Saturday, July 27, 2024
Homeകേരളം*ജെസ്ന ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്ന് പിതാവ്.*

*ജെസ്ന ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്ന് പിതാവ്.*

തിരുവനന്തപുരം: ജെസ്ന ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്ന് പിതാവ്. കോടതിയിൽ സമര്‍പ്പിച്ച ഹർജിയിലാണ് പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. സംശയമുള്ള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ തയാറായില്ലെന്നും ജെസ്നയുടെ പിതാവ് പറയുന്നു.

ജെസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. സിബിഐ സംഘം പുറകിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന ആശങ്കയും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രകടിപ്പിക്കുന്നു. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് പറയുന്നു. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയില്‍ സിബിഐ അന്വേഷണം എത്തിയില്ല. സിബിഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെയാണെന്നും ഹർജിയിൽ പറയുന്നു.

ജെസ്ന തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ഈമാസം 19തിന് ഹാജരാകണമെന്നാണ് തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവ്. ജസ്നയുടെ പിതാവിന്റെ ഹരജിയിലാണ് കോടതി നിര്‍ദേശം. സി ബി ഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ഹർജി.

വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരന്‍ കോടതിയില്‍ വാദിച്ചു. വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. ഇതില്‍ വിശദീകരണം നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പു കിട്ടാത്ത കേസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments