Saturday, July 27, 2024
Homeകേരളംകൊഴിഞ്ഞുപോക്ക്‌ തടയാനാകാതെ നേതൃത്വം ; നോക്കുകുത്തിയായി കെപിസിസി.

കൊഴിഞ്ഞുപോക്ക്‌ തടയാനാകാതെ നേതൃത്വം ; നോക്കുകുത്തിയായി കെപിസിസി.

തിരുവനന്തപുരം: നേതൃത്വവുമായി കലഹിച്ചുള്ള കൊഴിഞ്ഞുപോക്ക്‌ രൂക്ഷമായിട്ടും അവശേഷിക്കുന്ന കോൺഗ്രസുകാരെപ്പോലും സംരക്ഷിച്ചുനിർത്താനാകാതെ കെപിസിസി നേതൃത്വം. രണ്ട്‌ ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരാണ്‌ വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ ബിജെപിയിൽ ചേർന്നത്‌. കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ്‌ പാർടി വിട്ടതെന്ന്‌ ഇവർ നേരത്തേ വ്യക്തമാക്കിയതാണ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തവേളയിലും കൊഴിഞ്ഞുപോക്ക്‌ തടയാനുള്ള ഒരു ശ്രമവും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോ സുധാകരനോ നടത്തുന്നില്ലെന്ന വിമർശം മുതിർന്ന നേതാക്കളുയർത്തുന്നു. പോകുന്നവർ പൊയ്‌ക്കോട്ടെയെന്ന നിലപാട്‌ ഫലത്തിൽ ബിജെപിക്ക്‌ സഹായകമാണ്‌. ബിജെപിയുമായി ബന്ധമാകാമെന്ന്‌ പ്രവർത്തനത്തിലൂടെ തെളിയിച്ചവരാണ്‌ ഇരുവരുമെന്ന യാഥാർഥ്യവും മറ്റുചില നേതാക്കൾ ഓർമിപ്പിക്കുന്നു.

ബിജെപി സ്ഥാനാർഥികളായ, മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, 2021ൽ ധർമടത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥ്‌, 2016ൽ മാവേലിക്കരയിൽ മത്സരിച്ച ബൈജു കലാശാല തുടങ്ങിയവർ അടുത്തകാലത്ത്‌ കോൺഗ്രസ്‌ വിട്ടവരാണ്‌. കെ എസ്‌ രാധാകൃഷ്ണനും അബ്ദുള്ളക്കുട്ടിയും ടോംവടക്കനുമടക്കം കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയവർ വേറെ. താൻ എപ്പോൾ വേണമെങ്കിലും ബിജെപിയിൽ ചേരാമെന്നും ആർഎസ്‌എസ്‌ ശാഖയ്ക്ക്‌ സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും പരസ്യമായി പറഞ്ഞയാളാണ്‌ സുധാകരൻ. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്ക്‌ കൊളുത്തി ആർഎസ്‌എസ്‌ പരിപാടിക്ക്‌ മുഖ്യകാർമികത്വം വഹിച്ച വി ഡി സതീശൻ അവരുടെ കാര്യാലയത്തിൽ പോയി വോട്ട്‌ തേടിയ കാര്യവും രഹസ്യമല്ല.

നേതാക്കളുടെ മറുകണ്ടംചാടൽ തടയാൻ ദേശീയതലത്തിൽ കോൺഗ്രസ്‌ നിയമിച്ച അഞ്ചംഗ സമിതിക്ക്‌ നേതൃത്വം നൽകിയ അജയ്‌ കപൂർതന്നെ ബിജെപിയിൽ ചേർന്നു. വരും ദിവസങ്ങളിൽ ‘പലതും കാണാം’ എന്ന ബിജെപി നേതാക്കളുടെ മുന്നറിയിപ്പ്‌ കോൺഗ്രസിന്റെ ഏതെല്ലാം നേതാക്കളെ ലക്ഷ്യമിട്ടാണെന്ന്‌ മാത്രമേ ഇനി അറിയാനുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ഒരാൾകൂടി ലോക്‌സഭയിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. നിയമസഭയിൽ യുഡിഎഫ്‌ സ്ഥാനാർഥികളായിരുന്ന സി രഘുനാഥ്‌ കണ്ണൂരിലും ബൈജു കലാശാല മാവേലിക്കരയിലും എൻഡിഎ സ്ഥാനാർഥികളാണ്‌. ഇതിനു പിന്നാലെയാണ്‌ ഒരാൾകൂടി ബിജെപിയിലെത്തുന്നത്‌.

പ്രൊഫഷണൽ കോൺഗ്രസിന്റെ ഭാരവാഹികൂടിയായ ഇദ്ദേഹം കൊല്ലം സീറ്റ്‌ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ്‌ നടത്തുന്നത്‌. അടുത്തിടെ ഡൽഹിയിലെത്തിയ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘടനാ കാര്യങ്ങൾ ധരിപ്പിക്കാനാണ്‌ പ്രധാനമന്ത്രിയെ കണ്ടതെന്നാണ്‌ നേതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്‌.

വെള്ളിയാഴ്‌ച പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തുമ്പോൾ ഇദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന അഭ്യൂഹമുണ്ട്‌. കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറുന്ന കാഴ്‌ചയാണ്‌ ഒരാഴ്‌ചയായി സംസ്ഥാനത്ത്‌ കാണുന്നത്‌. വ്യാഴാഴ്‌ചമാത്രം ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ രണ്ടുപേരുൾപ്പെടെ 20 പേരാണ്‌ തലസ്ഥാനത്ത്‌ ബിജെപിയിലെത്തിയത്‌.

കേരളത്തിൽനിന്ന്‌ പ്രധാനപ്പെട്ട കോൺഗ്രസ്‌ നേതാക്കളാരും ബിജെപിയിലേക്ക്‌ പോയിട്ടില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. ബിജെപി കോൺഗ്രസിനെ ചൊറിയാൻ വന്നാൽ ശക്തമായ തിരിച്ചടി കിട്ടുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് പലരെയും കാലുമാറ്റാൻ സിപിഐ എം ശ്രമിച്ചു. പക്ഷേ, ഒന്നും നടന്നില്ല. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും സതീശൻ പറഞ്ഞു.

തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി എം എ രാമകൃഷ്‌ണൻ കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. കോൺഗ്രസിന്റെ അടിത്തറ തകർന്നെന്നും ജനവിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. 28 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാണ്‌. 2010ൽ പുഴയ്‌ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായിരുന്നു. ദളിത്‌ കോൺഗ്രസ്‌ അടാട്ട്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌, അടാട്ട്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. ദളിത്‌ വിഭാഗക്കാരനായ തനിക്ക്‌ കോൺഗ്രസിൽനിന്നുണ്ടായ അവഗണനയുടെയും കയ്‌പേറിയ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ രാജി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നത്‌ സിപിഐ എമ്മാണെന്നും എം എ രാമകൃഷ്‌ണൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments