവകാശത്തിനുവേണ്ടിയാണെന്നും പിൻവലിക്കില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കേസ്‌ പിൻവലിച്ചാൽ 13,600 കോടികൂടി കടമെടുക്കാൻ അനുവദിക്കാമെന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഇതേ തുടർന്ന്‌, കേരളത്തിന്റെ സ്യൂട്ടിലും ഇടക്കാല ആശ്വാസം തേടിയുള്ള ഹർജിയിലും മാർച്ച്‌ 6,7 തീയതികളിൽ വിശദവാദം കേൾക്കാമെന്ന്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തികകാര്യങ്ങളിൽ അനധികൃതമായി കൈകടത്തി കേന്ദ്രസർക്കാർ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ ചോദ്യം ചെയ്‌താണ്‌ ഒറിജിനൽ സ്യൂട്ട്‌ നല്‍കിയത്. 26,000 കോടി അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന പ്രത്യേകഹർജിയും നൽകി. സുപ്രീംകോടതി നിർദേശാനുസരണം വ്യാഴാഴ്‌ച ധനമന്ത്രാലയവുമായി സംസ്ഥാനസർക്കാർ പ്രതിനിധികൾ ചർച്ചകൾ നടത്തി. കൂടുതൽ തുക കടമെടുക്കാനുള്ള അനുമതി നൽകണമെങ്കിൽ കേരളം കേസ്‌ പിൻവലിക്കണമെന്ന നിഷേധാത്മകനിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചതെന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേസ്‌ പിൻവലിച്ചാൽ 13,600 കോടി കടമെടുക്കാൻ അനുവദിക്കാമെന്നാണ്‌ പറയുന്നത്‌. നിലവിലെ മാർഗരേഖ പ്രകാരം കേരളത്തിന്‌ 11,731 കോടികൂടി കടമെടുക്കാൻ കഴിയും. കൂടുതൽ തുക കടമെടുക്കുന്നതിന്‌ കേസ്‌ പിൻവലിക്കണമെന്ന്‌ ഉപാധി വയ്‌ക്കുന്നത്‌ അംഗീകരിക്കാനാകില്ല. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഊർജമേഖലയിലെ ആവശ്യങ്ങൾക്കായി 5000 കോടിവരെ കടമെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്‌. എന്നാൽ, കേസിന്റെ പേരിൽ കേരളത്തിനുമാത്രം അനുമതി നിഷേധിച്ചു–- കപിൽ സിബൽ വ്യക്തമാക്കി.

അതേസമയം, കേന്ദ്രസർക്കാർ നടപടികളെ നിയമപരമായി ചോദ്യം ചെയ്‌തശേഷം കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌ ശരിയല്ലെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ പറഞ്ഞു. മാർഗരേഖകൾക്കും അപ്പുറം കടമെടുക്കാനുള്ള അവകാശമാണ്‌ കേരളം ആവശ്യപ്പെടുന്നത്‌. കേസും ചർച്ചയും ഒന്നിച്ചുപോകില്ല. കൂടുതൽതുക കടമെടുക്കാൻ അനുവദിക്കാമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. പക്ഷേ, അതിനുമുമ്പ്‌ കേസ്‌ പിൻവലിക്കണം–- എഎസ്‌ജി ആവശ്യപ്പെട്ടു.

അഭിഭാഷകർ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായതോടെ കോടതി ഇടപെട്ടു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഈ വിഷയത്തിൽ നികത്താനാകാത്ത അകൽച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്താമെന്ന്‌ കോടതി വ്യക്തമാക്കി. സങ്കീർണമായ സാമ്പത്തികവിഷയമായതിനാൽ കോടതിക്ക്‌ ഇടപെടുന്നതിന്‌ ചില പരിമിതികളുണ്ടെന്നും കൂട്ടിച്ചേർത്തു. ഭരണഘടന അനുസരിച്ചും മാർഗരേഖകൾ അനുസരിച്ചും അർഹിച്ച അവകാശം മാത്രമാണ്‌ കേരളം ചോദിക്കുന്നതെന്ന്‌ കപിൽ സിബൽ ആവർത്തിച്ചു വ്യക്തമാക്കി.

കേരളത്തിന്‌ അർഹതപ്പെട്ടതും തർക്കമില്ലാത്തതുമായ തുക തടഞ്ഞെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാടെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിനു ലഭിക്കാനുള്ള വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന കേന്ദ്രസർക്കാരിന്റെ വാദം ശരിയല്ല. ഹർജി ഇല്ലെങ്കിലും ഉണ്ടെങ്കിലും കേന്ദ്രസർക്കാർ തരേണ്ടതാണ് കേരളം ചോദിക്കുന്നത്‌. ഹർജി പിൻവലിച്ചാലേ അവകാശപ്പെട്ടത്‌ തരികയുള്ളൂ എന്ന നിലപാട്‌ നിലവിൽ തടഞ്ഞുവച്ചിട്ടുണ്ട്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌. ഇത്‌ സംസ്ഥാനത്തെ ജനങ്ങളെ വല്ലാതെ ബാധിക്കും. കേന്ദ്രസർക്കാർ അത്തരത്തിൽ നിലപാട്‌ സ്വീകരിക്കുന്നതു ശരിയല്ല. തരാനുള്ളത്‌ വളരെ വലിയ തുകയാണ്‌. ന്യായമായതുപോലും തരുന്നില്ലെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments