Sunday, February 25, 2024
HomeUS Newsഎൺപതുകളിലെ വസന്തം :- 'മാതു' ✍അവതരണം: ആസിഫ അഫ്രോസ്

എൺപതുകളിലെ വസന്തം :- ‘മാതു’ ✍അവതരണം: ആസിഫ അഫ്രോസ്

അവതരണം: ആസിഫ അഫ്രോസ്✍

❤️മാതു

1980കളിലും 90 കളിലും അസ്ഥിത്വമുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമകളിൽ സജീവമായിരുന്ന നടിയായിരുന്നു മാധവി എന്ന മാതു.
1973ല്‍ ശ്രീ. വെങ്കിട്ട രാമന്റെയും ശ്രീമതി. ശാന്തയുടെയും മകളായി ചെന്നൈയിലാണ് മാതു ജനിച്ചത്.

1977ൽ ഇറങ്ങിയ ‘സനാദി അപ്പന്ന’ എന്ന കന്നട സിനിമയിൽ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച ബാലതാരത്തിനുള്ള കർണാടക സർക്കാരിന്റെ പുരസ്കാരം നേടി.മാതുവിന്റെ സഹോദരി സരളയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

1989 ൽ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ എന്ന സിനിമയിലൂടെയാണ് മാതു മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. നെടുമുടി വേണുവാണ് മാതു എന്ന പേര് നൽകിയത്. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ മാതുവിനെ തേടിയെത്തി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ‘കുട്ടേട്ടൻ’ ആയിരുന്നു അവയിലൊന്ന്.

കുട്ടേട്ടന് ശേഷം പെരുന്തച്ചനിലേക്ക് മാതുവിനെ കാസ്റ്റ് ചെയ്തെങ്കിലും അവസാന നിമിഷത്തിൽ മോനിഷയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് മാതുവിനെ വളരെയേറെ വേദനിപ്പിച്ചു. ഡിപ്രഷനിലായ മാതുവിനെയും കൂട്ടി അമ്മ ‘സഹായമാതാ ‘ പള്ളിയിലേക്ക് പോയി. പ്രാർത്ഥിച്ചു മടങ്ങിയ മാതുവിനെ കാത്തിരുന്നത് ‘അമരം’ എന്ന സിനിമയിലെ ലീഡിങ് റോൾ ആയിരുന്നു.
അന്നുമുതൽ മാതു തികഞ്ഞ ഒരു ക്രിസ്തുമത വിശ്വാസിയായി തീരുകയും മീന എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ഒരുകാലത്ത് മലയാളി പ്രേക്ഷകരെ കണ്ണീർ കുടിപ്പിച്ച അമരം എന്ന സിനിമ മാതുവിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ലായി മാറി. മമ്മൂട്ടിയുടെ മകളുടെ റോളിൽ മാതു മലയാളക്കരയുടെ മുത്തായി തിളങ്ങി.

മോഹൻലാലിനോടൊപ്പം സദയത്തിലും സുരേഷ് ഗോപിയോടൊപ്പം ഏകലവ്യനിലും ജയറാമിനൊപ്പം സന്ദേശത്തിലും ആയുഷ്കാലത്തിലും, മുകേഷിനോടൊപ്പം വാരഫലത്തിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്ത മാതുവിനെ തേടിയെത്തിയത് ഒരു പിടി കാമ്പുള്ള കഥാപാത്രങ്ങൾ ആയിരുന്നു. സവിധം, മലപ്പുറം ഹാജി മഹാനായ ജോജി, നെപ്പോളിയൻ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, രക്തസാക്ഷികൾ സിന്ദാബാദ്, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയവ.

കന്നട, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ അമ്പതോളം സിനിമകളിൽ വേഷമിട്ട മാതുവിന് 1994 ൽ പ്രദക്ഷിണം എന്ന സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിസ് അസോസിയേഷൻ അവാർഡും, 1995ൽ സമുദായം എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് കേരള ഫിലിം അസോസിയേഷൻ അവാർഡും ലഭിച്ചു.

അമരത്തിനുശേഷം 10 വർഷം നല്ല തിരക്ക് തന്നെയായിരുന്നു മാതുവിന്. ഇതിനിടയിൽ പലരോടും പ്രണയം തോന്നിയെങ്കിലും തന്റെ ജീവിതപങ്കാളിയായി ഡോക്ടർ ജേക്കബിനെയാണ് മാതു തിരഞ്ഞെടുത്തത്. വിവാഹശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത് അമേരിക്കയിൽ താമസമാക്കിയെങ്കിലും 2012 ൽ വിവാഹമോചനം നേടി.

ന്യൂയോർക്കിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങുകയും അതിനോടൊപ്പം തന്നെ സൈക്കോളജി പഠിക്കാനും തുടങ്ങിയ മാതു 2018 ൽ വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അൻപളകൻ ജോർജ്ജിനോടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന മാതുവിന് ആറ് മക്കളാണ്. അച്ഛനും അമ്മയും മാതുവിനൊപ്പം അമേരിക്കയിൽ തന്നെയാണ് താമസിക്കുന്നത്.

2019ൽ രാജീവ് നാഥ് സംവിധാനം ചെയ്ത ‘അനിയൻ കുഞ്ഞും തന്നാലായത് ‘ എന്ന സിനിമയിലൂടെ നീണ്ട 18 വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചുവന്ന മാതു, വിവാഹശേഷം അഭിനയം നിർത്തുന്നവർക്ക്‌ നൽകുന്ന ഉപദേശം…
“Never change yourself, You be yourself ” എന്നാണ്. ❤️

അവതരണം: ആസിഫ അഫ്രോസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments