Wednesday, April 23, 2025
Homeകേരളംദേവാസുര വാദ്യങ്ങളുമായി സഹോദരൻമാർ

ദേവാസുര വാദ്യങ്ങളുമായി സഹോദരൻമാർ

കോട്ടയ്ക്കൽ.–ചെണ്ട അസുരവാദ്യമാണ്. മദ്ദളം ദേവവാദ്യവും. കഥകളിയരങ്ങിൽ 2 വാദ്യങ്ങളെയും മനോഹരമായി സമന്വയിപ്പിക്കുന്നവരിൽ 2 സഹോദരൻമാരുമുണ്ട്. ,കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും കോട്ടയ്ക്കൽ രവിയും. ഉണ്ണിക്കൃഷ്ണൻ ചെണ്ടയിലും രവി മദ്ദളത്തിലും ഒന്നിച്ചു അരങ്ങുണർത്താൻ തുടങ്ങിയിട്ട് 40 വർഷമായി.
ഇതിനകം എത്ര അരങ്ങുകളിൽ ഒന്നിച്ചുകൂടി എന്നതിന് ഇരുവരുടെയും കയ്യിൽ കൃത്യമായ കണക്കില്ല. കർണശപഥം, നളചരിതം തുടങ്ങിയ ആട്ടക്കഥകളുമായി കേരളത്തിലെ ഒട്ടുമിക്ക അരങ്ങുകളിലും പലതവണ ഇവരെത്തി. കൂടാതെ, 20 വർഷം മുൻപ് ഷേക്സ്പിയർ നാടകം കഥകളിരൂപത്തിൽ അവതരിപ്പിച്ചപ്പോൾ മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിലും സഞ്ചരിച്ചു.

കലാമണ്ഡലം ഗോപി, കീഴ്പടം കുമാരൻനായർ തുടങ്ങിയ പ്രമുഖ നടൻമാരും കൂട്ടത്തിലുണ്ടായിരുന്നു. കഥകളിയിൽ പാട്ടിനൊപ്പം തന്നെ മേളത്തിനും വലിയ പ്രാധാന്യമുണ്ടെന്നു ഇരുവരും പറയുന്നു. പുരുഷകഥാപാത്രങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ചെണ്ട എന്ന വാദ്യോപകരണം.മദ്ദളം സ്ത്രീ, പുരുഷ വേഷങ്ങൾക്കും മറ്റുള്ളവർക്കും ഒരേപോലെ വേണം. കഥകളിയുടെ തുടക്കത്തിൽ ഉണ്ടാകാറുള്ള മേളപ്പദത്തിൽ ഇരുവരും മത്സരവാശിയോടെ പങ്കെടുക്കാറുണ്ട്.
1972ൽ ആണ് ഉണ്ണിക്കൃഷ്ണൻ (66) കലാമണ്ഡലത്തിൽ വിദ്യാർഥിയായി എത്തുന്നത്. 1990ൽ ചെണ്ട വിഭാഗം മേധാവിയായി. 10 വർഷം മുൻപ് പ്രിൻസിപ്പലായി വിരമിച്ചു. കളിയരങ്ങുകൾക്കൊപ്പം തായമ്പകയിലും സജീവമാണ്.

1974ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ് വി നാട്യസംഘത്തിൽ മദ്ദളവിദ്യാർഥിയായി കലാജീവിതം തുടങ്ങിയ രവി (64) 1989 മുതൽ വിഭാഗം മേധാവിയാണ്. 2000 മുതൽ തൃശൂർപൂരത്തിന്റെ ഭാഗമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്ന അദ്ദേഹം കഴിഞ്ഞവർഷം മുതൽ മദ്ദളം പ്രമാണിയുമാണ്.
– – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ